June 6, 2023 Tuesday

പൗരത്വഭേദഗതി നിയമം ജനങ്ങളെ വിഭജിക്കുന്നു

Janayugom Webdesk
December 21, 2019 9:50 pm

പൗരത്വനിയമ (ഭേദഗതി) ബിൽ — 2019 പാർലമെന്റ് പാസ്സാക്കിയതോടുകൂടി രാജ്യത്തിന്റെ നാനാഭാഗങ്ങളിലും അശാന്തിയും അസ്വസ്ഥതയും കത്തിപ്പടരുകയാണ്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ജമ്മു-കശ്മീർ പുനഃസംഘടനാ ബില്ലും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഉം റദ്ദുചെയ്തുകൊണ്ടുള്ള നിയമ നിർമ്മാണവും നടത്തിയതിനെ തുടർന്ന് ആളിപ്പടർന്ന തീ അണയുന്നതിന് മുമ്പേ മോഡി ഗവൺമെന്റ് അടുത്ത സർജിക്കൽ സ്ട്രൈക്ക് ഇന്ത്യൻ ജനതയ്ക്കു മേൽ നടത്തിയിരിക്കുകയാണ്. സിറ്റിസൺഷിപ്പ് അമെന്റ്മെന്റ് ആക്ടിനെതിരെ വിവിധ തരത്തിലുള്ള പ്രക്ഷോഭമാണ് ഇന്ന് നടക്കുന്നത്.

ഒരു മതേതര രാജ്യമായ ഇന്ത്യയിൽ മുസ്‌ലിം സമുദായത്തെ മാത്രം പുതുതായി പൗരത്വം നൽകുന്ന കുടിയേറ്റക്കാരുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയെന്നതാണ് വിവിധ മുസ്‌ലിം സംഘടനകൾ പ്രക്ഷോഭത്തിനാധാരമായി ഉയർത്തുന്ന പ്രശ്നം. അസ്സാം, മേഘാലയ, അരുണാചൽപ്രദേശ്, ത്രിപുര, മണിപ്പൂർ, നാഗാലാന്റ്, മിസോറം തുങ്ങിയ വടക്കു കിഴക്കൻ അതിർത്തി സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ആ സംസ്ഥാനങ്ങളിൽ കുടിയേറിയ ആർക്കും തന്നെ — ഹിന്ദുവാകട്ടെ, മുസ്ലീമാകട്ടെ, ക്രൈസ്തവർ ആകട്ടെ, പുതുതായി പൗരത്വം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. എന്നാൽ ഭരണഘടനയിൽ വിശ്വസിക്കുന്ന ഏതൊരു ജനാധിപത്യ‑മതേതര വിശ്വാസിയേയും ആശങ്കപ്പെടുത്തുന്നത് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മോഡി സർക്കാർ മതം ഒരു മാനദണ്ഡമാക്കുന്നു എന്നതാണ്.

ഇന്ത്യ ഏതെങ്കിലും ഒരു മതവിശ്വാസിയുടെ മാത്രമായ രാജ്യമല്ല. ഇന്ത്യൻ ഭരണഘടന ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ ലിംഗത്തിന്റെയോ പേരിലുള്ള ഒരു വിവേചനവും പാടില്ലായെന്നത് ഉറപ്പാക്കുന്നുണ്ട്. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമായതുകൊണ്ടാണ് മതപരമായ വിവേചനത്തെ ഭരണഘടന അനുവദിക്കാത്തത്. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടന ലംഘനം നടത്തിയ ബിജെപി ഗവൺമെന്റ് ഒരു രാജ്യത്തിന്റെ അടിസ്ഥാന സവിശേഷതകളെയാണ് തുടർച്ചയായി തകർത്തുകൊണ്ടിരിക്കുന്നത്. അണപൊട്ടിയൊഴുകുന്ന ജനരോഷം ബോദ്ധ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി ”ദൗർഭാഗ്യകര”മെന്നും ”രാഷ്ട്രീയ പ്രേരിതമെ”ന്നും ആണ് ജനകീയ പ്രതിഷേധത്തെ വിശേഷിപ്പിച്ചത്. യഥാർഥത്തിൽ ഈ ഭേദഗതി ബില്ലിന്റെ നിർമ്മാണമാണ് രാഷ്ട്രീയ പ്രേരിതം. സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള മോഡി സർക്കാരിന്റെ തീരുമാനമാണ് ഈ ബില്ലിനെ രാഷ്ട്രീയപ്രേരിത നിർമിതിയാക്കുന്നത്.

