കെ പി ശങ്കരദാസ്

February 20, 2020, 5:30 am

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാർ

Janayugom Online

രാജ്യത്തെ സമ്പന്നവർഗ്ഗം അരങ്ങുതകർക്കുമ്പോൾ സാധാരണക്കാരുടെ ജീവിതം ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്. കടബാധ്യതമൂലം കർഷകരിൽ പലരും അവരുടെ ജീവിതം ഒടുക്കാൻ നിർബന്ധിതരായി. 2017 ലും 18 ലുമായി 21004 പേരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ 70 വർഷത്തിൽ അനുഭവിക്കാത്ത സാമ്പത്തികമാന്ദ്യവും പ്രതിസന്ധിയുമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ ഗുരുതരമായ സാമ്പത്തികാവസ്ഥയ്ക്കു പരിഹാരം കണ്ടെത്താൻ വ്യവസ്ഥാപിത മാർഗങ്ങൾ സ്വീകരിക്കുന്നതിനുപകരം സാങ്കേതിക കാരണങ്ങൾ എടുത്തുകാട്ടി ജനശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാന ഘടന തന്നെ അപകടത്തിലാകുന്ന തരത്തിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നുവെന്ന ആശങ്ക ജനാധിപത്യവാദികൾക്കിടയിൽ ആഴത്തിൽ വേരുന്നിയിരിക്കുകയാണ്. ഫെഡറൽ സമ്പ്രദായത്തിന് വന്നുകൊണ്ടിരിക്കുന്ന ആഘാതങ്ങളെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്. ജിഎസ്‌ടി നടപ്പിലാക്കുക വഴി സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം തകരുകയാണ്. യഥാർത്ഥത്തിൽ ഭരണഘടനയുടെ നഗ്നമായ ലംഘനമാണിത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം ചോർന്നില്ലാതെ പോകുന്ന സ്ഥിതിയിലാണ്. കേരളത്തോട് കാണിക്കുന്ന വിവേചനം ബജറ്റിലും നിഴലിച്ചു കാണാം. പ്രളയദുരിതാശ്വാസം നിഷേധിച്ചതിനു പിന്നാലെ സംസ്ഥാന സർക്കാരിന്റെ നികുതി വിഹിതത്തിലും 5000 കോടി രൂപയുടെ കുറവ് വരുത്തി.

റബർ കർഷകർക്കുള്ള വിലസ്ഥിരതാ നിധിക്ക് 500 കോടി നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. പുതിയ ധനകമ്മിഷൻ ശുപാർശപ്രകാരം നികുതി വിഹിതത്തിൽ കാര്യമായ വർദ്ധന പ്രതീക്ഷിച്ചിരുന്നു. അവരെയെല്ലാം നിരാശരാക്കിക്കൊണ്ട് 2.5 ശതമാനമായിരുന്ന സംസ്ഥാന വിഹിതം 1.9 ശതമാനമായി കുറയ്ക്കുകയായിരുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിഹിതമാണ്. കഴിഞ്ഞ ബജറ്റിൽ കേന്ദ്ര നികുതിവിഹിതമായി കേരളത്തിന് 17,872.37 കോടി അനുവദിച്ചിരുന്നു. ഇത്തവണ ഇതിലും വെട്ടിക്കുറവുണ്ടായി. നികുതിയിനത്തിൽ കിട്ടുക 16,401.05 കോടി രൂപ മാത്രം. കഴിഞ്ഞ തവണത്തേക്കാൾ 1471.32 കോടി കുറവ്. സംസ്ഥാനങ്ങൾക്കുള്ള ആകെ കേന്ദ്ര നികുതിവിഹിതത്തിൽ കഴിഞ്ഞ ബജറ്റിൽ ലക്ഷ്യമിട്ടതിനേക്കാൾ 58842.42 കോടി രൂപയുടെ കുറവുണ്ടായി. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ അവഗണന അനുഭവിക്കേണ്ടിവന്ന ഒരു കാലഘട്ടം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. പതിനഞ്ചാം ധനകമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് 2020 — 21 ലെ സംസ്ഥാന നികുതി വിഹിതം നിശ്ചയിച്ചത്. കേന്ദ്ര നികുതിയിൽ 42 ശതമാനമായിരുന്നു നേരത്തെ സംസ്ഥാനങ്ങൾക്ക് മാറ്റി വെച്ചതെങ്കിൽ ഇത്തവണ ഇത് 41 ശതമാനമാക്കി. എന്നാൽ ബിജെപി ഭരണം നടത്തുന്ന ഗുജറാത്ത്, ഹിമാചൽ എന്നീ സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിൽ വലിയ വർധനവ് വരുത്താന്‍ കേന്ദ്രം മറന്നില്ല.

