അതിജീവന പോരാട്ടങ്ങളുടെ നാൾവഴികൾ

Web Desk
Posted on November 29, 2019, 10:21 pm

കെകെ ശിവരാമൻ, സെക്രട്ടറി, സിപിഐ ഇടുക്കി കൗൺസിൽ

കെ ടി ജേക്കബ്ബ് റവന്യൂ മന്ത്രിയായിരുന്നപ്പോള്‍ 1969 ല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പട്ടയം നല്‍കി. പക്ഷേ ചുരുങ്ങിയ കാലം മാത്രമാണ് ആശാന് മന്ത്രി ആയിരിക്കാന്‍ കഴിഞ്ഞുള്ളൂ. 1980 ല്‍ കേന്ദ്രസര്‍ക്കാര്‍ വന സംരക്ഷണ നിയമം പാസാക്കി. 1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനമുണ്ടായി. തുടര്‍ന്ന് വനം-റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജോയിന്റ് വേരിഫിക്കേഷന്‍ ആരംഭിച്ചു. എന്നാല്‍ ഇതനുസരിച്ച് പട്ടയം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. 1984 ല്‍ പട്ടയ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ കോടതി ഉത്തരവിട്ടു. 1987 ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പട്ടയം നല്‍കുന്നതിനുള്ള രേഖകള്‍ കേന്ദ്രത്തിന് നല്‍കിയെങ്കിലും പട്ടയത്തിന് അനുമതി ലഭിച്ചില്ല. ഒരു പരിസ്ഥിതി സംഘടന ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പട്ടയം നല്‍കരുതെന്നു കാണിച്ചു നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് പട്ട­യ നടപടികള്‍ പൂര്‍ണ്ണമായി നിലച്ചു.

ഈ ഹര്‍ജി­കളില്‍ കൃഷിക്കാര്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. 2006–2011 കാലത്ത് അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റവന്യൂ മന്ത്രി ആയിരുന്ന കെ പി രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. കോടതിയില്‍ കേസ് വാദിക്കാന്‍ പരിണിത പ്രജ്ഞരായ അഭിഭാഷകരെ നിയോഗിച്ചു. വനം- റവന്യൂ വകുപ്പുകള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഹാജരാക്കി. നിരന്തരം നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടു. 01.01.77 ന് മുമ്പുള്ള കൈവശഭൂമിയ്ക്ക് പട്ടയം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചു. അങ്ങനെയാണ് മലയോര കൃഷിക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയ നടപടികള്‍ തുടങ്ങിവച്ചു. തുടര്‍ന്ന് 2011 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നു.

കര്‍ഷകര്‍ പ്രതിസന്ധി നേരിട്ട ഇക്കാലയളവില്‍ ഒരു ഘട്ടത്തിലും യുഡിഎഫ് സര്‍ക്കാര്‍ അവരോടൊപ്പം നിന്നില്ലായെന്ന് മാത്രമല്ല, പരമാവധി ചൂഷണം ചെയ്യുകയും വഞ്ചിക്കുകയുമാണ് ചെ­യ്തിട്ടുള്ളത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് കൃഷിക്കാര്‍ക്കെതിരായ നിയമ നിര്‍മ്മാണങ്ങളെല്ലാം ഉണ്ടായത്. മാധവ് ഗാഡ്ഗില്‍, കസ്തുരി രംഗന്‍ കമ്മിറ്റികളെ നിയോഗിച്ചതും യുഡിഎഫ് സര്‍ക്കാരാണ്. ജനവാസ കേന്ദ്രങ്ങള്‍, തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവ ഇഎസ്എയില്‍ നിന്നൊഴിവാക്കാന്‍ കഴിഞ്ഞത് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ നിലപാടുകൊണ്ടാണ്. ഇവിടെയൊന്നും കോണ്‍ഗ്രസിനെ ജനങ്ങള്‍ കണ്ടിട്ടില്ല. കോണ്‍ഗ്രസിന്റെ ഈ കര്‍ഷകദ്രോഹം ജനങ്ങള്‍ നല്ലതുപോലെ മനസിലാക്കിയിട്ടുണ്ട്. ചപ്പടാച്ചി കൊണ്ട് ജനവിശ്വാസം വീണ്ടെടുക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടതുമില്ല. ഇ­പ്പോഴത്തെ യുഡിഎഫിന്റെ സമരനാടകങ്ങളുടെ യഥാര്‍ത്ഥ കാരണമെന്താണ്.

