കേന്ദ്ര സർക്കാർ ജനങ്ങളെ ദുരിതത്തിലാക്കുന്നു; ദേശീയ പ്രക്ഷോഭത്തിന് ഇടതുപാർട്ടികളുടെ ആഹ്വാനം

Web Desk

ന്യൂഡൽഹി:

Posted on May 30, 2020, 9:34 pm

രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് സഹായധനം കൈമാറുക, സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഐ ഉൾപ്പെടെയുള്ള ഇടത് പാർട്ടികളുടെ ആഹ്വാനം. കേന്ദ്ര സർക്കാരിന് മേൽ ഇക്കാര്യങ്ങൾ നടപ്പാക്കുന്നതിനായി സമ്മർദ്ദം ചെലുത്തുന്നതിനായുള്ള പ്രതിഷേധം സമ്പർക്ക അകലം പാലിച്ചും മാസ്കുകൾ ധിരിച്ചുമാകണം നടത്തേണ്ടതെന്ന് ഇടതുപാർട്ടികളുടെ ദേശീയ നേതൃത്വം സംയുക്തപ്രസ്താവനയിലൂടെ അറിയിച്ചു.

രാജ്യത്തെ സമ്പദ് വ്യവസ്ഥ തകരുന്നുവെന്ന് ഇടതുപാർട്ടികൾ നിരന്തരം ഉന്നയിച്ചിരുന്ന കാര്യങ്ങൾ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസം നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ മേൽ അമിത സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ തുടരുന്നത്. ഇതിനിടെയാണ് കൊറോണ മഹാമാരിയുടെ വ്യാപനം തുടരുന്നത്. എന്നാൽ ഇത് പരിഹരിക്കുന്നതിന് ഉതകുന്ന വിധത്തിലുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

കൃത്യമായ ആസൂത്രണമില്ലാതെ പൊടുന്നനെ ഏർപ്പെടുത്തിയ ലോക്ഡൗൺ അവാച്യമായ കഷ്ടതകളാണ് രാജ്യത്തെ ജനങ്ങൾക്ക് സമ്മാനിച്ചത്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നു. വീടുകളിലേയ്ക്കുള്ള യാത്രക്കിടെ നിരവധി കുടിയേറ്റ തൊഴിലാളികൾക്ക് വിശപ്പും ക്ഷീണവും കാരണം ജീവൻ നഷ്ടമായി. രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലൗക്ഡൗൺ ലക്ഷ്യം കാണുന്നില്ല. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ കഷ്ടതകൾ ഇല്ലാതാക്കുന്നതിനുള്ള നടപടികളും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാനായുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറകണം.

ആദായ നികുതി പരിധിയിൽ ഉൾപ്പെടാത്ത എല്ലാ കുടംബങ്ങൾക്കും പ്രതിമാസം 7500 രൂപ വീതം ആറ് മാസത്തേയ്ക്ക് നൽകണം. പ്രതിമാസം ഓരോ വ്യക്തിക്കും 10 കിലോ ഗ്രാം ഭക്ഷ്യധാന്യങ്ങൾ ആറ് മാസത്തേയ്ക്ക് സൗജന്യമായി നൽകണം. ലോക്ഡൗണിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങികിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സൗജന്യമായി നാട്ടിൽ തിരികെയെത്തിക്കണം. ഇവർക്ക് സൗജന്യ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കണം. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കണം. ഇവരുടെ വേതനം വർധിപ്പിക്കണണം. പദ്ധതി നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവർക്കുകൂടി ലഭ്യമാക്കണമെന്നും ഇടതുപാർട്ടികൾ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ‑എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ആൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബത്ര ബിശ്വാസ് എന്നിവരാണ് ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.

ENGLISH SUMMARY: The cen­tral gov­ern­ment is mak­ing peo­ple miserable;Left par­ties call for nation­al agi­ta­tion

YOU MAY ALSO LIKE THIS VIDEO