16 April 2024, Tuesday

Related news

April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024

ത്രിവർണക്കൊടി ഹൈദരാബാദിൽ ഉയർത്തിയത് കമ്മ്യൂണിസ്റ്റുകൾ

Janayugom Webdesk
September 25, 2022 5:00 am

ഹൈദരാബാദ് നാട്ടുരാജ്യത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷകർ നയിച്ച പോരാട്ടമാണ് തെലങ്കാന സായുധ സമരം. ചൂഷണത്തിൽ നിന്ന് കർഷകരെ മോചിപ്പിക്കുക, സ്വാതന്ത്ര്യലബ്ധിയിൽ ഹൈദരാബാദ് ഇന്ത്യൻ യൂണിയന്റെ ഭാഗമാകുക എന്നിവ സമര ലക്ഷ്യങ്ങളിൽ സുപ്രധാനമായിരുന്നു. രാജ്ബഹദൂർ ഗൗർ എഴുതി 1947 സെപ്റ്റംബറിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (സിപിഐ) പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ തലക്കെട്ട് ഹൈദരാബാദിന് മുകളിൽ പാറിപറക്കുന്ന ത്രിവർണക്കൊടി എന്നായിരുന്നു. 1944–46 കാലഘട്ടത്തിൽ ഉടലെടുത്ത കർഷക പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും മുൻനിര നേതാവായിരുന്നു വിഖ്യാത കമ്മ്യൂണിസ്റ്റായ ഡോ. രാജ്ബഹദൂർ ഗൗർ. കർഷക സമരങ്ങൾ 1946–51 കാലമായപ്പോൾ വലിയൊരു പോരാട്ടമായി രൂപാന്തരപ്പെട്ടു. ഫ്യൂഡൽ വാഴ്ചയിൽ, ഭൂരിഭാഗം ഭൂമിയും ഭൂപ്രഭുക്കന്മാരുടെ കൈകളിലായിരുന്നു. അവരുടെ ചൂഷണമോ അങ്ങേയറ്റം ക്രൂരവുമായിരുന്നു. കർഷകരുടെ മേൽ പൂർണമായ അധികാരം കയ്യാളുന്ന വന്യമായ കാർഷിക അടിമത്ത വ്യവസ്ഥയായിരുന്നു അത്. 1930കളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായി. കൃഷി വാണിജ്യ വിളകളിൽ കേന്ദ്രീകരിച്ചു. കമ്മ്യൂണിസത്തിൽ പ്രത്യാശയര്‍പ്പിച്ച കർഷകർ ഏതാനും വർഷങ്ങൾക്കുള്ളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ നെഞ്ചേറ്റി. ആന്ധ്രാ മഹാസഭ സംഘടിക്കാനുള്ള വേദിയായി. അവകാശ പ്രസ്ഥാനങ്ങൾക്ക് തുടക്കമായി. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി കടുത്ത ഭക്ഷ്യക്ഷാമം മേഖലയെ ബാധിച്ചു. ചൂഷണത്തിനും വിശപ്പിനുമെതിരെ കർഷക മുന്നേറ്റം ശക്തമായി. കർഷക മുന്നേറ്റങ്ങളെ അടിച്ചമർത്താൻ ഭരണകൂടവും ജന്മികളും തുനിഞ്ഞിറങ്ങി. സമരം ശക്തമായ പോരാട്ടമായും കലാപമായും പടർന്നു.