2010 സെപ്റ്റംബറിലാണ് കേരള ഹൈക്കോടതിയില്‍ നിന്നും ഒരു ഉത്തരവ് ഉണ്ടായത്. മൂന്നാര്‍ മേഖലയില്‍ ഇനി മുതല്‍ നിര്‍മ്മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണം. എന്‍ഒസി ഇല്ലാതെ നിര്‍മ്മാണങ്ങള്‍ പാടില്ല. ഇതാണ് കോടതിയുടെ ഉത്തരവ്. മൂന്നാര്‍ മേഖല എന്നത് എട്ട് വില്ലേജുകളായി കോടതി പിന്നീട് അംഗീകരിച്ച് ഉത്തരവിറക്കി. 2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരാണ് ഈ ഉത്തരവ് മൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കേണ്ടിയിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഈ ഹൈക്കോടതി വിധി കണ്ട ഭാവം നടിച്ചില്ലെന്ന് മാത്രമല്ല, എന്‍ഒസി ഇല്ലാതെ നൂറുകണക്കിന് റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. ഇങ്ങനെ എന്‍ഒസി ഇല്ലാതെ നിര്‍മ്മിച്ച കെട്ടിടങ്ങളെ സം­­­ബന്ധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഓഗസ്റ്റ് 22 ന് ഉത്തരവിറക്കിയത്.

എന്നാല്‍ എന്‍ഒസി ജില്ല മുഴുവന്‍ ബാധകമാക്കുമെന്ന സൂ­ചന ഉണ്ടായി. ഈ വിഷയത്തില്‍ സിപിഐ നേതൃത്വം അടിയന്തിരമായി ഇടപെട്ടു. തുടര്‍ന്ന് സിപിഐ, സിപിഐ(എം) നേതൃത്വം യോജിച്ച് മുഖ്യമന്ത്രി റവന്യൂ മന്ത്രി എന്നിവരെ നേരില്‍ കണ്ട് വിശദമായി ഈ കാര്യങ്ങള്‍ ബോധിപ്പിച്ചു. ഹൈ­ക്കോടതി ഉത്തരവുണ്ടാക്കിയ ആശങ്കകള്‍ പരിഹരിക്കണമെങ്കില്‍ ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണം. 1964ലെ ചട്ടം അനുസരിച്ച് പട്ടയ ഭൂമിയില്‍ ഒരു വീട് വയ്ക്കാനാണ് അനുമതിയുള്ളത്. 1993ലെ ചട്ടം അനുസരിച്ചാണെങ്കില്‍ വീടും ഒരു ചെറിയ കടമുറിയും ഉണ്ടാക്കാം. 1964 ലെ ചട്ടം കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപം നല്‍കിയതാണ്. ആര്‍ ശങ്കറായിരുന്നു അന്നത്തെ മുഖ്യമന്ത്രി. 1993 ലെ ചട്ടം കരുണാകരനും മാണിയും അധികാരത്തില്‍ ഇരുന്നപ്പോള്‍ രൂപം നല്‍കിയതാണ്.

ഈ രണ്ട് ചട്ടങ്ങളും ഭേദഗതി ചെയ്യണമെന്ന് 2016 വരെ അധികാരത്തില്‍ ഇ­രുന്നപ്പോള്‍ എന്തുകൊണ്ടാണ് യുഡിഎഫിന് തോന്നാത്തത്.? ചട്ടം ഭേദഗതി ചെയ്യാതെ എട്ട് വില്ലേജുകളില്‍ നിര്‍മ്മാണം അസാധ്യമാണെന്നറിയാമായിരുന്ന യുഡിഎഫ് അതിന് തയ്യാറാവാതെ എന്‍ഒസി ഇല്ലാതെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഒത്താശ ചെയ്ത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ പാഴൂര്‍പടിപ്പുര വരെ പോകേണ്ടതില്ല. വര്‍ത്തമാനകാലത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി ഭൂമി പതിവ് ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് സിപിഐ നിലപാട്. ഈ നിലപാട് ശക്തമായി തന്നെ സര്‍ക്കാര്‍ മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം പാരിസ്ഥിതിക പ്രാധാന്യമുള്ള ടൂറിസ്റ്റ് മേഖലകളിലെ നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ടൂറിസ്റ്റു മേഖലയേയും കാര്‍ഷിക മേഖലയേയും വേര്‍തിരിക്കണം. തീര്‍ച്ചയായും ഈ സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ അംഗീകരിച്ച് തീരുമാനമെടുക്കുക തന്നെ ചെയ്യും.

ഹൈക്കോടതി ഉത്തരവ് ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കുന്നതിന് യുഡിഎഫ് കാണിച്ച അതേ കര്‍ഷക വിരുദ്ധ നിലപാടുകളാണ് പട്ടയ കാര്യത്തിലും സ്വീകരിച്ചിരുന്നത്. 1964 ലെ ചട്ടം അനുസരിച്ച് വിതരണം ചെയ്യുന്നതിന് ഒട്ടേറെ ജനവിരുദ്ധ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി യുഡിഎഫ് കൈവശമുള്ള ഒരേക്കര്‍ ഭൂമിക്ക് മാത്രമേ പട്ടയം നല്‍കൂ. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പട്ടയം നല്‍കില്ല, പട്ടയം 12 വര്‍ഷത്തേക്ക് കൈ­മാറ്റം പാടില്ല എന്നീ വ്യവസ്ഥകളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഈ വ്യവസ്ഥകളൊക്കെ കര്‍ഷക സ്നേഹം കൊണ്ടാണെന്ന് യുഡിഎഫ് അവകാശപ്പെടുന്നുണ്ടോയെന്ന് വ്യക്തമാക്കണം. 50 വര്‍ഷക്കാലത്തിലേറെയായി കൈവശമുള്ള ഭൂമിക്കാണ് യുഡിഎഫ് ഈ വ്യവസ്ഥകള്‍ കൊണ്ടുവന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വ്യവസ്ഥകളെല്ലാം എടുത്തു മാറ്റി. നാല് ഏക്കര്‍ ഭൂമിയ്ക്ക് വരെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചു. വരുമാനപരിധി എടുത്തുകളഞ്ഞു.

