കെ കെ ജയേഷ്

കോഴിക്കോട്

December 18, 2020, 10:45 pm

ബിജെപിയിലെ ഏറ്റുമുട്ടൽ വീണ്ടും മറനീക്കി

Janayugom Online

കെ കെ ജയേഷ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയിലെ ഏറ്റുമുട്ടൽ വീണ്ടും മറനീക്കി പുറത്തുവരുന്നു. സംസ്ഥാനത്ത് പാർട്ടി വലിയ നേട്ടമുണ്ടാക്കുമെന്നും തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകൾ പിടിക്കുമെന്നും അവകാശപ്പെട്ട് മുന്നോട്ടുപോയ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തെരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ആയുധങ്ങൾ മൂർച്ചകൂട്ടി ശോഭാ സുരേന്ദ്രൻ‑പി കെ കൃഷ്ണദാസ് വിഭാഗം വീണ്ടും രംഗത്തുവരുന്നത്. സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇവർ കേന്ദ്ര നേതൃത്വത്തിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ ബിജെപി ഒറ്റയ്ക്ക് മത്സരിച്ച 2015 ൽ 1400 വാർഡും 18 പഞ്ചായത്തിൽ ഭരണവുമുണ്ടായിരുന്നു. ഇതിൽ അഞ്ച് പഞ്ചായത്തിൽ ഭരണം പിന്നീട് നഷ്ടപ്പെട്ടു. മുന്നണിയായി മത്സരിക്കുമ്പോൾ ബിജെപി വലിയ നേട്ടം ഉണ്ടാക്കേണ്ടതുണ്ട്. എന്നാൽ അതിന്റെ നാലയലത്തെത്താൻ പോലും സാധിച്ചില്ല. കേന്ദ്ര സർക്കാരിന്റെ പദ്ധതികളൊന്നും ജനങ്ങളിലെത്തിക്കാൻ കെ സുരേന്ദ്രൻ ശ്രമിച്ചില്ല. സ്വർണക്കള്ളക്കടത്തിന് പിന്നാലെ പാർട്ടി പോയപ്പോൾ മുഖ്യമന്ത്രിയെയും കോടിയേരി ബാലകൃഷ്ണനെയും വാർത്താസമ്മേളനങ്ങളിലൂടെ തേജോവധം ചെയ്യാനായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പൂർണ ശ്രദ്ധയെന്നാണ് ഇവരുടെ ആരോപണം.

എന്നാൽ പാർട്ടിവിരുദ്ധമായ നീക്കങ്ങളാണ് ശോഭാ സുരേന്ദ്രൻ വിഭാഗം നടത്തുന്നതെന്നാണ് കെ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ നിലപാട്. പാർട്ടി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ആര് നേതൃത്വം നൽകിയാലും ശോഭാ സുരേന്ദ്രൻ വിഭാഗം പറയുന്നതുപോലുള്ള നേട്ടമുണ്ടാക്കാൻ നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ കഴിയില്ല. പാർട്ടിവിരുദ്ധമായ വാർത്തകൾ ചില മാധ്യമങ്ങളുടെ സഹായത്തോടെ ഇവർ പ്രചരിപ്പിക്കുകയാണെന്നും സുരേന്ദ്രൻ അനുകൂലികൾ പറയുന്നു.

കഴിഞ്ഞ ദിവസം മുക്കത്ത് ബിജെപിക്കാർ ഫണ്ടിനെച്ചൊല്ലി ഏറ്റുമുട്ടിയ സംഭവം ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് സ്റ്റോറിയാക്കിയതും സുരേന്ദ്രൻ വിഭാഗം ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ഫണ്ടിനെച്ചൊല്ലിയുള്ള തർക്കത്തിൽ മുക്കത്ത് ബിജെപി പ്രവർത്തകർ ഏറ്റുമുട്ടുകയും ഒരു പ്രവർത്തകന് കുത്തേൽക്കുകയും ചെയ്തിരുന്നു.

ഇതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ പരാജയപ്പെടുത്താൻ ക്രോസ് വോട്ട് നടന്നുവെന്ന കെ സുരേന്ദ്രന്റെ ആരോപണം ഒ രാജഗോപാൽ എംഎൽഎ തള്ളിയതാണ് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രൻ വിഭാഗം ആയുധമാക്കുന്നത്. തിരുവനന്തപുരത്ത് ഭരണം കിട്ടാതെ പോയതിന് കാരണം ക്രോസ് വോട്ടാണെന്ന് താൻ പറയില്ല. ജനങ്ങളുടെ പ്രീതി നേടുന്ന കാര്യത്തിൽ വേണ്ടത്ര വിജയിച്ചില്ല. എൽഡിഎഫിന് അതിന് സാധിച്ചുവെന്നുമായിരുന്നു രാജഗോപാലിന്റെ പ്രതികരണം. ഈ പ്രതികരണങ്ങൾ ആയുധമാക്കിയാണ് ശോഭാ സുരേന്ദ്രൻ വിഭാഗം കെ സുരേന്ദ്രനെതിരെ നീക്കങ്ങൾ നടത്തുന്നത്.

കോർ കമ്മിറ്റിയോ ഇലക്ഷൻ കമ്മിറ്റിയോ ചേരാതെ മാനിഫെസ്റ്റോപോലും ഇറക്കാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വെൽഫെയർ പാർട്ടിയും യുഡിഎഫും ഉണ്ടാക്കിയ സഖ്യം എൽഡ‍ിഎഫ് പ്രചാരണ വിഷയമാക്കിയപ്പോൾ ഇതൊന്നും പ്രചാരണ വിഷയമാക്കാതെ സ്വർണക്കള്ളക്കടത്തിൽ കേന്ദ്രീകരിക്കുകയായിരുന്നു സുരേന്ദ്രനെന്നും ഇവർ കുറ്റപ്പെടുത്തി. ശോഭാ സുരേന്ദ്രനെ പ്രചാരണത്തിന് ഇറക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെയും ആർഎസ്എസിന്റെയും നിർദ്ദേശം അവഗണിച്ചു മുന്നോട്ടുപോയതും രാഷ്ട്രീയ പക്വതയുടെ കുറവായി കൃഷ്ണദാസ്-ശോഭാ സുരേന്ദ്രൻ പക്ഷം വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ബിജെപിയുടെ പരാജയം ചർച്ച ചെയ്യാൻ അടിയന്തരമായി സംസ്ഥാന കമ്മിറ്റിയും ഭാരവാഹി യോഗവും വിളിക്കണം. തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാകാത്തതിനാൽ സുരേന്ദ്രന്റെ രാജി ആവശ്യപ്പെടണമെന്ന് ഇവർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റി എല്ലാ വിഭാഗത്തെയും ഒന്നിച്ചുകൊണ്ടുപോകാൻ ഗ്രൂപ്പിന് അതീതമായ ഒരു വ്യക്തിയെ പ്രസിഡന്റാക്കണമന്നാണ് ഇവരുടെ ആവശ്യം.

തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടിയുണ്ടായില്ല. തെരഞ്ഞെടുപ്പിൽ സുരേന്ദ്രന്റെ പ്രതീക്ഷകളും അവകാശവാദങ്ങളും തകർന്നതോടെ ഇവർ വീണ്ടും കരുനീക്കങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്.

Eng­lish Sum­ma­ry: The clash in the BJP flared up again

You May Like This video also