ഇതുകൂടി വായിക്കൂ: കേരളത്തിലെ കലാരംഗവും കമ്മ്യൂണിസ്റ്റ് പാർട്ടിയും


1946 ജൂലൈ നാലിന് വാറങ്കലിലെ കടവടി ഗ്രാമത്തിൽ ഒരു പ്രാദേശിക കർഷക നേതാവിനെ ജന്മികളുടെ ഗുണ്ടകൾ കൊന്നതോടെയാണ് സമരം കലാപമായി ആളിയത്. നൽഗൊണ്ട, വാറങ്കൽ ജില്ലകളിൽ നിന്ന് ആരംഭിച്ച പോരാട്ടം തെലങ്കാനയിലുടനീളം വിപ്ലവമായി ജ്വലിച്ചു. നിസാം മിർ ഉസ്മാൻ അലി ഖാന്റെയും പിന്നീട് കാസിം റിസ്വിവിയുടെയും നേതൃത്വത്തിൽ പോരാട്ടങ്ങളെ അടിച്ചമർത്താൻ ഭരണകൂടം മുന്നിട്ടിറങ്ങി. ഹൈദരാബാദ് സ്റ്റേറ്റ് സേനയും പൊലീസും അർധസൈനിക വിഭാഗങ്ങളും കർഷക മുന്നേറ്റങ്ങളെ തടയാനാവാതെ പിന്മാറി. ഗറില്ലാ ആക്രമണങ്ങളിലുടെ വിജയം ഉറപ്പിച്ച പോരാളികൾ ഗ്രാമരാജ്യങ്ങളും ഗ്രാമകമ്മ്യൂണുകളും ഇടചേർന്നൊരു സമാന്തര ഭരണസംവിധാനത്തിന് രൂപം നൽകി. സാമൂഹിക വിപ്ലവത്തിന് ഇത് വഴിയായി. ജാതി, ലിംഗ വ്യത്യാസങ്ങൾ കുറഞ്ഞു. സായുധ സ്ക്വാഡുകളിൽ ഉൾപ്പെടെ സ്ത്രീ പങ്കാളിത്തം വർധിച്ചു. ഭൂമി വിതരണം ചെയ്തതോടെ കർഷകരുടെ അവസ്ഥയും മെച്ചപ്പെട്ടു. 1948ൽ പോരാട്ടം ഉച്ചസ്ഥായിയിൽ നിന്ന അക്കാലത്ത്, തെലങ്കാനയിലെ 4,000 ഗ്രാമങ്ങളെങ്കിലും അവരുടെ നിയന്ത്രണത്തിലായി. 1934 മുതൽ ഗോദാവരി കൃഷ്ണ മേഖലയിലും സമീപ പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റുകൾ സജീവമായിരുന്നു. കർഷക സംഘടനകളായ ആന്ധ്രാ മഹാസഭ (മദ്രാസ്)യും അഖിലേന്ത്യാ കിസാൻ സഭയും കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങൾക്ക് വഴികാട്ടിയായി. തെലങ്കാനയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യം വേരൂന്നിയത് വാറങ്കൽ ജില്ലയിലെ മധീര‑ഖമ്മം പ്രദേശത്താണ്. വൈര, പാലേരു ജലസേചന പദ്ധതി പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കിയ കർഷകർ ഇവിടെ ബലം തീർത്തു. ആന്ധ്രയുടെ തീരദേശത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അണികളുണ്ടായി. മുംഗള കേന്ദ്രീകരിച്ചിരുന്ന പ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാവ് ചന്ദ്ര രാജേശ്വര റാവുവിന്റെ ശ്രമഫലമായി വാറങ്കൽ, നൽഗൊണ്ട ജില്ലകളിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സംഘടനകൾ രൂപംകൊണ്ടു. 1941ൽ പെർവാലി വെങ്കിട്ടരമണയ്യയുടെ നേതൃത്വത്തിൽ തെലങ്കാനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രാദേശിക കമ്മിറ്റി സ്ഥാപിച്ചു.


ഇതുകൂടി വായിക്കൂ: കൃഷ്ണപിള്ള കണ്ടെടുത്ത കമ്മ്യൂണിസ്റ്റ് വിപ്ലവകാരി


കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ വിദ്യാർത്ഥി പ്രസ്ഥാനം നിർണായകമായ പങ്കാളിത്തം വഹിച്ചു. വന്ദേമാതരം പോരാട്ടങ്ങളിൽ സജീവമായിരുന്ന നിരവധി തീവ്ര, പുരോഗമന വിദ്യാർത്ഥി സംഘടനകൾ 1942 ജനുവരിയിൽ ഓൾ ഹൈദരാബാദ് സ്റ്റുഡന്റ്സ് യൂണിയൻ എന്ന പേരിൽ ഒന്നായി. വാറങ്കൽ, നൽഗൊണ്ട ജില്ലകളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ ഇത് നിർണായക ഘടകമായി. ഹൈദരാബാദ് നഗരത്തിലെ ദേശീയ, പുരോഗമന, മതേതര ബുദ്ധിജീവികൾ രാഷ്ട്രീയമായ ഉല്പതിഷ്ണുത്വം പ്രവർത്തികളിൽ മുഖമുദ്രയാക്കി. നയാ അദാബ് കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങൾ പരിചയപ്പെടുത്തി പ്രസിദ്ധീകരിച്ചു. വർഗീയ വിഭാഗീയ സംഘടനകളുടെ വളർച്ചയ്ക്കെതിരെ സഖാക്കളുടെ മുന്നേറ്റം ചെറുത്തുനില്പായി. രാജ് ബഹദൂർ ഗൗറിന്റെയും മഖ്ദൂം മൊഹിയുദ്ദീന്റെയും നേതൃത്വത്തിൽ സഖാക്കളുടെ മുന്നേറ്റം കമ്മ്യൂണിസ്റ്റ് സംഘടനയായി.
1947 ഫെബ്രുവരിയിൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യൻ നേതൃത്വത്തിന് അധികാരം കൈമാറുന്നതായി പ്രഖ്യാപിച്ചു. നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയുടെയോ പാകിസ്ഥാനിന്റെയോ ഭാഗമാകാം അല്ലെങ്കിൽ സ്വതന്ത്രരായി നിലകൊള്ളാം എന്നുള്ള ഉപാധി നൽകുകയും ചെയ്തു. ഹൈദരാബാദ് നിസാം, മുസ്‌ലിം പ്രഭുക്കന്മാർ, മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസൽമീൻ എന്നിവർ ഹൈദരാബാദ് ഒരു സ്വതന്ത്ര രാജ്യമാകണമെന്ന് ആഗ്രഹിച്ചിരുന്നു, എന്നാൽ മഹാഭൂരിപക്ഷവും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും സ്വയം ഭരണപങ്കാളിത്തം ഉറപ്പിക്കുന്നതിനുമായി ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയുമായുള്ള ലയനത്തെ പാർട്ടിയുടെ ആവശ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പുരോഗമന ഇടതുചേരിയുമായി സ്വയം അണിചേര്‍ന്നു. ഇന്ത്യയുടെ ഭാഗമാകണം എന്ന നിലപാട് അംഗീകരിക്കാൻ നിസാമിനോട് ആവശ്യപ്പെടുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു. 1947 മാർച്ചിൽ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. സ്റ്റേറ്റ് കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റി പുനഃസ്ഥാപിക്കുകയും സ്വാമി രാമാനന്ദ തീർത്ഥയെ 751–498 വോട്ടുകൾക്ക് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: കര്‍മ്മധീരയായ കമ്മ്യൂണിസ്റ്റ് വനിത