പ്രതിഷേധക്കാർക്കെതിരെ ആസാമിൽ ഡിസംബർ 12 ന് പൊലീസ് നടത്തിയ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധിയാളുകൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച നടന്ന പൊലീസ് വെടിവയ്പിൽ കർണാടകയിലെ മംഗളുരുവിൽ രണ്ടുപേരും യു പി യിലെ ലക്നൗവിൽ ഒരാളും കൊല്ലപ്പെട്ടു. കശ്മീരിലെ പോലെ പല സംസ്ഥാനങ്ങളിലെയും മിക്ക പ്രദേശങ്ങളിലും സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് സംവിധാനങ്ങളും വിഛേദിച്ചു ഇപ്പോൾ പഴയ ജമ്മു-കശ്മീർ സംസ്ഥാന മേഖലയും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളും ഒരേ തരത്തിൽ അശാന്തിയുടെ താഴ്‌വരകളായി. രാജ്യത്ത് സാമ്പത്തിക വളർച്ച പുറകോട്ടാണെങ്കിലും അശാന്തിയും അസ്വസ്ഥതകളും വളർത്തുന്നതിൽ മോഡി ഗവൺമെന്റ് മുൻപന്തിയിലാണ്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിലും സർക്കാർ മുൻപന്തിയിലാണ്.

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപി ഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം തുടങ്ങി നിരവധി ഇടതു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓരോ ദിവസം കഴിയുന്തോറും പ്രക്ഷോഭത്തിന്റെ തീ അണയുകയല്ല കൂടുതൽ ആളിക്കത്തുകയാണ് ചെയ്യുന്നത്. ഡിസംബർ 15 മുതൽ 17 വരെ അസ്സാമിലെ ഗോഹട്ടിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ‑ജപ്പാൻ ഉച്ചകോടി ഈ സാഹചര്യത്തിൽ ഉപേക്ഷിക്കേണ്ടിവന്നു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസേ, ആബേയുടെ ഇന്ത്യാ സന്ദർശനവും ഇതുമൂലം ഒഴിവാക്കി. പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ വിഭാഗങ്ങളിൽ സ്വാഭാവികമായും ക്ഷുഭിത ഇന്ത്യൻ യൗവ്വനമാണ് മുൻപന്തിയിൽ.

ജാമിയ മില്ലിയ, അലിഗഡ് മുസ്‌ലിം, ജെഎൻയു യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികൾ ശക്തമായ പ്രതിഷേധമുയർത്തി തെരുവിലിറങ്ങി. പൊലീസ് യൂണിവേഴ്സിറ്റി അധികൃതരുടെ അനുവാദത്തിനുപോലും കാത്തുനിൽക്കാതെയാണ് സർവകലാശാല വളപ്പിൽ കയറി വിദ്യാർഥികളെ തല്ലിച്ചതച്ചത്. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ പ്രക്ഷോഭം പടർന്നു. ഹാർവാർഡ്, ഓക്സ്ഫോർഡ്, മസാച്യുസെറ്റ്സ്, കൊളംബിയ, സ്റ്റാൻഫഡ് സർവകലാശാലകളിലെ വിദ്യാർഥികൾ ജാമിയയിലെ വിദ്യാർത്ഥികളെ പിന്തുണച്ച് മാർച്ചുകൾ സംഘടിപ്പിച്ചു. ഫിൻലൻഡിലും ജർമനിയിലും സ്വിറ്റ്സർലണ്ടിലും ഇന്ത്യൻ വിദ്യാർഥികൾ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങി. ദി ടെലഗ്രാഫ്, ദി ന്യൂയോർക്കർ, ഗൾഫ് ന്യൂസ്, ദി ഗാർഡിയൻ, അൽജസീറ, സൗത്ത് ചൈന മോണിംഗ് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളും ജാമിയ സർവകലാശാല പ്രക്ഷോഭം വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്വർക്ക് ഇന്ത്യൻ വിദ്യാർഥികളുടെ പ്രക്ഷോഭങ്ങൾ റിപ്പോർട്ടു ചെയ്തു.