ഗുജറാത്തിന്റെ നികുതി വിഹിതം 3.084 ശതമാനമായിരുന്നത് 3.398 ശതമാനമായി ഉയർത്തി. 6213.37 കോടി രൂപ കൂടുതലായി ലഭിക്കും. ഹിമാചലിന്റേത് 0.713 ആയിരുന്നത് 0.799 ആക്കി. ഇതോടെ ഈ ചെറിയ സംസ്ഥാനത്തിനു അധികമായി 1588.04 കോടി രൂപയാണ് ലഭിക്കുക. നൂറ്റാണ്ടിലെ ഏറ്റവും വലിയ രണ്ടു പ്രകൃതി ദുരന്തങ്ങളെയാണ് കേരളത്തിനു നേരിടേണ്ടിവന്നത്. 2018 ലെ പ്രളയം സൃഷ്ടിച്ച കെടുതികളിൽ നിന്നു കരകയറും മുമ്പേയാണ് 2019 — ൽ മറ്റൊരു പ്രകൃതി ദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവന്നത്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം 80 ഓളം പേർ മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾക്ക് വീടും കിടപ്പാടവും നഷ്ടപ്പെടുകയും ചെയ്തു. 31,000 ഹെക്ടർ കൃഷിഭൂമി പൂർണമായും നശിച്ചു. അന്ന് കേന്ദ്രമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അവിടെ സന്ദർശിച്ച് എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്ര സർക്കാർ ഉണ്ടാകുമെന്ന പ്രഖ്യാപനവും നടത്തി. അതിനുശേഷം അവിടെ സന്ദർശിച്ച കേന്ദ്ര സംഘം വിശദമായ പഠനവും നടത്തി. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ രാജ്യത്തെ ജനങ്ങൾക്ക് പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിലെ കർഷകർ ഉൾപ്പെടെയുള്ള ഗ്രാമീണർക്ക് ഇതേത്തുടർന്ന് വേണ്ടിവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിനെ സഹായിക്കാൻ ഭരണഘടനാപരമായി ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. ഇതിലേയ്ക്കായി ഓരോ വർഷത്തെയും കേന്ദ്ര ബജറ്റിൽ പ്രത്യേകം തുക വകകൊള്ളിക്കുക പതിവാണ്.

കഴിഞ്ഞ വർഷം കനത്ത പേമാരിയും പ്രളയവുംമൂലം നാശമുണ്ടായ 11 സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏഴു സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിച്ചപ്പോഴാകട്ടെ ഒരു പൈസ പോലും കേരളത്തിന് നൽകിയില്ല. ഈ ഏഴു സംസ്ഥാനങ്ങളിൽ അഞ്ചെണ്ണവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് സംസ്ഥാന സർക്കാർ 2,100 കോടി രൂപയുടെ നാശം സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ഇതേ നടപടിക്രമങ്ങളിലൂടെ തന്നെ കേന്ദ്രത്തെ സമീപിച്ച കർണ്ണാടക പോലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് രണ്ടുതവണ സഹായം നൽകി. അപ്പോഴും കേരളം അവഗണിക്കപ്പെട്ടു. പ്രളയ സഹായം പിടിച്ചുവെച്ചും പുനർനിർമ്മാണ സഹായം നിഷേധിച്ചും ജിഎസ്‌ടി നഷ്ടപരിഹാരത്തുക വൈകിപ്പിച്ചും, കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാർ ഗുജറാത്ത്, ഹിമാചൽ തുടങ്ങിയ ബിജെപി ഭരണ സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം വർധിപ്പിച്ചു നൽകി. “കേരള പുനർനിർമ്മാണം” പദ്ധതിയെ തുടക്കം മുതലേ കേന്ദ്രസർക്കാർ പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. ലോകത്തിന്റെ വിവിധഭാഗത്തു നിന്നുള്ള സഹായങ്ങൾ തടയാനും നല്ല ശ്രമം നടത്തി. സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രയ്ക്കുള്ള അനുമതി പോലും റദ്ദാക്കി. പ്രവാസി മലയാളികളിൽ നിന്നും ദുരിതനിവാരണ ഫണ്ടിലേക്ക് ലഭിക്കുമായിരുന്ന വലിയ തുക ഇതോടെ കേരളത്തിനു നഷ്ടമായി. ഇങ്ങനെ സ്വന്തം നിലയിൽ ലഭ്യമാകേണ്ട സാമ്പത്തിക സഹായങ്ങളത്രയും ഇല്ലാതാക്കുകയായിരുന്നു.

