രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ വിജയം നേടിയെങ്കിലും മുഖ്യമന്ത്രിമാരെ കണ്ടെത്താനാകാതെ ബിജെപി നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങളെ നിയോഗിക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ ആവശ്യത്തില്‍ത്തട്ടിയാണ് തീരുമാനം വെെകുന്നത്. അതേസമയം തീരുമാനം നീണ്ടുപോകുന്നത് വിജയത്തിന്റെ ശോഭകെടുത്തുന്നതായും ബിജെപിക്കുള്ളിൽ അഭിപ്രായമുയരുന്നുണ്ട്. അഞ്ചാംവട്ടം മുഖ്യമന്ത്രിക്കസേര നോട്ടമിടുന്ന മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാനടക്കമുള്ളവര്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ ഉള്‍പ്പടെയുള്ളവരുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ അന്തിമ തീരുമാനമായില്ല. സ്ഥാനമോഹികളെ തൃപ്തിപ്പെടുത്താന്‍ മൂന്നു സംസ്ഥാനങ്ങളിലും ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനും സാധ്യതയുണ്ട്. എംഎല്‍എമാരെ മുന്‍നിര്‍ത്തി ശക്തി തെളിയിക്കാനുള്ള ശ്രമങ്ങള്‍ നേതാക്കളും ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ മുന്‍മുഖ്യമന്ത്രി വസുന്ധര രാജെയുടെ വസതിയില്‍ കഴിഞ്ഞ ദിവസം എംഎല്‍എമാരെത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ സി പി ജോഷിയെയും പുതിയ എംഎല്‍എമാര്‍ സന്ദര്‍ശിച്ചിരുന്നു. ഇത്തരം നീക്കങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്.
രാജസ്ഥാനിലാണ് വലിയ പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനം നിര്‍ണയിക്കാന്‍ പലവിധ മാരത്തോണ്‍ ചര്‍ച്ചകള്‍ ഇതിനോടകം നടന്നു. ഏഴിലധികം നേതാക്കള്‍ രംഗത്തുണ്ട്. വസുന്ധര രാജെ സിന്ധ്യക്ക് വീണ്ടുമൊരു അവസരം നൽകുന്നതില് ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. അതേസമയം അണികളിൽ നിർണായക സ്വാധീനമുള്ള വസുന്ധരയെ പ്രകോപിപ്പിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുണ്‍ സിങും സി പി ജോഷിയും തമ്മിലും ചര്‍ച്ചകള്‍ നടന്നു. ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ചന്ദ്രശേഖറുമായി ഇരുവരും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ജോഷിയും അരുണ്‍ സിങും നഡ്ഡയുമായി വീണ്ടുമൊരു കൂടിക്കാഴ്ച നടത്തി.
ഛത്തിസ്ഗഡില്‍ രേണുക സിങിന്റെയും മുന്‍ മുഖ്യമന്ത്രി രമണ്‍ സിങിന്റെയും പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. നിരവധി എംഎല്‍എമാര്‍ രമണ്‍ സിങിനെ വസതിയിലെത്തി കാണുകയും ചെയ്തിരുന്നു. അതേസമയം രേണുക സിങ് എംപി സ്ഥാനം രാജിവച്ചിട്ടില്ല. ഇത് രമണ്‍ സിങ്ങിന്റെ കടുംപിടിത്തം കാരണമാണെന്ന് സൂചനയുണ്ട്. വനിതാ മുഖ്യമന്ത്രിയെ നിയോഗിച്ചാല്‍ ഭരണപരിചയമുള്ള മുതിർന്ന നേതാവിനെ ഉപമുഖ്യമന്ത്രിയാക്കുണമെന്ന അഭിപ്രായവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
മധ്യപ്രദേശിൽ മികച്ച വിജയം നേടിയ ചൗഹാനെ മാറ്റിനിർത്തേണ്ടതില്ലെന്ന നിലപാട് ദേശീയ നേതൃത്വത്തിനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ചൗഹാനെ അവഗണിക്കുന്നത് സംസ്ഥാനത്ത് ആശയക്കുഴപ്പത്തിനും ഭിന്നതയ്ക്കും ഇടയാക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. എന്നാല്‍ സംസ്ഥാന ബിജെപി നേതൃത്വത്തില്‍ നിന്നു തന്നെ ചൗഹാനെതിരെ നീക്കങ്ങള്‍ നടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും താന്‍ മുഖ്യമന്ത്രി സ്ഥാന പട്ടികയിലില്ലെന്ന് ശിവരാജ് സിങ് ചൗഹാന് എക്സില്‍ കുറിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും ചൗഹാന് കൂട്ടിച്ചേര്‍ത്തു. അതേസമയം കേന്ദ്രനേതൃത്വത്തിന് ഇതൊരു മുന്നറിയിപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകന് വിലയിരുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുവരെ ചൗഹാനെ മുഖ്യമന്ത്രിയാക്കി ശേഷമുള്ള കാലം തലമുറമാറ്റം സാധ്യമാക്കാമെന്ന പോംവഴിയും നേരത്തെ കേന്ദ്രനേതൃത്വം ആലോചിച്ചിരുന്നു.
English Summary:The competition in BJP is tight; Many leaders are aiming for the post of Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.