ഇന്ത്യാ- പാക് വ്യാപാരം അവസാനിപ്പിച്ചത് പതിനായിരങ്ങളെ ബാധിച്ചു

Web Desk

ന്യൂഡൽഹി

Posted on January 18, 2020, 9:58 pm

ഇന്ത്യാ-പാക് വ്യാപാര ബന്ധം നിർത്തലാക്കിയത് പതിനായിരക്കണക്കിന് പേരെ ബാധിച്ചതായി റിപ്പോർട്ട്. കച്ചവടക്കാർ, ട്രക്ക് ഡ്രൈവർമാർ, ടയർ, മെക്കാനിക് സ്റ്റോർ തൊഴിലാളികൾ, പ്രാദേശിക ഹോട്ടലുകൾ എന്നിവരെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നത്.
പഞ്ചാബിൽ 9,354 കുടുംബങ്ങളെയും അൻപതിനായിരം ജനങ്ങളെയും ഇത് നേരിട്ട് ബാധിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കശ്മീരിലെ 900 കുടുംബങ്ങൾക്കും ഇത് തിരിച്ചടിയായി. വാഗാ-അട്ടാരി അതിർത്തി വഴിയും നിയന്ത്രണ രേഖ വഴിയുമുള്ള വ്യാപാരമാണ് 2019ൽ നിർത്തി വച്ചത്.

തങ്ങളുടെ ജീവിതോപാധികൾ ഇല്ലാതാക്കാതെ തങ്ങളെ തന്നെ കൊന്നുകളയുകയായിരുന്നു ഇതിലും ഭേദമെന്ന് ഇവർ പറയുന്നു. പലരും നിരവധി നാളായി പട്ടിണിയിലാണെന്നും ഇവർ വ്യക്തമാക്കുന്നു. എന്നാൽ ഇത് പാകിസ്ഥാനുള്ള ശക്തമായ സന്ദേശമാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്ത്യയുടേതിനെക്കാൾ പാക് സമ്പദ് വ്യവസ്ഥയെ ഇത് ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പാർലമെന്റ് ആക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായെങ്കിലും ഇത് വ്യാപാര ബന്ധത്തെ ബാധിച്ചിരുന്നില്ലെന്ന് അമേരിക്കയിലെ മുൻ ഇന്ത്യൻ സ്ഥാനപതി അരുൺകുമാർ സിങ് പറഞ്ഞു. ഭീകരതയെ തുടർച്ചയായി പിന്തുണയ്ക്കുന്ന പാകിസ്ഥാനോടുള്ള വിദ്വേഷം കാട്ടാൻ വേണ്ടിയാണ് ഇത്തരം കടുത്ത നടപടികളിലേക്ക് അധികൃതർ നീങ്ങിയതെന്നും വിദേശകാര്യമന്ത്രാലയത്തിലെ പാകിസ്ഥാൻ ഡെസ്ക് കൈകാര്യം ചെയ്യുന്ന സിങ് കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: The clo­sure of the Indo-Pak trade has affect­ed tens of thou­sands.

you may also like this video;