July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

നഴ്സുമാർക്ക് പറ്റിയ കൈപിഴ; മൂന്നാം ക്ലാസ്സുകാർ ആരോഗ്യ മന്ത്രിയ്ക്ക് എഴുതിയ കത്ത് വൈറലാകുന്നു

Janayugom Webdesk
December 12, 2019

തങ്ങളുടെ കൂട്ടുകാരന് അവന്റെ ബാല്യം നഷ്ടമാകരുതെന്നും അവനെ സാധാരണ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു വരണം എന്നും ആഗ്രഹിക്കുന്ന ഒരു കൂട്ടം കുരുന്നുകൾ കേരളത്തിലെ ആരോഗ്യമന്ത്രിക്കെഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ ഐത്തോട്ടുവ തീണ്ടാത്തറ വീട്ടിൽ മധുവിന്റെയും സുനിലയുടെയും ഇളയ കുട്ടിയായ അശ്വിൻ മധുവിന് വേണ്ടിയാണ് അഭ്യർത്ഥന. ഒമ്പത് വയസുണ്ടെങ്കിലും രണ്ട് വയസിൽ താഴെ മാത്രമാണ് വളർച്ച. സെറിബ്രൽ പൾസി എന്ന രോഗം.

ജനന സമയത്ത് താഴെ വീണതിന്റെ ഫലമായി തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചു. കിടത്തിയാൽ ഒരേ കിടപ്പ്. എഴുന്നേൽക്കുകയോ വർത്തമാനം പറയുകയോ ഇല്ല. ജനന സമയത്ത് നഴ്സുമാർക്ക് പറ്റിയ ഒരു കൈപിഴവിന് വില കൊടുക്കേണ്ടി വന്നത് അശ്വിൻ മധു എന്ന പിഞ്ചു കുഞ്ഞും അവന്റെ മാതാപിതാക്കളുമാണ്.

തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം നിലച്ച അവന്റെ വളർച്ച നിലച്ചു. അവന്റെ കൊഞ്ചൽ കേൾക്കാനോ പിച്ചവെച്ച് നടക്കുന്നത് കാണാനോ ഓടിക്കളിക്കുന്നത് കാണാനോ അവന്റെ മാതാപിതാക്കൾക്ക് ഭാഗ്യം ഉണ്ടായില്ല.

കൂലിപ്പണിക്കാരനായ അച്ഛൻ ജോലിയും മാറ്റിവെച്ച് അവന്റെ കാര്യത്തിനായി ഇറങ്ങിത്തിരിച്ചു. ജോലിയ്ക്ക് പോകാതെ വീട്ടിൽ തീ പോലും പുകയില്ല എന്ന അവസ്ഥ വന്നതോടെ വിധിയെ പഴിച്ച് പിന്മാറി. ഇപ്പോഴിതാ അവന്റെ പ്രായമുള്ള കുറച്ച് കുരുന്നുകൾ തങ്ങളുടെ കൂട്ടുകാരനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരണമെന്ന് സഹായത്തിനായി അപേക്ഷിക്കുകയാണ്. പല ചികിത്സകൾ നൽകിയെങ്കിലും തുടർ ചികിത്സകൾക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ മാതാപിതാക്കൾ.

കത്തിന്റെ പൂർണ്ണ രൂപം;

‘സ്‌നേഹം നിറഞ്ഞ മന്ത്രിയമ്മേ,

ഞങ്ങൾ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളാണ്. ഞങ്ങളുടെ ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയായ അശ്വിൻ മധുവിന് (S/O മധു, തീണ്ടാത്തറയിൽ, ഐത്തോട്ടുവ, പടിഞ്ഞാറെ കല്ലട) എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ വർത്തമാനം പറയുവാനോ കഴിയില്ല. രണ്ടു വയസുകാരന്റെ വളർച്ച മാത്രമാണ് അവനുള്ളത്. ജനിച്ചപ്പോൾ താഴെ വീണത് മൂലമാണ് അവൻ ഇങ്ങനെയായത് എന്നും നല്ല ചികിത്സ നൽകിയാൽ അവൻ പഴയപടി ആകുമെന്നുമാണ് എന്റെ ടീച്ചറും അശ്വിന്റെ അമ്മയും പറയുന്നത്. പക്ഷേ മെച്ചപ്പെട്ട ചികിത്സ നൽകാനുള്ള കഴിവ് അവന്റെ അച്ഛനും അമ്മക്കുമില്ല. പല കുട്ടികളെയും മന്ത്രിയമ്മ നല്ല ചികിത്സ നൽകി ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങൾക്കും ഞങ്ങളുടെ അശ്വിനെ ഞങ്ങളെ പോലെ ഒപ്പം വേണം.

അടുത്ത വർഷമെങ്കിലും അവനും ഞങ്ങളോടൊപ്പം ഇരുന്ന് അവൻ പഠിക്കണം. ഞങ്ങൾക്കൊപ്പം അസംബ്ലിയിൽ നിൽക്കണം. സ്‌കൂൾ മുറ്റത്ത് അവനും ഓടിക്കളിക്കണം. ചികിത്സക്കാവശ്യമായ പൈസ ഞങ്ങളും കൂടി ഒപ്പിക്കാം. ഏറ്റവും നല്ല ചികിത്സ കിട്ടാൻ ഞങ്ങളെ മന്ത്രിയമ്മ സഹായിക്കണം.
ഒത്തിരി ഇഷ്ടത്തോടെ

വിദ്യാർത്ഥികൾ

മൂന്നാം ക്ലാസ്
ഗവ.എൽപിഎസ്
പടിഞ്ഞാറെ കല്ലട’

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.