Janayugom Online
congress

കോണ്‍ഗ്രസ് സ്വന്തം ശവക്കുഴി തോണ്ടുന്നു

Web Desk
Posted on November 16, 2018, 10:41 pm

ഇന്ത്യന്‍ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരന്തം ഭൂരിപക്ഷ വര്‍ഗീയതയുടെ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തത്വദീക്ഷാരഹിതമായ മൃദുഹിന്ദുത്വ നിലപാടുകളാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തും. രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെപ്പറ്റി കടുത്ത ആശങ്ക സൃഷ്ടിക്കുന്നതും കോണ്‍ഗ്രസിന്റെ തന്നെ ചരിത്രത്തെയും അസ്തിത്വത്തെയും നിരാകരിക്കുന്നതുമായ നയസമീപനങ്ങളാണ് അടുത്തകാലത്തായി ശബരിമല യുവതീപ്രവേശനമടക്കം സുപ്രധാന വിഷയങ്ങളില്‍ ആ പാര്‍ട്ടി അവലംബിക്കുന്നത്. കോണ്‍ഗ്രസിനെ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാക്കി മാറ്റിയത് സ്വാതന്ത്ര്യസമരകാലം മുതല്‍ സമീപ ഭൂതകാലം വരെ പിന്തുടര്‍ന്നുപോന്ന ശാസ്ത്രാവബോധത്തില്‍ അധിഷ്ടിതവും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിശിതമായി അപലപിച്ചും പരസ്യമായി ചോദ്യം ചെയ്തും ആ പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ച നിലപാടുകളാണ്. കേരളത്തിലും ഇന്ത്യയിലും ജാതിവിവേചനത്തെയും അതിന്റെ അടിസ്ഥാനത്തില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മ, തീണ്ടല്‍ തുടങ്ങി എല്ലാത്തരം സാമൂഹ്യ ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഗാന്ധിജിയും നെഹ്‌റുവുമടക്കം കോണ്‍ഗ്രസിന്റെ നേതാക്കള്‍ ചോദ്യം ചെയ്യുകയും അതിനെതിരായ ജനകീയ പോരാട്ടങ്ങളുടെ നെടുംതൂണായി വര്‍ത്തിക്കുകയും ചെയ്തിരുന്നു. വഴിനടക്കാനും ക്ഷേത്രപ്രവേശനത്തിനുമുള്ള കീഴാളജനതയുടെ സമരമായി മാറിയ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത് ടി കെ മാധവനടക്കമുള്ള അന്നത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു. അതിന് ആളും അര്‍ഥവും നല്‍കി ഏറ്റവും കരുത്തുറ്റ പ്രചോദനവും പ്രോത്സാഹനവുമായി വര്‍ത്തിച്ചത് മഹാത്മാഗാന്ധിയും എഐസിസിയുമായിരുന്നു. വൈക്കം സത്യഗ്രഹം സാമ്പത്തിക ഞെരുക്കം കാരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന ഘട്ടം വന്നപ്പോള്‍ ബല്‍ഗാം എഐസിസിയില്‍ വച്ച് ഗാന്ധിജി ഇടപെട്ടാണ് പ്രതിമാസം ആയിരം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചതെന്ന് ആദര്‍ശധീരന്‍ എന്ന് അവകാശപ്പെടുന്ന എ കെ ആന്റണി മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയുമടക്കം ഇപ്പോഴത്തെ എഐസിസി-കെപിസിസി നേതൃത്വം സൗകര്യപൂര്‍വം വിസ്മരിക്കുന്നു. ഗുരുവായൂര്‍ സത്യഗ്രഹത്തിനു നേതൃത്വം നല്‍കാന്‍ കേളപ്പജിക്ക് കരുത്തുപകര്‍ന്നു നല്‍കിയത് ഗാന്ധിജിയും സി രാജഗോപാലാചാരിയുമടക്കം അന്നത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് സംഘ്പരിവാറിനൊപ്പം കൈകോര്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ നിലപാട് ഒറ്റപ്പെട്ട പ്രതിഭാസമായി കാണാനാവില്ല. വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘ്പരിവാര്‍ ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി മാറിയ വര്‍ഗീയതയെ തുറന്ന് അപലപിക്കാന്‍ വിസമ്മതിക്കുന്ന കോണ്‍ഗ്രസ് അതിന്റെ സത്പാരമ്പര്യങ്ങളെ അപ്പാടെ നിഷേധിച്ച് ഗോരക്ഷ, രാഷ്ട്രീയത്തെ പുല്‍കുന്നതിന്റെ പ്രതിഫലനമായെ അവര്‍ ഇപ്പോള്‍ അവലംബിക്കുന്ന പ്രതിലോമ നിലപാടുകളെ കാണാനാവു. ബിജെപിയും ആര്‍എസ്എസും സംഘ്പരിവാര്‍ സംഘടനകളും മുന്നോട്ടുവയ്ക്കുന്ന തീവ്രഹിന്ദുത്വത്തെ തങ്ങളുടെ മൃദുഹിന്ദുത്വവാദംകൊണ്ട് പ്രതിരോധിക്കാമെന്ന വ്യാമോഹത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ പരിഹാസ്യമാക്കുന്നത് ഗ്രാമങ്ങള്‍തോറും ഗോശാല നിര്‍മിക്കുമെന്നും ഗോമൂത്രത്തിന്റെ വാണിജ്യസാധ്യതകള്‍ ആരായുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങളാണ്. അത്തരം പ്രാകൃത പരിഗണനകള്‍ കോണ്‍ഗ്രസിനെയും രാജ്യത്തെ തന്നെയും പിന്നോട്ടടിപ്പിക്കാന്‍ മാത്രമേ ഉതകൂ എന്ന് അധികാര രാഷ്ട്രീയത്തില്‍ കണ്ണുനട്ടിരിക്കുന്ന ഹൃസ്വദൃഷ്ടികളായ കോണ്‍ഗ്രസ് നേതൃത്വം വിസ്മരിക്കുന്നു. അത്തരം നേട്ടങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേതൃത്വത്തിന് കര്‍ഷകരുടെയോ, തൊഴില്‍രഹിത യുവത്വത്തിന്റെയോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന സമഗ്ര സാമ്പത്തിക കാഴ്ചപ്പാട് അവതരിപ്പിക്കാനോ അതിന്റെ അടിസ്ഥാനത്തില്‍ ജനപിന്തുണ ആര്‍ജിക്കാനോ ആവില്ല. നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള തത്രപ്പാടില്‍ അവര്‍ സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ഒഴുകിപോകുന്നത് കാണുന്നില്ല. ഖാദിയില്‍ പൊതിഞ്ഞ വര്‍ഗീയതയുടെ പ്രതീകങ്ങളായ ഏതാനും നേതാക്കളുടെ നഷ്ടത്തെപറ്റിയല്ല ഇവിടെ പരാമര്‍ശിക്കുന്നത്. കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഉല്‍പതിഷ്ണുക്കളായ ജനാധിപത്യ നിരപേക്ഷ ശക്തികളില്‍ സൃഷ്ടിക്കുന്ന ആശയകുഴപ്പത്തിന്റെയും മോഹഭംഗത്തിന്റെയും ഒറ്റപ്പെടലിന്റെയും പ്രശ്‌നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ നോക്കിക്കാണാന്‍ ആ പാര്‍ട്ടിയുടെ ചിന്തിക്കുന്ന, പുരോഗമനവാദികളായ നേതാക്കള്‍ സന്നദ്ധമാവണം.
രാജ്യത്താകെ മതനിരപേക്ഷതക്കും പുരോഗതിക്കും ശാസ്ത്രീയ അവബോധത്തിനും നേരെ കടുത്ത വെല്ലുവിളികളെ നേരിടാനും അതിജീവിക്കാനും കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്ന വിമുഖതയും മൃദുഹിന്ദുത്വ സമീപനവും ആ പാര്‍ട്ടിയുടെ നിലനില്‍പിനെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ താല്‍ക്കാലിക തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് അത് സഹായകമായേക്കാം. എന്നാല്‍ മതനിരപേക്ഷതയേയും പുരോഗമന ആശയങ്ങളേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും നിരാകരിക്കുന്ന വര്‍ഗീയതയുമായി കൈകോര്‍ത്ത് സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍ക്കൊപ്പം ഒരേ തൂവല്‍പക്ഷികളാണെന്ന കോണ്‍ഗ്രസിന്റെ പരസ്യപ്രഖ്യാപനം കേരളത്തില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കാഴ്ചപാടിന്റെയും സംഘടനാ നിലനില്‍പിന്റെയും ശവക്കുഴി തോണ്ടലാവും.