കോൺഗ്രസിനുള്ളിലെ മിതവാദികളെ പൂർണമായി ഒഴിവാക്കാൻ ഇത് വഴിയായി. തീർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ടങ്ങളെ പ്രകീർത്തിക്കുകയും സംസ്ഥാന കോൺഗ്രസിൽ കൂടുതൽ വിപ്ലവകരമായ നയങ്ങൾ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുകയും ചെയ്തു. ഹൈദരാബാദ് ഇന്ത്യയുമായി ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സത്യഗ്രഹം നടത്തി. പ്രതിഷേധങ്ങൾക്കും മുന്നിട്ടിറങ്ങി. ഫലപ്രാപ്തിയിൽ ആശങ്ക നിലനിൽക്കുമ്പോഴും കമ്മ്യൂണിസ്റ്റുകൾ പ്രക്ഷോഭത്തിൽ കോൺഗ്രസ് പ്രവർത്തകരോടൊപ്പം ചേർന്നു. തെലങ്കാനയിലെ ഭൂരിഭാഗം പ്രക്ഷോഭങ്ങളും പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ നടന്നവ, കമ്മ്യൂണിസ്റ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചതായിരുന്നു. ‘ഇടതുപക്ഷ കോൺഗ്രസുകാർ’ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഏകീകരണം ആഗ്രഹിച്ചിരുന്നെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞില്ല. ‘വലതുപക്ഷ കോൺഗ്രസുകാർ’ ജന്മികളുടെ പിന്തുണയുള്ളവരാണെന്നും അവർ കമ്മ്യൂണിസ്റ്റുകളുമായി ഏതെങ്കിലും തരത്തിലുള്ള ധാരണയെ എതിർക്കുന്നു എന്ന പൊതുതോന്നലും ബലപ്പെട്ടു.
ജന്മികളുടെ സംഘടനയായി കരുതിയിരുന്ന ആന്ധ്രാ കോൺഫറൻസ് കർഷകർക്കിടയിൽ ജനപ്രീതി നേടുകയും തെലങ്കാനയിലെ ആന്ധ്രാ മഹാസഭ (എഎംഎസ്) എന്ന് വിളിക്കപ്പെടുകയും ചെയ്തു. വെങ്കിടേശ്വര റാവു ഇക്കാലയളവിൽ പാർട്ടിയുടെ ഗതിയിൽ നിരാശരായ കോൺഗ്രസ് അംഗങ്ങളെയും അനുഭാവികളെയും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് സ്വീകരിക്കുകയും ചെയ്തു. രാഷ്ട്രീയ അടിച്ചമർത്തലുകൾ തുടരുമ്പോഴും ആന്ധ്രാ മഹാസഭ (എഎംഎസ്) ക്രമേണ കർഷകരുടെയും തൊഴിലാളിവർഗത്തിന്റെയും കൂട്ടായ്മയോടെ നിസാമിനെതിരായ ഒരു സമരോത്സുക സംഘടനയായി രൂപാന്തരപ്പെട്ടു. മധ്യവർഗവും യുവാക്കളും അതിൽ അണിചേർന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായ രവി നാരായൺ റെഡ്ഡിയും ബദ്ദം യെല്ല റെഡ്ഡിയും പ്രസിഡന്റും സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഈ പ്രക്രിയ പൂർണമാകുകയും ചെയ്തു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.