അർഹമായ കേന്ദ്രഫണ്ടും ഇപ്പോൾ തടയപ്പെട്ടിരിക്കുന്നു. സർക്കാർ ലോട്ടറികളുടെയും, ഇതരസംസ്ഥാന ലോട്ടറികളുടെയും നികുതി നിരക്ക് 28 ശതമാനമായി ഏകീകരിച്ച നടപടിമൂലം ഏറ്റവും കനത്ത നഷ്ടം സംഭവിക്കുന്നത് കേരളത്തിനാണ്. സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനങ്ങളിലൊന്നായ ലോട്ടറി തകരാൻ ഇടയാക്കുമോ എന്ന ആശങ്കയിലാണ്. എന്തെങ്കിലും സംഭവിച്ചു പോയാൽ ലക്ഷക്കണക്കായ കേരളീയരുടെ ഏക ജീവിത മാർഗമാണ് അടഞ്ഞുപോവുക. മോഡി സർക്കാരിന്റെ രക്തത്തിലലിഞ്ഞു ചേർന്ന ജനവിരുദ്ധതയുടെ ഉദാഹരണമാണ്. ജിഎസ്‌ടി നടപ്പിൽ വരുത്തിയതുമൂലം നിയമപരമായി കേരളത്തിനു ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയായ 16,500 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. തൊഴിലുറപ്പുപദ്ധതിക്കായുള്ള 1215 കോടിയും, നെല്ല് സംഭരണത്തിൽ 135 കോടി രൂപയും കുടിശ്ശികയിനത്തിൽ ലഭിക്കാനുണ്ട്. സംസ്ഥാനത്തെ ജിഡിപിയുടെ മൂന്ന് ശതമാനം മാത്രമാണ് വായ്പ അനുവദിക്കുക. ഇതനുസരിച്ച് കേരളത്തിന് 24915 കോടിരൂപ വായ്പയ്ക്ക് അർഹതയുണ്ട്. ഇതു നടപ്പുവർഷത്തെ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ വർഷം പകുതിയായപ്പോൾ 5325 കോടിയായി അത് വെട്ടിക്കുറച്ചു. അതുകൊണ്ടും അവസാനിച്ചില്ല. അവസാന പാദത്തിൽ വായ്പ എടുക്കാവുന്ന തുക 3000 കോടിയായി വീണ്ടും കുറച്ചു. ഫലത്തിൽ വായ്പ അപ്പാടെ നിഷേധിച്ച മട്ടായി. കേന്ദ്രനികുതി വിഹിതവും, ഗ്രാന്റുകളും, വായ്പകളുമാണ് സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്.

