June 29, 2022 Wednesday

ലോകത്തിന്റെ ആശങ്കകള്‍ അവഗണിക്കപ്പെട്ടുകൂട

By Janayugom Webdesk
January 29, 2020

ഇന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ആറ് പ്രമേയങ്ങള്‍ ചര്‍ച്ചക്കെടുക്കുകയാണ്. യൂറോപ്യന്‍ പാര്‍ലമെന്റിലെ 751 അംഗങ്ങളില്‍ 626 പേര്‍ പിന്തുണയ്ക്കുന്ന പ്രമേയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അത്തരം ഒരു ചര്‍ച്ചയോ തുടര്‍ന്ന് നാളെ നടന്നേക്കാവുന്ന വോട്ടെടുപ്പിന്റെ ഫലമോ ഒരുപക്ഷെ യൂറോപ്യന്‍ യൂണിയനും ഇന്ത്യയുമായുള്ള ബന്ധങ്ങളില്‍ പെട്ടെന്ന് മാറ്റമൊന്നും സൃഷ്ടിച്ചേക്കില്ലെന്ന വാദം, വാദത്തിനുവേണ്ടി അംഗീകരിക്കപ്പെട്ടേക്കാം. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് എന്ന ഇന്ത്യയുടെ പ്രതിഛായക്ക് അതേല്പിച്ചേക്കാവുന്ന ആഘാതം സമാനതകളില്ലാത്തതും അതീവ ഗൗരവതരവും ആയിരിക്കും. പൗരത്വ ഭേദഗതി നിയമത്തോടൊപ്പം ജമ്മു-കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ മോഡി സര്‍ക്കാര്‍ നടപടിയും പ്രമേയത്തിലെ മുഖ്യ പരാമര്‍ശ വിഷയമാണെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും ജമ്മുകശ്മീരില്‍ പ്രവേശനം നിഷേധിച്ച മോഡി ഭരണകൂടം രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഒരുപറ്റം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളെ അവിടേക്ക് ക്ഷണിച്ചുവരുത്തി പര്യടന പരിപാടി സംഘടിപ്പിച്ചത്. മോഡി സര്‍ക്കാരിന്റെ ആ നയതന്ത്ര വ്യായാമം സമ്പൂര്‍ണ പരാജയമായിരുന്നുവെന്നാണ് യൂറോപ്യന്‍ പാര്‍ലമെന്റിലെ മഹാഭൂരിപക്ഷം അംഗങ്ങളും പിന്തുണക്കുന്ന പ്രമേയം നല്‍കുന്ന സന്ദേശം. ആശയപരമായ ഭിന്നതകള്‍ക്ക് അതീതമായി പൗരത്വത്തെയും മതനിരപേക്ഷതയെയും മനുഷ്യാവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണ് ആറ് വ്യത്യസ്ത പ്രമേയങ്ങളുടെയും അന്തര്‍ധാര എന്നതും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. തീവ്ര വലതുപക്ഷം മുതല്‍ കടുത്ത ഇടതുപക്ഷം വരെ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളെയും ചിന്താധാരകളെയും പ്രതിനിധീകരിക്കുന്ന അംഗങ്ങളാണ് പ്രമേയത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യാ-യൂറോപ്യന്‍ യൂ­­ണിയന്‍ ഉച്ചകോടിക്കായി മാര്‍ച്ച് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ബ്രസല്‍സ് സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. അക്കാരണത്താല്‍ തന്നെ ഉന്ന­ത രാഷ്ട്രതന്ത്രജ്ഞതയുടെ ഭാഗമായി യൂറോപ്യന്‍ പാര്‍ലമെന്റ് വിവാദ വിഷയത്തില്‍ വോ­­ട്ടെടുപ്പ് ഒഴിവാക്കിയേക്കാം. എന്നിരിക്കിലും ഇന്ത്യന്‍ പാര്‍ലമെന്റിനു തൊട്ടുപിന്നില്‍ രണ്ടാമത് ലോകത്ത് ഏറ്റവുമധികം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ച നയതന്ത്രപരമായും ജനാധിപത്യപരമായും ഇന്ത്യക്ക് കനത്ത ആഘാതമാകുമെന്നതില്‍ തര്‍ക്കമില്ല. ചര്‍ച്ചക്കു വരുന്ന ആറ് പ്രമേയങ്ങളില്‍ അഞ്ചെണ്ണവും പൗരത്വ ഭേദഗതി നിയമത്തെ ‘അപകടകരവും ഭിന്നിപ്പിക്കുന്ന’തെന്നും അര്‍ത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം വിമര്‍ശിക്കുന്നു. അവയില്‍ രണ്ടെണ്ണമാകട്ടെ നിയമത്തെ ‘അപകടകരമായ വ്യതിയാന’മെന്നും ‘ലോകത്തെ ഏറ്റവും വലിയ രാഷ്ട്ര രാഹിത്യ മനുഷ്യ പ്രതിസന്ധി‘യെന്നുമാണ് വിലയിരുത്തുന്നത്.

