Web Desk

ന്യൂഡൽഹി

April 02, 2020, 8:53 pm

രാജ്യത്ത് വരാനിരിക്കുന്ന ദിനങ്ങൾ നിർണ്ണായകം; കേന്ദ്രമന്ത്രി ഹർഷവർധൻ

Janayugom Online

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. രാജ്യത്ത് വരാനിരിക്കുന്ന ദിനങ്ങൾ കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് നാല് ആഴ്ചവരെ സമയമെടുത്തേക്കുമെന്നും നിലവിൽ സമൂഹ വ്യാപനം തടയുന്നതിൽ ലോക്ഡൗൺ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമൂഹവ്യാപനം ഉണ്ടായെന്ന് ഈ ഘട്ടത്തിൽ പറയാൻ സാധിക്കില്ല. നിലവിൽ വിദേശത്ത് നിന്നെത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവരിലാണ് കൊവിഡ് രോഗം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കൊവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്, എന്നാൽ വാക്സിനിലേക്ക് ഇതുവരേയും എത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം ലോക്ഡൗൺ കാലവധി നീട്ടുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയിട്ടില്ല. ഇനിയും കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ലോക്ഡൗൺ നീട്ടുമോയെന്ന ചോദ്യത്തിന് ആരോഗ്യമന്ത്രിയുടെ മറുപടി. പിപിഇ കിറ്റുകളും എൻ 95 മാസ്ക്കുകളും വേണ്ടത്ര ലഭ്യമാക്കുന്നുണ്ടെന്നും ആവശ്യാനുസരണം ഇനിയും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെന്റിലേറ്ററും ഐസിയു ബെഡുകളും ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

you may also like this video;