ലൈഫ് ഭവനപദ്ധതിയിൽ പ്രീഫാബ് സാങ്കേതികവിദ്യയിൽ നിർമിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിന് കടമ്പൂർ പനോന്നേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. സംസ്ഥാനത്ത് ഭൂരഹിതരായി കണ്ടെത്തിയ കുടുംബങ്ങൾക്ക് വീട് ഒരുക്കുന്നതിനാണ് പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുന്നത്. ആധുനിക നിർമാണ സാങ്കേതികവിദ്യയായ പ്രീഫാബ് രീതി ഉപയോഗിച്ചുള്ള നിർമാണത്തിന് ഇതോടെ സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിട നിർമാണങ്ങൾക്ക് ഈ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. നിർമാണരംഗത്ത് കുതിച്ചു ചാട്ടത്തിന് ഇത് വഴി തെളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ സിഇഒ യു വി ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടർ ടിവി സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭവനസമുച്ചയം ഈ വർഷം ജൂലൈ 31നകം നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ലൈഫ് മിഷൻ സിഇഒ യു വി ജോസ് അറിയിച്ചു. ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായുള്ള ഭവന സമുച്ചയങ്ങൾ അങ്കമാലിയിലും അടിമാലിയിലും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. തൃശൂരിൽ 180 യൂണിറ്റുകൾ ഉൾപ്പെടുന്ന ഭവനസമുച്ചയം മെയ് മാസത്തോടെ പൂർത്തിയാകും.
പ്രീഫാബ് സാങ്കേതികവിദ്യയിൽ 10 ഭവനസമുച്ചയങ്ങളാണ് നിർമിക്കുക. ഇവയിൽ ആദ്യത്തേതാണ് കടമ്പൂരിലേത്. 23000 ചതുരശ്ര അടിയിൽ 44 യൂണിറ്റുകളുള്ള ഭവനസമുച്ചയത്തിനാണ് തറക്കല്ലിട്ടത്. ഇത് പൂർത്തിയാവുന്നതോടെ എല്ലാവർക്കും വീട് ലഭ്യമാവുന്ന ആദ്യ പഞ്ചായത്തായി കടമ്പൂർ ഗ്രാമപഞ്ചായത്ത് മാറും. പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാൻ പര്യാപ്തമായ സാങ്കേതികവിദ്യയിലാണ് ഇവ നിർമിക്കുന്നത്. ഇന്ന് ലോകത്ത് നിലവിലുള്ള പത്തോളം പ്രീഫാബ് ടെക്നോളജിയിൽ കേരളത്തിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമെന്ന് മദ്രാസ് ഐഐടി സംഘം കണ്ടെത്തിയ സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച നിർമാണ കമ്പനികളിലൊന്നായ ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.