February 9, 2023 Thursday

മഹാമാരിക്കിടയിലും തലസ്ഥാന നവീകരണ പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്

Janayugom Webdesk
ന്യൂഡൽഹി
April 24, 2020 9:18 pm

രാജ്യം കൊറോണ മഹാമാരിയുടെ പ്രതിസന്ധിയിൽ തുടരുമ്പോൾ സഹസ്രകോടികളുടെ തലസ്ഥാന നവീകരണ പദ്ധതിക്കുള്ള (സെൻട്രൽ വിസ്റ്റ) അനുമതിയുമായി മോഡി സർക്കാർ. ഡൽഹി വികസനം സംബന്ധിച്ച അന്തിമ തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതി ചർച്ച ചെയ്ത് തീരുമാനമെടുത്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകൾ പ്രകാരം 922 കോടി രൂപയാണ് പദ്ധതി ച്ചെലവ്. പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് മരങ്ങളാണ് മുറിച്ചുമാറ്റേണ്ടിവരുന്നതെന്നും ഇത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഇതൊക്കെ കാറ്റിൽപ്പറത്തിയാണ് പദ്ധതിക്ക് അനുമതി നൽകാനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം വരുംദിവസങ്ങളിൽ നിയമയുദ്ധങ്ങൾക്ക് വഴിവയ്ക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ത്രികോണാകൃതിയിലുള്ള പുതിയ പാർലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനൊപ്പം പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കുമായി പുതിയ വസതികൾ, ശാസ്ത്രി ഭവൻ, നിർമ്മാൺ ഭവൻ, ഉദ്യോഗ് ഭവൻ, കൃഷി ഭവൻ, വായു ഭവൻ എന്നിവയുൾപ്പെടെ 10 പുതിയ കെട്ടിട ബ്ലോക്കുകൾ ഉള്‍പ്പെടുന്നതാണ് സെൻട്രൽ വിസ്ത. 1000 വരെ ആളുകളെ ഉള്‍ക്കൊള്ളുന്ന ലോക്‌സഭ, രാജ്യസഭ, ഇപ്പോഴുള്ള ഹാളിന് സമാനമായി ഒരു കോമണ്‍ ലോഞ്ച് എന്നിവയും എല്ലാ എംപിമാരുടെ ഓഫീസും ഇതിൽ ഉൾപ്പെടുന്നു. ആകെ 20,000 കോടി രൂപ ചെലവുവരുന്നതാണ് പദ്ധതി. നിലവിലുള്ള കെട്ടിടത്തിന് സമീപം 9.5 ഏക്കർ സ്ഥലത്താണ് പുതിയ പാർലമെന്റ് മന്ദിരം കെട്ടിടം നിർമ്മിക്കുക. പുതിയ പ്രൊജക്ട് പ്രകാരം പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും സൗത്ത് ബ്ലോക്കിന് സമീപത്തേക്ക് മാറ്റും. പുനര്‍വികസനത്തിന്റെ ഭാഗമായി നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് എന്നിവ മ്യൂസിയമായി മാറും.

ഇതിനെതിരെ നിരവധി പ്രമുഖർ പ്രതിഷേധം ഉയർത്തിയിരുന്നു. കഴിഞ്ഞ സെപ്‍റ്റംബറിൽ ഭവന-നഗരവികസന വകുപ്പാണ് സെൻട്രൽ വിസ്റ്റ പദ്ധതി പ്രഖ്യാപിച്ചത്. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പനിയ്ക്കാണ് ഇതിനുള്ള കരാര്‍ നൽകിയിരിക്കുന്നത്. 2024 ‑ഓടെ നിർമ്മാണപ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേന്ദ്രസര്‍ക്കാരിന്റെ ചെലവില്‍ കുറവ് വരുത്തണമെന്ന് ആവശ്യമുയരുന്ന ഘട്ടത്തിലും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നാണ് കേന്ദ്രസർക്കാർ പുതിയ നീക്കത്തിലൂടെ വ്യക്തമാക്കുന്നത്. സെന്‍ട്രല്‍ വിസ്റ്റ പുനരുദ്ധാരണവും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും മാറ്റിവയ്ക്കുന്നതിലൂടെ ലക്ഷക്കണക്കിന് കോടികളുടെ ചെലവ് ഒഴിവാക്കാനാകുമെന്ന് സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish Sum­ma­ry: The cen­tral gov­ern­ment ready for cap­i­tal modernization

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.