ഉയര്‍ന്ന രാഷ്ട്രതന്ത്രജ്ഞത ആവശ്യപ്പെടുന്ന പൗരത്വ പ്രശ്‌നം

Web Desk
Posted on September 03, 2019, 9:08 am

സമിനെ കലാപത്തിന്റെയും കൂട്ടക്കുരുതികളുടെയും ദുരന്ത ഭൂമിയാക്കി മാറ്റിയ പ്രക്ഷോഭങ്ങള്‍ക്ക് ശമനമുണ്ടാക്കിയ കരാര്‍ അഖില അസം വിദ്യാര്‍ഥി യൂണിയനും (ആസു) കേന്ദ്ര സര്‍ക്കാരും അസം സംസ്ഥാന സര്‍ക്കാരും ഒപ്പുവച്ചിട്ട് പതിനാലു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 1951 ലെ ദേശീയ പൗരത്വ രജിസ്റ്റര്‍ അസമിന്റെ കാര്യത്തില്‍ 1971 മാര്‍ച്ച് 27 അന്തിമദിനമായി കണക്കാക്കി നവീകരിക്കുക എന്നതായിരുന്നു കരാറിന്റെ അന്തസ്സത്ത. ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും സുപ്രീം കോടതി ഇടപെടലിന്റെ ഫലമായി ഇക്കഴിഞ്ഞ ദിവസം, 2019 ഓഗസ്റ്റ് 31ന്, രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കാര്യാലയം പുതുക്കിയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു. പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ നല്‍കിയ പത്തൊമ്പത് ലക്ഷത്തില്‍പരം പേര്‍ അക്ഷരാര്‍ഥത്തില്‍ പുറത്തായ പട്ടികയാണ് പ്രസിദ്ധീകൃതമായത്. സുദീര്‍ഘമായ പ്രക്രിയയിലൂടെ തയ്യാറാക്കിയ അന്തിമ പട്ടിക ആരെയും സന്തുഷ്ടരാക്കുന്നില്ല. എന്നുമാത്രമല്ല, അത് വ്യാപകമായി അസംതൃപ്തിയും പ്രതിഷേധവുമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. അസം പ്രക്ഷോഭത്തിന്റെ കേന്ദ്രധാരയായിരുന്ന ആസുതന്നെ അന്തിമ പട്ടികയില്‍ അസന്തുഷ്ടി രേഖപ്പെടുത്തുകയും അതിനെതിരെ പരമോന്നത കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയുമാണ്. അസമിലെ പൗരത്വ പ്രശ്‌നം നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പരമാവധി ദുരുപയോഗം ചെയ്ത ബിജെപിയും അമിത്ഷാ അടക്കം തീവ്ര ഹിന്ദുത്വ നേതൃത്വവും സ്വന്തം അണികളോടും രാജ്യത്തോടും തൃപ്തികരമായ വിശദീകണം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തങ്ങളുടെ വോട്ട്ബാങ്കായ ബംഗാളി ഹിന്ദുക്കളില്‍ വലിയൊരു സംഖ്യ പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നു എന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രഹിന്ദുത്വ പാളയത്തില്‍ തന്നെ പടയോട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ചരിത്രാതീത കാലം മുതല്‍ ബ്രഹ്മപുത്ര സമതലങ്ങളിലടക്കം ജീവിച്ചുപോന്ന ആദിവാസി ജനവിഭാഗങ്ങള്‍ പതിനായിരക്കണക്കിന് പട്ടികയ്ക്ക് പുറത്താണെന്നത് സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയ്ക്ക് കാരണമായിരിക്കുന്നു.

അസം പൗരത്വ പട്ടികയുടെ അന്തിമ കരട് പുറത്തുവന്നതോടെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും താന്താങ്ങളുടെ പ്രദേശങ്ങളില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ദേശീയതലത്തില്‍ തന്നെ പൗരത്വ പട്ടിക പുതുക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നത് ബിജെപി ദേശീയ‑പ്രാദേശിക നേതൃത്വം തന്നെയാണെന്നത് ശുഭ സൂചകമല്ല. ബംഗ്ലാദേശില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാര്‍ കൊല്‍ക്കത്ത നഗരമടക്കം പശ്ചിമബംഗാളിലും ഡല്‍ഹി, മുംബൈ തുടങ്ങിയ മഹാനഗരങ്ങളിലും കൂട്ടത്തോടെ കുടിപാര്‍ത്തുവരുന്നുവെന്ന ദുഃസൂചനയാണ് അത്തരം ആവശ്യങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. തങ്ങള്‍ പ്രതീക്ഷിക്കാത്ത തോതില്‍ ബംഗാളി ഹിന്ദുക്കളും തദ്ദേശീയരായ ആദിവാസി ജനവിഭാഗങ്ങളും പൗരത്വ പട്ടികയില്‍ നിന്നു പുറത്താവുകയും മുസ്‌ലിം ജനവിഭാഗങ്ങള്‍ പട്ടിയില്‍ ഇടം നേടുകയും ചെയ്തിരിക്കുന്നു എന്നത് ഹിന്ദുത്വ തീവ്രവാദശക്തികളെ തെല്ലൊന്നുമല്ല വിറളി പിടിപ്പിക്കുന്നത്. ഒന്നാം മോഡി സര്‍ക്കാരിന് പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ കഴിയാതിരുന്ന പൗരത്വ ഭേദഗതി ബില്‍ പാസാക്കിയെടുക്കുകവഴി ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാമെന്നാണ് ഹിന്ദുത്വ ഭരണകൂട വൃത്തങ്ങള്‍ കണക്കാക്കുന്നത്. അതാവട്ടെ അസമിലെ പൗരത്വ പ്രശ്‌നങ്ങള്‍ മാത്രമല്ല രാജ്യത്തുടനീളം കൂടുതല്‍ തീവ്രതരമായി ജനങ്ങളെ ഭിന്നിപ്പിക്കാനും രാഷ്ട്രീയ അന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാനുമേ വഴിവയ്ക്കൂ.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരും പലായനം ചെയ്തവരും അഭയാര്‍ഥികളായി അതിര്‍ത്തി കടന്നെത്തിയ ഹിന്ദു, ബുദ്ധ, സിഖ്, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പെട്ടവരുമായവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിര്‍ദ്ദിഷ്ട ഭേദഗതി നിയമം. രാഷ്ട്രീയമോ മതപരോ ആയ കാരണങ്ങളാല്‍ ഇന്ത്യയില്‍ അഭയം തേടേണ്ടിവന്ന ജനങ്ങള്‍ക്ക് പൗരത്വം നല്‍കി അവരുടെ ജീവിത സുരക്ഷിതത്വവും പൗരാവകാശങ്ങളും ഉറപ്പുവരുത്തുന്നതിനെ ആരും എതിര്‍ക്കേണ്ടതില്ല. എന്നാല്‍ മതവിശ്വാസത്തിന്റെ പേരില്‍ മുസ്‌ലിം ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ നിന്ന് ആട്ടി അകറ്റാനും അവരെ എക്കാലത്തും രണ്ടാംതരം പൗരന്മാരായി വേര്‍തിരിക്കാനുമാണ് നിയമനിര്‍മാണം ലക്ഷ്യംവയ്ക്കുന്നതെങ്കില്‍ അത് രാഷ്ട്രത്തിന്റെ ഭാവി നിലനില്‍പിനുതന്നെ ഭീഷണിയായി മാറിയേക്കാം. അസമിലടക്കം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഉയര്‍ന്നുവരുന്ന പൗരത്വ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയവും ജനാധിപത്യപരവും മാനവികവുമായ പരിഹാരം കണ്ടെത്തുകയാണ് ദേശീയ ഐക്യവും സന്മനോഭാവവും ഉറപ്പുവരുത്തുന്ന രാഷ്ട്രതന്ത്രജ്ഞത. എന്നാല്‍ രാജ്യം എത്തിപ്പെട്ടിരിക്കുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പൗരത്വ പ്രശ്‌നം ഒരു രാഷ്ട്രീയ ആയുധമായി ദുരുപയോഗം ചെയ്യാന്‍ തീവ്രഹിന്ദുത്വ ശക്തികള്‍ ശ്രമിക്കാതിരിക്കില്ല. രാജ്യത്തിന്റെയും ജനതയുടെ ഐക്യം രാഷ്ട്ര നിലനില്‍പിന് അതിപ്രധാനമെന്ന് തിരിച്ചറിയുന്ന ശക്തികള്‍ അതീവ ജാഗ്രത പുലര്‍ത്തണം.