സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയിലും, നിക്ഷേപ സൗഹൃദാന്തരീക്ഷത്തിലും ഒന്നാമതെത്തിച്ചതില്‍ റോഡുകളുടെ പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.മലയോര ഹൈവേയുടെ പണി പൂര്‍ത്തിയായ കോടഞ്ചേരി-കക്കാടംപൊയില്‍ റീച്ചിന്റെ ഉദ്ഘാടനവും മലപ്പുറം-കോടഞ്ചേരി റീച്ചിന്റെ നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.ലോകത്തുതന്നെ സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിലും വ്യവസായവികസനത്തിലും കേരളം വലിയ നേട്ടമുണ്ടാക്കിക്കഴിഞ്ഞു. പണ്ടൊക്കെ കേരളത്തില്‍ നിക്ഷേപം നടത്താന്‍ വരുന്നവര്‍ക്ക് അതിനായി കണ്ടെത്തുന്ന സ്ഥലത്ത് സമയത്ത് എത്തിച്ചേരാനാകുമായിരുന്നില്ല, അതോടെ അവര്‍ നിക്ഷേപം വേണ്ടെന്നു വച്ച് മറ്റു സംസ്ഥാനങ്ങളിലേക്കു പോകും. അതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
റോഡു വികസനത്തിലൂടെ നാടിന്റെ മൊത്തം വികസനമാണ് നടക്കുന്നത്. ഇത് ഇനിയും കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരും.ഗ്രാമനഗരഭേദമില്ലാതെ അതിവേഗം നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് കേരളം. അതുകൊണ്ടാണ് ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാതയ്ക്കു പുറമേ മലയോര, തീരദേശപാതകള്‍ കൂടി കൊണ്ടുവരുന്നത്. ഇതിനു രണ്ടിനും മാത്രം പതിനായിരം കോടിയോളം രൂപ ചെലവുണ്ട്. അത് കിഫ്ബി വഴി സംസ്ഥാന സര്‍ക്കാരാണ് ചെലവഴിക്കുന്നത്. ആ തുക ചെലവഴിക്കപ്പെടുന്ന കാഴ്ചയാണ് കണ്‍മുന്നില്‍ കാണുന്നത്. അതോടൊപ്പം കോവളം- ബേക്കല്‍ ജലപാതകൂടി വളരെ വേഗം പൂര്‍ത്തിയായിവരികയാണ്. വടകരയ്ക്ക് വടക്കോട്ട് ചില പുതിയ കനാലുകള്‍കൂടി വരേണ്ടതുണ്ട്. അതും താമസിയാതെ സാധ്യമാകും. ജലപാത യാത്രക്കാര്‍ക്കുമാത്രമല്ല ചരക്കുഗതാഗതത്തിനും ഉപയുക്തമായിരിക്കും. അങ്ങനെ ഗതാഗതസൗകര്യത്തില്‍ കേരളം വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
2016 മുതലുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലൂടെയും ചട്ടങ്ങളിലും നയങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയും വകുപ്പുകളെ ഏകോപിപ്പിച്ചുമൊക്കെയാണ് ഇത് സാധ്യമാക്കിയതെന്നും ഈ മാറ്റങ്ങള്‍ കേരളത്തെ ഇനിയും വലിയതോതില്‍ മുന്നോട്ടു നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നടക്കാന്‍പോകില്ലെന്ന് പലരും പ്രചരിപ്പിച്ച പദ്ധതികളാണ് കണ്‍മുന്നില്‍ നടപ്പായിക്കൊണ്ടിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷം വഹിച്ച പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും മലയോരങ്ങളെ ബന്ധിപ്പിച്ച് ഇത്തരമൊരു പാത ഉണ്ടാകില്ല.
കാര്‍ഷിക- ടൂറിസം മേഖലയ്ക്ക് ഇതിലൂടെ വലിയ കുതിപ്പാണ് ഉണ്ടാകാന്‍ പോകുന്നത്. വികസനം നടപ്പാക്കാന്‍ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും അതാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ലിന്റോ ജേക്കബ് എംഎല്‍എ, മുന്‍ എംഎല്‍എ ജോര്‍ജ്എം തോമസ്, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയറക്ടര്‍ എം അശോക് കുമാര്‍, യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയില്‍ റീച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.