ആദായനികുതി പരിഷ്കാരം പ്രവാസി ഇന്ത്യാക്കാർക്ക് തിരിച്ചടിയായി. പ്രവാസി ഇന്ത്യാക്കാർ ഇന്ത്യയിൽ ആദായനികുതി അടയ്ക്കേണ്ടതില്ലെന്ന വ്യവസ്ഥയാണു റദ്ദാക്കിയത്. നികുതിരഹിത രാജ്യത്ത് കഴിയുന്ന പ്രവാസികളും ഇന്ത്യയിൽ നിർബന്ധമായും നികുതി അടയ്ക്കണമെന്നാണ് പുതിയ വ്യവസ്ഥ. കേരളത്തിൽ നിന്ന് വിവിധ രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നവരുടെ എണ്ണം 21.21 ലക്ഷം വരുമെന്നാണ് മൈഗ്രേഷൻ സർവേയിൽ പറയുന്നത്. ഇവരിൽ 89 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. പുതിയ നികുതിയുടെ കാര്യത്തിലും പ്രവാസി പദവി നിലനിർത്തുന്നതിനുമായി കൊണ്ടുവന്നിട്ടുള്ള വ്യവസ്ഥകളും അവരുടെ സുസ്ഥിരവരുമാനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസിനിക്ഷേപം. 2019 മാർച്ചിലെ കണക്കുപ്രകാരം മലയാളിപ്രവാസികളുടെ നിക്ഷേപം 1,90,055 കോടി രൂപയാണ്. കേരളത്തിന്റെ വികസനത്തിന്റെ കാര്യത്തിലും ഓരോരുത്തരുടെയും ജീവിതത്തിലും അമൂല്യമായ സംഭാവനകളാണു അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. പൗരത്വനിയമഭേദഗതിയുടെ മറവിൽ ഇന്ത്യയിലെ ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ചു രാജ്യത്തെ ഛിന്നഭിന്നമാക്കി കൈപ്പിടിയിൽ ഒതുക്കുക എന്ന ഹിഡൻ അജണ്ട നടപ്പിലാക്കാനാണ് മോഡി സർക്കാർ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലായാൽ ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമെന്ന ഭാരതത്തിന്റെ മഹത്തായ അംഗീകാരമാണ് നഷ്ടപ്പെടുക.

ഇതിനെതിരെ തുടക്കംമുതൽ ഉറച്ച നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളമെന്നത് രാജ്യമാകെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള കോടിക്കണക്കായ മതനിരപേക്ഷ, ജനാധിപത്യ വിശ്വാസികൾക്ക് ആത്മവിശ്വാസം പകരാനും ഈ രാജ്യദ്രോഹനടപടികൾക്കെതിരെ ആവേശപൂർവ്വം അണിനിരക്കാനും കേരളത്തിന്റെ നിലപാട് പ്രേരകമായി എന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍. പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അധികനിക്ഷേപം അങ്കമാലി-ശബരി റയിൽപ്പാത, റബ്ബർ സബ്സിഡി ഉയർത്തൽ, സെമി ഹൈസ്പീഡ് കോറിഡോർ, കടത്തിന്റെ പരിധി ഉയർത്തൽ, എയിംസ്, പ്രവാസി പുനരധിവാസം, ജിഎസ്‌ടി നഷ്ടപരിഹാരത്തുക ഗൾഫ് നാടുകളിലെ എംബസികളിൽ അറ്റാഷുകളുടെ എണ്ണം വർധിപ്പിക്കൽ, കണ്ണൂരിലെ ആയൂർവേദ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സുപ്രധാനമായ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല. ജനായത്ത മൂല്യങ്ങളോട് പ്രതിബന്ധത അശേഷമില്ലാത്ത മോഡി സർക്കാരിന് തങ്ങളുടെ രാഷ്ട്രീയ ബലഹീനത മറികടക്കാനുള്ള കച്ചിത്തുരുമ്പായിട്ടാണ് മതാധിഷ്ഠിത രാഷ്ട്രീയത്തെ കാണുന്നത്. ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് ഇത്തരം രാഷ്ട്രീയ ചിന്തകൾ വരുത്തിവയ്ക്കുന്ന മഹാവിപത്തുകളുടെ ആഴം എത്രയളന്നാലും തിട്ടപ്പെടുത്താനാവില്ല. അത് ജനങ്ങളെ ഓർമ്മപ്പെടുത്തുക എന്ന കർത്തവ്യമാണ് ഇടതു സർക്കാർ നിർവഹിച്ചത്. ഇതിന്റെ പേരിൽ കേരളത്തെ ശത്രുവായി കണ്ട് അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചും വികസന പദ്ധതികൾക്ക് ഇടങ്കോലിട്ടും സാമ്പത്തികവിഹിതം വെട്ടിക്കുറച്ചും വരിഞ്ഞുമുറുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്ന വിമർശനം ഉയർന്നു വന്നിട്ടുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങളാണ് ഇവിടെ വെല്ലുവിളിക്കപ്പെടുന്നത്.