Web Desk

ന്യൂഡൽഹി:

February 13, 2021, 9:14 pm

കൊളീജിയത്തിൽ പ്രതിസന്ധി; ചീഫ് ജസ്റ്റിസ് നിയമനങ്ങളൊന്നും നടത്താതെ പിരിഞ്ഞേക്കും

Janayugom Online

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഒരു ജഡ്ജിനെ പോലും സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്യാതെ കൊളീജിയം. അംഗങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ കൊളീജിയത്തിൽ ജസ്റ്റിസുമാരായ എൻവി രമണ, രോഹിൻടൺ നരിമാൻ, യുയു ലളിത്, എഎം ഖാൻവിൽകർ എന്നിവരാണുള്ളത്. ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായ അകിൽ ഖുറേഷിയെ സുപ്രീംകോടതി ജഡ്ജിയാക്കുന്ന കാര്യത്തിൽ കൊളീജിയത്തിൽ സമവായം വരാത്തതാണ് പ്രതിസന്ധിയുടെ കാരണം.

2002ലെ മായ കൊട്‌നാനി ഉള്‍പ്പെട്ട നരോദ പാട്യ കൂട്ടക്കൊല, വഖഫ് ബോര്‍ഡ് ഭൂമികയ്യേറ്റപ്രശ്‌നം എന്നിവയില്‍ ഗുജറാത്ത് സര്‍ക്കാരിനും ബിജെപിക്കും തലവേദനയുണ്ടാക്കിയ വിധി പ്രസ്താവിച്ചയാളാണ് ജസ്റ്റിസ് ഖുറേഷി. 2010ല്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ അദ്ദേഹം സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. ഓള്‍ ഇന്ത്യാ സീനിയോറിറ്റി ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ള ഖുറേഷിയെ ഒഴിവാക്കുക അത്ര എളുപ്പം സാധിക്കില്ല. നിലവില്‍ സുപ്രീംകോടതിയിൽ നാല് ഒഴിവുകളുണ്ട്. ബോബ്ഡെയും ഇന്ദു മല്‍ഹോത്രയും അടുത്ത രണ്ട് മാസത്തിനുള്ളില്‍ വിരമിക്കും. കൂടാതെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, രോഹിന്റണ്‍ നരിമാന്‍, നവീന്‍ സിന്‍ഹ എന്നിവരും ഈ വര്‍ഷം വിരമിക്കും. 2015ൽ ചീഫ് ജസ്റ്റിസ്സായിരുന്ന എച്ച്എൽ ദത്തുവിനും ജഡ്ജി നിയമനങ്ങളൊന്നും നടത്താനായില്ല. അന്ന് നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷനുമായി ബന്ധപ്പെട്ട് ദത്തുവും സർക്കാരും തമ്മിൽ നിലനിന്നിരുന്ന തർക്കമായിരുന്നു കാരണം.

ജസ്റ്റിസ് ഖുറേഷിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസാക്കുന്നതില്‍ മുൻ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗോഗോയ് കൊളീജിയത്തിന് നേതൃത്വം കൊടുത്തിരുന്നപ്പോൾ കേന്ദ്രവുമായി തർക്കമുണ്ടായിരുന്നു. ഇതിൽ കേന്ദ്ര സർക്കാരിന്റെ താൽപര്യമാണ് ഒടുവിൽ വിജയിച്ചത്. അദ്ദേഹത്തെ ത്രിപുര ഹൈക്കോടതിയിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു.

ENGLISH SUMMARY: The Chief Jus­tice may resign with­out mak­ing any appointments

YOU MAY ALSO LIKE THIS VIDEO