ഇന്ത്യാ ഗവൺമെന്റിന്റെ ഇന്നലെവരെ ഉണ്ടായിരുന്ന ”മതേതരത്വം” എന്ന ഭരണഘടനാ സവിശേഷതയിൽ നിന്നുള്ള വ്യതിചനലമാണ് വിദേശമാധ്യമങ്ങളുടെ ഈ റിപ്പോർട്ടിന് അടിസ്ഥാനം. ഇന്ത്യയിൽ മോഡി ഭരണകൂടം രാജ്യത്തെ മതവൽക്കരിക്കുന്നു എന്ന ചിന്ത വിദേശ രാജ്യങ്ങളെ ആകെ ഗ്രസിച്ചിരിക്കുന്നു. 1992 ൽ ബാബ്റി മസ്ജിദ് പൊളിച്ച സന്ദർഭത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് കുറച്ചു മങ്ങലേറ്റിരുന്നു. എന്നാൽ അതിനേക്കാൾ എത്രയോ വലുതാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിശ്വാസ തകർച്ച. മോഡി ഭരണകൂടത്തിന്റെ ലോകരാഷ്ട്രങ്ങൾക്കുള്ള സംഭാവനയാണ് ഇന്ത്യയുടെ ആത്മാവിനെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഈ നയവ്യതിയാനം. ജമ്മു-കശ്മീരിന് പ്രത്യേകാധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദു ചെയ്തുകൊണ്ടുള്ള തീരുമാനം കേന്ദ്രം കൈക്കൊള്ളുമ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളോടു ചോദിച്ചത് ഒരു സംസ്ഥാനത്തിന് മാത്രമായി എന്തിനാണ് ഒരു പ്രത്യേകാധികാരം എന്നാണ്.

അപ്പോൾ തന്നെ ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളും കോൺഗ്രസ്സ് നേതൃത്വവും ചൂണ്ടിക്കാണിച്ച ഒരു വസ്തുതയാണ് ”ജമ്മു കശ്മീരിനു മാത്രമല്ല, ഇന്ത്യയിലെ പല അതിർത്തി സംസ്ഥാനങ്ങൾക്കും ചില പ്രത്യേകാധികാരങ്ങൾ ഇന്ത്യൻ ഭരണഘടന നൽകിയിട്ടുണ്ട്” എന്ന്. ബിജെപി അത് ബോധപൂർവം പ്രചരണങ്ങളിൽ മറച്ചുവയ്ക്കുകയായിരുന്നു. ഇപ്പോൾ മേഘാലയ, മണിപ്പൂർ, ത്രിപുര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആവശ്യപ്പെടുന്നതും ആഭ്യന്തരമന്ത്രി അവർക്ക് ഉറപ്പു നൽകിയതായി കേൾക്കപ്പെടുന്ന വിവരം ഈ സംസ്ഥാനങ്ങളിൽ ഇന്നർ ലൈൻ പെർമിറ്റ് നിയമത്തിൽ വീണ്ടും ഭേദഗതി വരുത്താമെന്നുമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം നടത്തുന്നവരുടെ ആവശ്യം 1971 മാർച്ച് 24 നു ശേഷമുള്ള ഒരു കുടിയേറ്റക്കാർക്കും പൗരത്വം കൊടുക്കേണ്ടതില്ലായെന്നതാണ്. ആ മേഖലയിലെ പൗരാണികതയെ ഇല്ലാതാക്കുന്ന തരത്തിലുള്ള ജനസംഖ്യാ വർധനവാണ് കുടിയേറ്റക്കാർ (അഭയാർഥികൾ) മുഖേന അവിടെയുണ്ടായിട്ടുള്ളത്.

ആർക്കും പൗരത്വം കൊടുക്കാതിരിക്കുന്നതിൽ അനുരഞ്ജനത്തിന്റെ വഴിതേടാൻ അമിത്ഷാ തയ്യാറാണ്. എന്നാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഒഴിച്ചുള്ള ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും മുസ്‌ലിം കുടിയേറ്റക്കാരെ മാത്രമായി ഒന്നുകിൽ നാടു കടത്താമെന്നും അല്ലെങ്കിൽ കൽതുറുങ്കിൽ അടയ്ക്കാൻ കഴിയുമെന്ന ചിന്ത ഉണ്ടായതുകൊണ്ടാണ് നിയമ ഭേദഗതിയിൽ നിന്നും പുറകോട്ടില്ലായെന്ന നിലപാട് കേന്ദ്രം വാശിയോടെയെടുക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ”മുസ്‌ലിങ്ങൾക്കു പോകാൻ നിരവധി ഇടങ്ങളുണ്ട്, പക്ഷെ ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രമെയുള്ളു” എന്നും പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ ജനതയെ വീണ്ടും മതത്തിന്റെ മതിലുകൊണ്ട് വിഭജിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഭരണകൂടം ഫലത്തിൽ ഇന്ത്യയുടെ ആത്മാവായ മതേതരത്വത്തെയും ജനാധിപത്യത്തെയുമാണ് ഇല്ലാതാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.