പ്രമേയങ്ങളില്‍ ഒന്ന് അവതരിപ്പിക്കുന്ന യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. 182 അംഗങ്ങളുടെ പിന്തുണയുള്ള ഈ ഗ്രൂപ്പ് മുസ്‌ലിം ജനതക്കെതിരായ വിവേചനത്തെ നിശിതമായി വിമര്‍ശിക്കുകയും അത് ഇന്ത്യയുടെ രാഷ്ട്രാന്തര പ്രതിഛായക്കും ആഭ്യന്തര സുസ്ഥിരതയ്ക്കും കടുത്ത ഭീഷണിയാണെന്നും വിലയിരുത്തുകയും ചെയ്യുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനെ ക്രൂരവും അക്രമാസക്തവുമായി നേരിടുന്ന ഭരണകൂട നടപടിയെ പ്രമേയം അപലപിക്കുന്നു. ‘സമാധാനപരമായി പ്രതിഷേധിക്കാനുള്ള’ ജനാധിപത്യ അവകാശത്തെ നിഷേധിക്കുന്ന ഭരണകൂട നടപടികളെ പ്രമേയം കടുത്ത ഭാഷയിലാണ് വിമര്‍ശിക്കുന്നത്. പൗരത്വഭേദഗതി നിയമം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും പുരോഗതിക്കും കടുത്ത ഭീഷണിയായി മാറുന്നുവെന്നതിന്റെ നിരവധി സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ ഡാവോസില്‍ ജനുവരി 24ന് സമാപിച്ച ലോക സാമ്പത്തിക ഉച്ചകോടിയിലും മോഡി സര്‍ക്കാരും പൗരത്വ ഭേദഗതി നിയമവും രൂക്ഷ വിമര്‍ശനങ്ങളെയാണ് നേരിടേണ്ടിവന്നത്. നരേന്ദ്രമോഡി സര്‍ക്കാര്‍ ‘തുറന്ന സമൂഹങ്ങള്‍ക്ക് കനത്ത ഭീഷണി‘യാണ് ഉയര്‍ത്തുന്നതെന്ന് ഉച്ചകോടി വിലയിരുത്തുകയുണ്ടായി. ഇന്ത്യയുടെ വളര്‍ച്ചയെപ്പറ്റി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അസൂയാപൂര്‍വമായ പ്രവചനങ്ങള്‍ക്കു മുതിര്‍ന്ന കേന്ദ്രങ്ങള്‍ പോലും മോഡി ഭരണത്തില്‍ രാജ്യത്തിനു സംഭവിക്കുന്ന അപച്ച്യുതിയെപ്പറ്റി വിലപിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ലോകത്തെമ്പാടുനിന്നും ഉയരുന്ന ആശങ്കകള്‍ ഇനിയും അവഗണിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങളായിരിക്കും ക്ഷണിച്ചുവരുത്തുക.

Eng­lish sum­ma­ry: The con­cerns of the world can­not be ignored

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.