സുനില്‍ കെ.കുമാരന്‍

നെടുങ്കണ്ടം

October 08, 2020, 7:08 pm

ചൈനീസ് ലക്കി ബാംബു വിരിഞ്ഞത് അപൂര്‍വ്വ കാഴ്ചയായി

Janayugom Online

അപൂര്‍വ്വമായി പൂക്കുന്ന ചൈനീസ് ലക്കി ബാംബു ഹൈറേഞ്ചിലെ വീട്ടുമുറ്റത്തും പൂവിട്ടു. പൂവിടര്‍ത്തിയ സുഗന്ധം പരത്തി നില്‍ക്കുന്ന ചൈനീസ് ലക്കി ബാംബു വിടര്‍ന്ന് നില്‍ക്കുന്നത് നെടുങ്കണ്ടം പേഴത്തുവയലില്‍ അനീഷിന്റെ വീട്ടുമുറ്റത്താണ്. പൂവിരിഞ്ഞതോടെ കൗതുക കാഴ്ച കാണുവാനും സുഗന്ധം ആസ്വദിക്കുവാനും നിരവധിപ്പേരാണ് ഇവിടേയ്ക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ പാരിജാതത്തിന്റെ സുഗന്ധത്തിന് സമാനമായ സുഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഉറവിടം ബാംബുവിന്റെ പൂവില്‍ നിന്നാണെന്ന് മനസിലാകുന്നത്. 

ഏകബിജപത്ര സസ്യ ഗണത്തില്‍പ്പെട്ട ഇവയുടെ പേരില്‍ മുളയുണ്ടെങ്കിലും ഇതൊരു മുള വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യമല്ല. ചൈനീസിന്റെ ഫെങ് ഷൂയ് വിശ്വാസമനുസരിച്ച് ഐശ്വര്യം കൊണ്ടുവരുന്ന സസ്യം എന്ന ഖ്യതി ഉള്ളതിനാല്‍ വീടുകളിലും സ്ഥാപനങ്ങളിലും നട്ടുവളര്‍ത്തുന്നതായി കാണാം. അകത്തള സസ്യങ്ങളായി നട്ടുവര്‍ത്തുന്ന ചൈനീസ് ലക്കി ബാംബുവിനെ കാണമെങ്കിലും അവ പൂത്ത് നില്‍ക്കുന്നത് അധികമാര്‍ക്കും കാണുവാന്‍ സാധിക്കാറില്ല. 

നാലോളം ലക്കി ബാംബുവാണ് നാലു വര്‍ഷം മുമ്പ് അനീഷിന്റെ ഭാര്യ അഞ്ചു നട്ടുപിടിപ്പിച്ചത്. ദിവസവും വെള്ളമൊഴിക്കും എന്നതൊഴിച്ചാല്‍ മറ്റ് പരിചരണങ്ങളൊന്നും നടത്തിയിട്ടില്ലായെന്ന് വീട്ടമ്മ പറയുന്നു. ചെടി വെട്ടി നിര്‍ത്താത്തതിനാല്‍ അനസ്യൂതം വളര്‍ന്ന് പന്തലിച്ചു. മണി പ്ലാന്റിന് പിറകെ കേരളത്തിലെത്തിയ ചൈനീസ് ലക്കി ബാംബുവിന്റെ സ്വദേശം ആഫ്രിക്കയിലെ കാമറൂണാണ്. അപൂര്‍വ്വമായ് പൂക്കുന്ന ലക്കി ബാംബു ഹൈറേഞ്ചിന്റെ കാലാവസ്ഥയിലും പൂത്തിരിപോലെ വിടര്‍ന്നത് കാണുവാന്‍ നിരവധിയാളുകളാണ് എത്തുന്നത്.

ENGLISH SUMMARY:The Chi­nese lucky bam­boo bloomed
You may also like this video