കന്നുകാലികള്‍ക്ക് കുളമ്പുരോഗത്തിനുള്ള വാക്സിന് വിതരണത്തിനുവേണ്ടി കേന്ദ്രസര്‍ക്കാർ ആവിഷ്ക്കരിച്ച പദ്ധതിയിലെ പാളിച്ചകള്‍ കാരണം രാജ്യത്തിന് നഷ്ടമായത് കോടിക്കണക്കിന് രൂപ. 2030ഓടെ രാജ്യത്ത് കന്നുകാലികളിലെ കുളമ്പുരോഗം ഇല്ലാതാക്കാനുള്ള ബൃഹദ് പദ്ധതിയുടെ ഭാഗമായി 2019ല്‍ ബ്രില്ല്യന്റ് ബയോഫാര്‍മ പ്രൈവറ്റ് ലിമിറ്റഡ്, ബയോവെറ്റ്, പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് എന്നീ കമ്പനികളില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ വാക്സിന് വാങ്ങിയത്. 400 കോടി രൂപയാണ് വാക്സിന്റെ വിലയായി സര്‍ക്കാര്‍ നല്‍കിയത്. ഇതിനുപുറമെ വാക്സിന് സൂക്ഷിച്ചുവയ്ക്കുന്നതിനും സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനും ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി 2019–20,2020–21 വര്‍ഷങ്ങളിലായി 1250 കോടി രൂപയോളം കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചു.
എന്നാല്‍ വാക്സിനുകൾക്ക് ആവശ്യമായ ഗുണനിലവാരമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് കമ്പനികളുടെയും വാക്സിന് പിന്‍വലിക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ തീരുമാനിച്ചു. 2020 ഡിസംബര്‍ മാസത്തില്‍ ഈ വിവരം മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും അറിയിക്കുകയും ചെയ്തുവെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിശോധനയ്ക്ക് വളരെയധികം സമയമെടുക്കുന്നതിനാലാണ് ഗുണനിലവാര പരിശോധന പൂര്‍ത്തിയാകുന്നതിന് മുമ്പ് വാക്സിന് വിതരണം ചെയ്തത് എന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ഉന്നതഉദ്യോഗസ്ഥർ നല്കുന്ന മറുപടി. ഇതിന്റെ ഫലമായി സംഭവിച്ച നഷ്ടം കണക്കാക്കിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ കമ്പനികളില്‍ നിന്നുതന്നെ വാക്സിന് വീണ്ടും ലഭ്യമാക്കുമെന്നും അതിനായി പണം നല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതര ചെലവുകളിലൂടെ നഷ്ടപ്പെടുത്തിയ പണത്തെക്കുറിച്ച് അധികൃതര്‍ പ്രതികരിക്കുന്നില്ല.
english summary;The central government has spent crores on substandard vaccine of Foot-and-mouth disease
you may also like this video;