പൗരത്വ ഭേദഗതി പ്രക്ഷോഭത്തിൽ കോൺഗ്രസും മുസ്‌ലിം ലീഗും ഒറ്റപ്പെടുന്നു

Web Desk

കോഴിക്കോട്

Posted on January 15, 2020, 1:08 pm

പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന യോജിച്ച പ്രക്ഷോഭങ്ങളെ തുരങ്കം വെയ്ക്കുന്ന കോൺഗ്രസും മുസ്‌ലിം ലീഗും പൊതുജനങ്ങൾക്കിടയിൽ ഒറ്റപ്പെടുന്നു. ഇടതുപക്ഷവുമായി ചേർന്ന് പ്രക്ഷോഭം പാടില്ലെന്ന നിലപാടാണ് ചില കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നത്. യോജിക്കാവുന്ന എല്ലാ സംഘടനകളുമായും ചേർന്ന് പ്രക്ഷോഭം ശക്തിപ്പെടുത്താമെന്നുള്ള സമസ്ത ഇ കെ വിഭാഗത്തിന്റെ നിലപാടുകൾക്കെതിരെയാണ് ലീഗ് നിലയുറപ്പിക്കുന്നത്. ഇത്തരം നിലപാടുമായി മുന്നോട്ട് പോകുന്ന ഇരുപാർട്ടികളെയും കൈയ്യൊഴിഞ്ഞ് ഇടതുപക്ഷവുമായി ചേർന്ന് പോരാട്ടം ശക്തിപ്പെടുത്താൻ തന്നെയാണ് സമസ്ത ഇ കെ വിഭാഗം ഉൾപ്പെടെ എല്ലാ മുസ്‌ലിം സംഘടനകളുടെയും തീരുമാനം.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ മഹാറാലിയിൽ പങ്കെടുക്കുന്നതിൽ നിന്ന് സമസ്തയെ പിന്തരിപ്പിക്കാൻ ലീഗ് സമ്മർദ്ദം ശക്തമാക്കിയിരുന്നെങ്കിലും സമസ്ത നേതാക്കൾ വഴങ്ങിയില്ല. ഇടതുപക്ഷവുമായി ചേർന്ന് സമരം വേണ്ടെന്ന യുഡിഎഫ് തീരുമാനമെടുത്ത സാഹചര്യത്തിൽ സമസ്ത പരിപാടിയിൽ പങ്കെടുക്കുന്നത് ലീഗിന് തിരിച്ചടിയാകുമെന്ന നിരീക്ഷണത്തിലായിരുന്നു പിന്തിരിപ്പിക്കാനുള്ള ലീഗ് നീക്കം. എന്നാൽ വിലക്ക് ഗൗനിക്കാതെ സമസ്ത പങ്കെടുക്കുകയും എല്ലാ പ്രധാനപ്പെട്ട നേതാക്കളും പരിപാടിയിൽ സംസാരിക്കുകയും ചെയ്തു.

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാർ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയതിനെ അഭിനന്ദിക്കുകയും ചെയ്തു. ഇന്നലെ തലശ്ശേരിയിലും പ്രധാനപ്പെട്ട സമസ്ത നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. വ്യാഴാഴ്ച മലപ്പുറത്ത് നടക്കുന്ന സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട്ട് പരിപാടി നടക്കുമ്പോൾ തന്നെ മലപ്പുറത്ത് ലീഗ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാതെയാണ് സമസ്തയുടെ പ്രധാന നേതാക്കളും അണികളും കോഴിക്കോട്ട് നടന്ന മഹാറാലിയിൽ പങ്കെടുത്തത്. ലീഗ് നേതൃത്വത്തിൽ നടക്കുന്ന പരിപാടികളിൽ സമസ്ത നേതാക്കൾക്കായിരുന്നു സാധാരണ പ്രധാന്യം നൽകാറുള്ളത്. എന്നാൽ എറണാകുളത്ത് ലീഗ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കാന്തപുരം വിഭാഗത്തിനാണ് പ്രാധാന്യം നൽകിയത്. ഇത് സംഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് സമസ്തയിൽ അഭിപ്രായം ശക്തമായിട്ടുണ്ട്. നേരത്തെ സമസ്ത മുൻകൈയെടുത്ത് നടത്താനിരുന്ന മുസ്‌ലിം സംഘടനകളുടെ യോഗം ലീഗ് ഇടപെടലിനെത്തുടർന്ന് മാറ്റിവെക്കേണ്ടിവന്നിരുന്നു.

Eng­lish Sum­ma­ry: The Con­gress and the Mus­lim League have become iso­lat­ed.