തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തുതീർപ്പായില്ല

Web Desk

മനാമ

Posted on August 27, 2019, 10:37 am

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ യുഎഇയിലെ ചെക്ക് കേസ് ഒത്തുതീര്‍ക്കാന്‍ അജ്മാന്‍ പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയില്‍ നടന്ന ആദ്യ ഘട്ട ശ്രമം വിജയം കണ്ടില്ല. പരാതിക്കാരനായ നാസില്‍ ആവശ്യപ്പെട്ട തുക സ്വീകാര്യമല്ലെന്ന് തുഷാറും തുഷാര്‍ വാഗ്ദാനം ചെയ്ത തുക അപര്യാപ്തമാണെന്ന് നാസിലും വ്യക്തമാക്കിയതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ച വഴിമുട്ടുകയായിരുന്നു.

തിങ്കളാഴ്ച അജ്മാന്‍ കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങി. തുഷാര്‍ വെള്ളാപ്പള്ളിയും നാസില്‍ അബ്ദുല്ലയും കോടതിയില്‍ ഹാജരായി. വാദി, പ്രതി ഭാഗത്തു നിന്നും കാര്യങ്ങള്‍ പ്രോസിക്യൂട്ടര്‍ ചോദിച്ചറിഞ്ഞു. തുഷാറിനെതിരെ കൂടുതല്‍ തെളിവുകള്‍ നാസില്‍ കോടതിയില്‍ ഹാജരാക്കിയതായാണ് വിവരം. തന്റെ ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാര്‍ കോടതിയില്‍ ആരോപിച്ചു. അങ്ങനെയെങ്കില്‍ മോഷണം കഴിഞ്ഞ എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നു ചോദിച്ച കോടതി അക്കാര്യത്തില്‍ പ്രത്യേക പരാതി നല്‍കാത്തതിനാല്‍ ആ വാദം ഇപ്പോള്‍ സ്വീകാര്യമല്ലെന്നും വ്യക്തമാക്കി. ഒത്തുതീര്‍പ്പിന് തയ്യാറുണ്ടോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് തയ്യാറെന്നായിരുന്നു ഇരുവരുടെയും മറുപടി. തുടര്‍ന്ന് പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിലായിരുന്നു ഒത്തു തീര്‍പ്പ് ചര്‍ച്ച. എന്നാല്‍ നാസിലും തുഷാറും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച നിര്‍ത്തിവെച്ചു. രണ്ടുദിവസം കഴിഞ്ഞ് രണ്ടുപേരെയും വീണ്ടും വിളിക്കാമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതായാണ് വിവരം.

you may also like this video