‘കായൽ മുരിങ്ങ’ മേളയിലെ താരം, സിഎംഎഫ്ആർഐ ഭക്ഷ്യ‑മത്സ്യ‑കാർഷിക മേള ഇന്ന് സമാപിക്കും

Web Desk
Posted on November 15, 2019, 6:22 pm

കൊച്ചി: ആദ്യമൊന്ന് പകച്ചെങ്കിലും, ഔഷധഗുണത്തെ കുറിച്ചറിഞ്ഞപ്പോൾ കായൽ മുരിങ്ങ (ഓയിസ്റ്റർ) ജീവനോടെ കഴിക്കാൻ ജനം യാതൊരു മടിയും കാണിച്ചില്ല. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന ഭക്ഷ്യ‑മ്ത്സ്യ‑കാർഷിക മേളയിൽ രണ്ടാംദിവസം ശ്രദ്ധാകേന്ദ്രമായത് മൂത്തകുന്നം വനിതാ കർഷക സംഘം എത്തിച്ച കായൽ മുരിങ്ങയായിരുന്നു. കൃഷിചെയ്ത് വിളവെടുത്ത മുരിങ്ങ ശാസ്ത്രീയമായി ശുദ്ധീകരണം നടത്തിയാണ് മേളയിലെത്തിച്ചത്.

പാചകം ചെയ്യാതെ തന്നെ കഴിക്കാവുന്ന ഔഷധഗുണമേൻമയ്ക്ക് ആഗോളതലത്തിൽ തന്നെ പേര് കേട്ട ഭക്ഷ്യവിഭവമാണ് കായൽ മുരിങ്ങ. ഏറെ ഔഷധമൂല്യമുള്ളതും കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഒമേഗ‑3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടവുമാണ് കായൽ മുരിങ്ങ. അത്യപൂർവമായ ധാതുലവണമായ സെലീനിയവും, സിങ്ക്, കാത്സ്യം, അയേൺ, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ജീവനോടെ കഴിക്കുമ്പോൾ ഔഷധമൂല്യങ്ങൾ ഒട്ടും നഷടമാകാതെ നോക്കാം. പഞ്ചനക്ഷത്ര ഹോട്ടലുകളാണ് വിളവെടുക്കുന്ന കായൽമുരിങ്ങയുടെ പ്രധാന ഉപഭോക്താക്കളെന്ന് വനിത കർഷകർ പറയുന്നു. സാധാരണഗതിയിൽ വിപണിയിൽ അത്ര സുലഭമല്ലാത്ത കായൽ മുരിങ്ങ സിഎംഎഫ്ആർഐ മേളയിൽ ലഭ്യമാണെന്നറിഞ്ഞതോടെ ആവശ്യക്കാർ ഒഴുകിയെത്തി. സിഎംഎഫ്ആർഐയുടെ മേൽനോട്ടത്തിലാണ് വനിതാ കർഷക സംഘങ്ങൾ മൂത്തകുന്നത് കായൽ മുരിങ്ങ കൃഷി ചെയ്യുന്നത്.

സിഎംഎഫ്ആർഐയിൽ നടക്കുന്ന ഭക്ഷ്യ‑മത്സ്യ‑കാർഷിക മേളയിൽ കായൽ മുരിങ്ങ ജീവനോടെ കഴിക്കാനെത്തിയവർ.

ഒലീവ്, ജാതി എന്നിവയുടേതടക്കം വിവിധയിനം തൈകൾ, നാടൻ കപ്പ തുടങ്ങിയവ സ്വന്തമാക്കാനും മേളയിലേക്ക് ആളുകളെത്തി.

ഭക്ഷണത്തിലെ മായം: ആശങ്കപങ്കുവെച്ച് മേളയിലെ ചർച്ച

മായം കലർന്ന ഭക്ഷണപദാർത്ഥങ്ങൾ വിപണിയിൽ വർധിച്ചുവരുന്നതിൽ ആശങ്ക പങ്കുവെയ്ക്കുന്നതായിരുന്നു ഭക്ഷ്യസുരക്ഷയെ കുറിച്ച് മേളയിൽ നടന്ന ചർച്ച. കാർഷകവിളകിലെ കീടനാശിനി പ്രയോഗങ്ങളും ഭക്ഷണവസ്തുക്കൾ ഏറെ ദിവസം കേടുവരാതിരിക്കാനുള്ള രാസപ്രയോഗങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. മായം ചേർത്ത ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്നത് തടയിടാൻ പരിശോധനകൾ കർശനമാക്കിവരികയാണെന്ന് ചർച്ചയിൽ വിഷയാവതരണം നടത്തിയ ഭക്ഷ്യ സുരക്ഷാ ഓഫീസർ പി ബി ദിലീപ് പറഞ്ഞു. വ്യാപകമായ രീതിയിൽ മായം ചേർത്തതിനാലാണ് വിവിധ വെളിച്ചെണ്ണ ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കൃത്രിമ നിറങ്ങളും രാസപദാർത്ഥങ്ങളും ചേർത്ത ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നതിനെതിരിൽ പൊതുജനങ്ങളിൽ വ്യാപകതോതിൽ ബോധവൽക്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷിപരിപാലനത്തെകുറിച്ച് ബിജുമോൻ സക്കറിയ സംസാരിച്ചു. മത്സ്യകൃഷി, കാർഷിക മേഖലയിലെ ഉന്നത പഠനങ്ങൾ എന്നീ വിഷയങ്ങളിലാണ് ഇന്ന് ) ചർച്ചകൾ നടക്കുക.