കൈമാറ്റം ചെയ്യാന്‍ പാടില്ലായെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു. ഉപാധിരഹിത പട്ടയമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇപ്പോള്‍ തന്നെ ഇരുപതിനായിരത്തില്‍ അ­ധികം പേര്‍ക്ക് പട്ടയം നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഉപാധികളോടുകൂടിയ പട്ടയങ്ങ­ള്‍ തിരികെ വാങ്ങി ഉപാധിരഹിത പട്ടയമാക്കി നല്‍കുകയും ചെയ്തു. യുഡിഎഫിന്റെ കാലത്ത് കാര്‍ഡമം രജിസ്ട്രേഷന്‍ നിര്‍ത്തി വച്ചുവെന്ന് മാത്രമല്ല നിയമകുരുക്കുകളിലേക്ക് തള്ളിവിടുകയും ചെയ്തു. ഈ സര്‍ക്കാര്‍ നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമായി ഇപ്പോള്‍ കാര്‍ഡമം രജിസ്ട്രേഷന്‍ പുനസ്ഥാപിച്ചു. കര്‍ഷകര്‍ പട്ടയഭൂമിയില്‍ നട്ടുവളര്‍ത്തിയ 28 ഇനം മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബിനോയ് വിശ്വം വനം മന്ത്രി ആയിരുന്നപ്പോള്‍ കൃഷിക്കാര്‍ക്ക് അനുമതി നല്‍കിയിരുന്നു. യുഡിഎഫ് വന്നപ്പോള്‍ ഈ അനുമതി റദ്ദാക്കി.

ഇപ്പോഴത്തെ സര്‍ക്കാര്‍ വീണ്ടും 28 ഇനം മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഏത് സര്‍ക്കാരാണ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. തീര്‍ച്ചയായും ഇനിയും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളുണ്ട്. ഇക്കാര്യത്തിലും സിപിഐയ്ക്ക് വ്യക്തതയുണ്ട്. ദേവികുളം പഞ്ചായത്തിലെ കോളനികളിലും ചിന്നക്കനാല്‍ പഞ്ചായത്തിലെ വിവിധ കോളനികളിലും താമസിക്കുന്നവരുടെ പട്ടയ വിഷയം പരിഹരിക്കണം. പാറക്കെട്ടുകള്‍, തരിശ് എന്നിങ്ങനെയെല്ലാം രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കണം. കഞ്ഞിക്കുഴി- വാഴത്തോപ്പ് പഞ്ചായത്തുകളില്‍ ആരംഭിച്ച പട്ടയ നടപടികള്‍ക്ക് വേഗത വേണം, ആദിവാസികള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ നടപടി ഉടന്‍ ആരംഭിക്കണം. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ മലയിഞ്ചി മേഖല, കാന്തല്ലൂര്‍, മറയൂര്‍, മാങ്കുളം മേഖല വാഗമണ്‍ ഇങ്ങനെ നിരവധി പ്രദേശങ്ങളില്‍ പട്ടയ നടപടികള്‍ ത്വരിതപ്പെടുത്തണം.

പല പട്ടയ ഓഫീസുകളിലും ഇടനിലക്കാര്‍ പറയുന്നവരുടെ പട്ടയങ്ങളാണ് തയ്യാറാക്കുന്നതെന്നും ഇത് കള്ളപ്പട്ടയമാണെന്നും ആക്ഷേപങ്ങളുണ്ട്. ഒരു പറ്റം റവന്യൂ ഉദ്യോഗസ്ഥര്‍ പട്ടയ നടപടികള്‍ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തടയുകയും അത്തരക്കാര്‍ക്ക് എതിരെ നടപടി എടുക്കണം. സര്‍വ്വെ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് വേഗത്തില്‍ പരിഹരിക്കണം. പെരിഞ്ചാംകുട്ടിയില്‍ നിന്നും കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ഭൂമി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കണം. ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനെതിരെയും യുഡിഎഫ് സമരത്തിലാണ്. കുറ്റിയാര്‍വാലിയില്‍ പട്ടയം കിട്ടിയവര്‍ക്ക് ഭൂമി കിട്ടിയില്ല. ഇപ്പോള്‍ അവരുടെ ഭൂമി അളന്ന് നല്‍കുവാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മൂന്ന് ചെയിന്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്കും പട്ടയം ലഭ്യമാക്കണം. തീര്‍ച്ചയായും ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവും. പരിഹരിക്കേണ്ടപ്പെടേണ്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണിയും, സര്‍ക്കാരും ഒരുമിച്ച് മുന്നോട്ട് പോവുക തന്നെ ചെയ്യും.

(അവസാനിച്ചു)