Web Desk

December 07, 2019, 10:32 pm

ജിഎസ്‌ടി സ്ലാബുകൾ ഉയർത്താൻ കേന്ദ്രസർക്കാർ; വരുന്നു വൻവിലക്കയറ്റം

Janayugom Online

ന്യൂഡല്‍ഹി: സാമ്പത്തികമാന്ദ്യത്തെ നേരിടാൻ ചരുക്കുസേവന നികുതി (ജിഎസ്‌ടി) നിരക്കുകൾ ഭീമമായി ഉയര്‍ത്തുന്നതോടെ രാജ്യം അതിഭീമമായ വിലക്കയറ്റത്തിലേയ്ക്ക്. മാന്ദ്യത്തിന്റെ പേരിൽ കോർപ്പറേറ്റുകൾക്കുള്ള നികുതി നിരക്കുകളിൽ ഇളവ് നൽകിയ കേന്ദ്രം സാധാരണക്കാരെ പിഴിഞ്ഞ് നഷ്ടം നികത്തുവാൻ പോകുന്നുവെന്ന് ഉറപ്പായി. ജിഎസ്‌‍ടി നിരക്കുകൾ വർധിപ്പിക്കുമെന്ന വാർത്തകൾ നിലനിൽക്കേ ധനമന്ത്രി നിർമ്മല സീതാരാമൻ തന്നെ ഇത് സ്ഥീരികരിച്ചു. നിരക്കുകൾ പരിഷ്കരിക്കുമെന്നും സ്ലാബുകൾ മൂന്നായി ക്രമീകരിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. അടുത്ത ജിഎസ്ടി കൗൺസിൽ യോഗം ഇക്കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ കയ്യിൽ കൂടുതൽ പണം ഉറപ്പാക്കി ഉപഭോഗം വർധിപ്പിക്കുന്നതിന് വ്യക്തിഗത ആദായ നികുതി നിരക്കുകളിൽ ഇളവ് നൽകുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

അഞ്ചുശതമാനമെന്ന നിലവിലുള്ള നികുതി നിരക്ക് എടുത്തുകളയാനും കുറഞ്ഞ നിരക്ക് 9- 10 ശതമാനമായി നിജപ്പെടുത്താനുമാണ് തീരുമാനമെന്നാണ് വിവരം. നിലവില്‍ അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളായാണ് ജിഎസ്‌ടി ഈടാക്കുന്നത്. ഇത് മൂന്നായി മാറും. അഞ്ച്, 12 ശതമാനം നികുതി സ്ലാബുകള്‍ ഇല്ലാതാകും. 12 ശതമാനം സ്ലാബിലുള്ള 243 ഉല്‍പന്നങ്ങള്‍ 18 ശതമാനത്തിലേക്ക് ഉയര്‍ത്തും. ജിഎസ്‌ടിയില്‍ ഉള്‍പ്പെടാത്ത വസ്തുക്കളും നികുതി പരിധിയിൽ കൊണ്ടുവരും. ഇതെല്ലാം ചേരുമ്പോൾ വന്‍ വിലക്കയറ്റത്തിന് വഴിവെക്കുമെന്നാണ് കരുതുന്നത്.
ഭക്ഷ്യവസ്തുക്കള്‍, ചെരുപ്പ്, വസ്ത്രങ്ങള്‍ എന്നീ അവശ്യവസ്തുക്കള്‍ക്കാണ് അഞ്ചുശതമാനം നികുതി ഈടാക്കിവരുന്നത്. ജിഎസ്‌ടി സ്ലാബില്‍ മാറ്റം വരുത്താതെ കേന്ദ്രസര്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
നികുതി വർധനയിലൂടെ ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നികുതി ഈടാക്കാത്ത ഉത്പന്നങ്ങളെലും ജിഎസ്ടിക്കുകീഴില്‍ കൊണ്ടുവരുന്നതിനും ആലോചനയുണ്ട്. ജിഎസ്ടി വരുമാനത്തില്‍ അടുത്തിടെ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്.

ഇതിനിടെ സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട ജിഎസ്‌ടി നഷ്ടപരിഹാരത്തുക കേന്ദ്രം നല്‍കാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉത്പന്നങ്ങളുടെ നികുതി സ്ലാബ് ഉയര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ നീക്കം. ജിഎസ്ടി നടപ്പാക്കി രണ്ടരവര്‍ഷം പിന്നിടുമ്പോഴാണ് നികുതി ഘടന പരിഷ്‌കരിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.
അടുത്ത ജിഎസ്ടി കൗണ്‍സില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യും. ഈ മാസം തന്നെ യോഗം ചേർന്ന് ജനുവരിയിൽ നിരക്കുവർധന നടപ്പിൽ വരുത്താനാണ് തീരുമാനം. ഇന്നലെ ധനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്ര നിര്‍ദ്ദേശം ജിഎസ്‌‍ടി കൗണ്‍സില്‍ അംഗീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. കാരണം നഷ്ടപരിഹാരത്തുക ലഭിക്കാത്തതിനാൽ സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നുണ്ട്.

നിരക്കുകൾ ഉയരുന്നത്
ജിഎസ്‌ടി ഉയർത്തുന്നതോടെ റെസ്റ്റോറന്റ് നിരക്കുകള്‍ ഉയരും. ലോട്ടറി, ഹോട്ടല്‍ മുറി, വിമാന യാത്ര, എസി ട്രെയിന്‍ യാത്ര, പാംഓയില്‍, ഒലീവ് ഓയില്‍, പിസ, ബ്രഡ്, സില്‍ക് നിരക്കുകള്‍ കൂടും. മൊബൈല്‍ ഫോണിനും വില വര്‍ധിക്കാൻ സാധ്യതയുണ്ട്.
നവംബറിലെ ജിഎസ്‌ടി സമാഹരണം 1.03 ലക്ഷം കോടി രൂപയിലേക്ക് കടന്നിരുന്നു. 2018 നവംബറിനെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2018 നവംബര്‍ മാസത്തില്‍ ജിഎസ്‌ടി സമാഹരണത്തില്‍ രേഖപ്പെടുത്തിയത് ഏകദേശം 97,637 കോടി രൂപയായിരുന്നു. എന്നാല്‍ ജിഎസ്‌ടി നടപ്പിലാക്കിയിട്ടും കേന്ദ്രസര്‍ക്കാറിന് പ്രതീക്ഷിച്ച രീതിയില്‍ വരുമാന നേട്ടമുണ്ടാകുന്നില്ലെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം രണ്ടാം പാദത്തില്‍ ജിഡിപിയിൽ ആറര വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പുതിയതായി ജിഎസ്‌ടി ചുമത്തുന്നത്
സ്വകാര്യ ആശുപത്രികളിലെ കൂടിയചികിത്സാ ചെലവുകൾ, ആയിരം രൂപയിൽ താഴെയുള്ള ഹോട്ടൽ മുറികൾ, വിലകൂടിയ വാടക വീടുകൾ, ബ്രാൻഡ് ചെയ്യാത്ത പാൽക്കട്ടി, അസംസ്കൃത സിൽക്ക്, കള്ള് എന്നിവ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരാനാണ് കേന്ദ്ര തീരുമാനം. ഇതിന് പുറമേ നവംബർ അവസാനംനൽകിയ കത്തിന് സംസ്ഥാനങ്ങൾ നൽകുന്ന മറുപടിയിൽ നിർദ്ദേശിക്കുന്ന വസ്തുക്കളും പരിധിയിൽ കൊണ്ടുവരും.