ചൈനീസ് സുരക്ഷാ ഭീഷണി പഠിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

Web Desk

ന്യൂഡൽഹി

Posted on September 15, 2020, 9:24 pm

രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പ്രമുഖരായ പതിനായിരം പേരുടെ വിവരം ചൈനീസ് കമ്പനി ശേഖരിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഭീഷണി പഠിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇതിനായി ചുമതലപ്പെടുത്തി. തന്ത്രപ്രധാന മേഖലയിലുള്ളവരെ നിരന്തരമായി നിരീക്ഷിച്ചത് ഗൗരവമുള്ള വിഷയമാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഇന്ത്യയിലെ പ്രമുഖരെ പിന്തുടർന്ന് ചൈനീസ് കമ്പനി എത്രത്തോളം വിവരങ്ങൾ ശേഖരിച്ചുവെന്നാണ് കേന്ദ്രം പരിശോധിക്കുക. വലിയ അളവിൽ വിവരങ്ങൾ ചോർന്നിട്ടുണ്ടോ? ഇത് ദേശസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ളതാണോ? എന്നിവയെല്ലാമാണ് കേന്ദ്രം പഠിക്കുക. സൈബർ സുരക്ഷ ഏജൻസികളുടെയും മറ്റ് സുരക്ഷ ഏജൻസികളുടെയും സഹായത്തോടെയാകും പഠനം നടത്തുക. ഈ പഠനം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് കൈമാറും.

ഹാർഡ്‌വെയര്‍ നിർമ്മാണ രംഗത്ത് ചൈനക്കുള്ള മേൽക്കൈ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്നതും പഠനത്തിന്റെ ഭാഗമാണ്. ഇത്തരത്തിൽ ഏതെങ്കിലും കമ്പനിയുമായി വിവരങ്ങൾ ചോർത്തിയ ഷെൻഹായ് ഡാറ്റ ടെക്നോളജിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. സ്വദേശിവത്കരണമടക്കം സൈബർ ശുദ്ധീകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും കേന്ദ്രം പഠിക്കും.
രാജ്യ സുരക്ഷയ്ക്ക് കടുത്ത ഭീഷണിക്ക് ഇടയാക്കാൻ സാധ്യതയുള്ളതാണ് കമ്പനി നടത്തിയ നിരീക്ഷണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നീക്കം.
Eng­lish sum­ma­ry: The Cen­tral Gov­ern­ment is ready to study the Chi­nese secu­ri­ty threat
You may also like this video: