യുഡിഎഫ് അവകാശവാദങ്ങൾ ജലരേഖയായി: കാനം

Web Desk
Posted on October 30, 2019, 10:00 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് ഐ­ക്യജനാധിപത്യ മുന്നണി ഉന്നയിച്ച അവകാശവാദങ്ങളെല്ലാം ജല രേഖയായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിടത്തും എൽഡിഎഫ് തിളക്കമാർന്ന വിജയമാണ് നേടിയത്. യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന മൂന്ന് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് ഒപ്പം നിന്ന അരൂർ നഷ്ടപ്പെട്ടതിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗതീരുമാനങ്ങൾ വിശദീകരിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം പോലെയുള്ള ഒരു നിയോജകമണ്ഡലത്തിൽ ഇടതുജനാധിപത്യമുന്നണി സ്ഥാനാർഥിയുടെ അപരന് രണ്ടായിരത്തി എഴുന്നൂറോളം വോട്ടും, നോട്ടയ്ക്ക് ആയിരത്തി അഞ്ഞൂറിലധികവും വോട്ടുകൾ ലഭിച്ചത് പരിശോധിക്കേണ്ട വിഷയമാണ്. അരൂരും എറണാകുളവും കൂടി എൽഡിഎഫ് ജയിച്ചിരുന്നുവെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറുമായിരുന്നു.

എൽഡിഎഫ് സർക്കാരിന്റെ ജനപക്ഷ നിലപാടുകളാണ് എൽഡിഎഫിന് വിജയം സമ്മാനിച്ചത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ ജനപക്ഷ നിലപാടിനും വികസനകാഴ്ചപ്പാടിനും ജനങ്ങൾ നൽകിയ അംഗീകാരമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സംസ്ഥാന കൗൺസിൽ വിലയിരുത്തിയതായി കാനം പറഞ്ഞു. ആസിയൻ കരാറിന്റെ മാതൃകയിൽ പുതിയ സ്വതന്ത്ര വ്യാപാരകരാർ ഉണ്ടാക്കാനുള്ള നീക്കത്തിനെതിരെ യോജിച്ച പ്ര­ക്ഷോഭം വളർത്തിക്കൊണ്ടുവരാൻ കൗ­ൺസിൽ തീരുമാനിച്ചു. നവംബർ നാല് മുതൽ കിസാൻ സഭയുടെ നേതൃത്വത്തിൽ പ്രചരണം നടത്തും. കമ്മ്യുണിസ്റ്റ് ഇന്റർനാഷണലിന്റെ നൂറാം വാർഷികം സംസ്ഥാനത്തുടനീളം വിവിധ പരിപാടികളോടെ ഒരു വർഷക്കാലം നടത്താൻ തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനം 26ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തൃശ്ശൂരിൽ നിർവ്വഹിച്ചു. നവംബർ 21 ന് തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും, മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളിലേക്കും മാർച്ച് നടത്തും.

കേരളത്തിൽ ഭൂപരിഷ്ക്കരണ നിയമം സമഗ്രമായി നടപ്പിലാക്കിയിട്ട് 2020 ജനുവരി ഒന്നിന് 50 വർഷം പൂർത്തിയാവുകയാണ്. നിരവധിയായ കമ്മ്യുണിസ്റ്റ് കർഷക നേതാക്കന്മാർ നിയമത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് ഇ ഗോപാലകൃഷ്ണ മേനോന്റെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ വിപുലമായ പരിപാടി സംഘടിപ്പിക്കും. ഒരു വർഷക്കാലം സംസ്ഥാനത്ത് ഉടനീളം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ്ബാബു, സത്യൻമൊകേരി എന്നിവരും പങ്കെടുത്തു.