Web Desk

June 06, 2020, 5:00 am

പമ്പയുടെ പേരില്‍ ഉയരുന്നത് അനാവശ്യ വിവാദം

Janayugom Online

രാജ്യത്തെതന്നെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല കാനന ക്ഷേത്രത്തിലേക്കുള്ള മുഖ്യ കവാടമാണ് പമ്പ. 2018ലെയും 2019ലെയും പ്രളയം പമ്പാത്രിവേണിയില്‍ നിക്ഷേപിച്ച എക്കലും മാലിന്യങ്ങളും അവശിഷ്ടങ്ങളും ത്രിവേണിയുടെ സ്വഭാവത്തെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റിമറിച്ചു. ആ പ്രളയാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ ത്രിവേണി തീര്‍ത്ഥാടകര്‍ക്ക് ഉപയോഗ്യമാക്കി മാറ്റാനാവില്ല.

ഇക്കൊല്ലത്തെ കാലവര്‍ഷത്തിലും പ്രളയം ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പ് ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനും വെള്ളപ്പൊക്ക കെടുതികള്‍ പരമാവധി നിയന്ത്രിക്കുന്നതിനും പമ്പാത്രിവേണിയിലെയും പരിസരത്തെയും എക്കലിന്റെയും മാലിന്യങ്ങളുടെയും നിക്ഷേപം അടിയന്തരമായി നീക്കിയേ മതിയാവൂ. അത് സ്വാഭാവികമായും ലളിതമായ ഒന്നല്ല. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചുമാത്രമെ അത് നിര്‍വഹിക്കാനാവു.

പമ്പാത്രിവേണിയുംമറ്റും വനപ്രദേശമാണ്. വനം, വന്യജീവി, പരിസ്ഥിതി നിയമങ്ങള്‍ക്ക് വിധേയമായ പമ്പാത്രിവേണിയില്‍ നിന്നും എക്കലും മാലിന്യങ്ങളും നീക്കം ചെയ്യാനാവു. പ്രളയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ നിയമമനുസരിച്ച് അവ നീക്കം ചെയ്യുന്നതിന് തീര്‍ച്ചയായും പ്രത്യേക പരിഗണനയും മുന്‍ഗണനയുമുണ്ട്. പക്ഷെ അപ്പോഴും വനവിഭവം എന്ന നിലയില്‍ എക്കലും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും അവ എവിടെ എങ്ങനെ നിക്ഷേപിക്കണം എന്നതിനും അവ വില്ക്കുകയാണെങ്കില്‍ അത് എങ്ങനെ ആയിരിക്കണം എന്നതിനെ നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനും വ്യക്തമായ നിയമങ്ങളും നിബന്ധനകളുമുണ്ട്. അവയെ മറികടന്ന് നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ആര്‍ക്കും യാതൊന്നും ചെയ്യനാവില്ല. അത് അംഗീകരിച്ചുകൊണ്ടുള്ള നടപടികള്‍ മാത്രമെ നാളിതുവരെ പമ്പയില്‍ നടന്നിട്ടുള്ളു. അതിനുപുറത്ത് ആഘോഷിക്കപ്പെടുന്ന വിവാദങ്ങള്‍ അടിസ്ഥാനരഹിതവും വിവാദങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ നിലനില്പ് ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും മാത്രമാണ്. പമ്പാത്രിവേണിയിലെ മാലിന്യംനീക്കം ചെയ്യുന്നത് സംബന്ധിച്ച് റവന്യൂവകുപ്പും അതിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ വിഭാഗവും ഇതിനകം പുറത്തിറക്കിയ ഉത്തരവുകള്‍ ഒന്നുംതന്നെ മണല്‍ നീക്കം ചെയ്യുന്നതിനെപറ്റി യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല.

നീക്കം ചെയ്യുന്ന മാലിന്യവും എക്കലും വനഭൂമിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനെതിരായ നിയമവിലക്കുകളുടെ പശ്ചാത്തലത്തില്‍ അതിനു തയ്യാറായി വന്ന പൊതുമേഖലാ കമ്പനി ആ ദൗത്യത്തില്‍ നിന്നും സ്വമേധയാ പിന്മാറുകയുണ്ടാ­യി. ഇപ്പോള്‍ അ­വിടെ നിന്നും നീക്കം ചെയ്യുന്ന എക്കലും മാലിന്യവും വനംവകുപ്പ് നിര്‍ദ്ദേശിക്കുന്ന സ്ഥ­ലത്തുതന്നെയാണ് സംഭരിച്ചുവരുന്നത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ അടക്കം ഉന്ന­ത റവന്യൂ ഉദ്യോഗസ്ഥരും വനംവകുപ്പും സംയുക്തമായി ക­ണ്ടെ­ത്തിയ സ്ഥലങ്ങളിലാണ് അവ സംഭരിച്ചുവരുന്നത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി മുതല്‍ ഹരിത ട്രെെബ്യൂണല്‍ വരെ പുറപ്പെടുവിച്ചിട്ടുള്ള ഉ­ത്തരവുകള്‍ക്കും നിലവിലുള്ള നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും അനുസൃതമായാണ് ആ നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുന്നത്. അതു സംബന്ധിച്ച് മന്ത്രിസഭാ തലത്തിലോ ഉദ്യോഗസ്ഥതലത്തിലോ നടക്കുന്ന ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്ന അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ പ്രതിപക്ഷ നേതാവടക്കം രാഷ്ട്രീയ പ്രതിയോഗികളും വിവാദ വാര്‍ത്താ കുതുകികളും നടത്തുന്ന ശ്രമങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തിനായുള്ള അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങളെയും പ്രളയസാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെയും തടസപ്പെടുത്തിക്കൂടാ. റവന്യൂവകുപ്പും പ്രളയ നിവാരണ സംവിധാനങ്ങളും വനം വന്യജീവി പരിസ്ഥിതിവകുപ്പും ഇക്കാര്യത്തില്‍ തികഞ്ഞ യോജിപ്പോടെയാണ് മുന്നോട്ടുപോകുന്നതെന്നതും ശുഭോദര്‍ക്കമാണ്.

ശബരിമല തീര്‍ത്ഥാടനവും കാനന ക്ഷേത്രവും കേവലം മതാചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഒന്നായി കണക്കാക്കിക്കൂടാ. അത് മനുഷ്യനും പ്രകൃതിയും മതാചാരങ്ങള്‍ക്ക് അതീതമായ ആത്മീയതയുമായി ബന്ധപ്പെട്ട മലയാളത്തിന്റെ സമാനതകളില്ലാത്ത സവിശേഷതയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അത്തരമൊരു തീര്‍ത്ഥാടനത്തിനു അവസരവും സൗകര്യവുമൊരുക്കുക എന്നത് സംസ്കാരസമ്പന്നമായ ഒരു ജനതയുടെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണ്. അത് പ്രകൃതിയോടും പരിസ്ഥിതിയോടും സമ്പൂര്‍ണ്ണമായി ഇണങ്ങിച്ചേരുന്നതാവണം. അത്തരം സംരംഭങ്ങളില്‍ അഭിപ്രായഭിന്നതകളും ആശയ സംവാദങ്ങളും സ്വാഭാവികം മാത്രമാണ്. അവയെ ഊതിപ്പെരുപ്പിച്ച് രാഷ്ട്രീയ‑സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കാനുള്ള ഏതു ശ്രമവും അപലപനീയമാണ്.

the con­traver­cies in the name of Pam­ba are not necessary

you may also like this video