Janayugom Online
beypore-janayugom

ബേപ്പൂര്‍ തുറമുഖത്തെ കണ്ടെയ്‌നര്‍ കയറ്റിറക്ക കൂലിതര്‍ക്കം ഒത്തു തീര്‍ന്നു

Web Desk
Posted on October 31, 2018, 9:47 pm

കോഴിക്കോട്: കണ്ടെയ്‌നര്‍ കയറ്റിറക്ക് സംബന്ധിച്ച് ഒരു വര്‍ഷത്തിലധികമായി ബേപ്പൂര്‍ തുറമുഖത്ത് നിലനിന്നിരുന്ന കൂലിത്തര്‍ക്കം ഒത്തു തീര്‍ന്നു. തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ലയം കോണ്‍ഫറന്‍സ്ഹാളില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയിലാണ് തര്‍ക്കം ഒത്തു തീര്‍ന്നത്. കണ്ടെയ്‌നര്‍ ഇറക്കുന്നതിന് 400 രൂപയും ഒഴിഞ്ഞ കണ്ടെയ്‌നര്‍ കയറ്റുന്നതിന് 300രൂപയുമാണ് പുതുക്കിയ നിരക്ക്. നിലവില്‍ അത് യഥാക്രമം കണ്ടെയ്‌നര്‍ ഒന്നിന് 325 , 275 രൂപ നിരക്കുകളായിരുന്നു. പുതിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. തൊഴിലാളികള്‍ ഇതുവരെ കൂലി വാങ്ങാതെ ജോലി ചെയ്തുവരികയായിരുന്നു ആ കൂടിശ്ശിക പഴയ നിരക്കില്‍ ഒരാഴ്ചക്കകം ഷിപ്പുടമകള്‍ കൊടുത്തു തീര്‍ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിനും പോര്‍ട്ടിലെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും കുടിശ്ശിക തുകയിലടക്കമുള്ള വിയോജിപ്പുകള്‍ തല്‍ക്കാലം മാറ്റിവച്ചുഇരുകൂട്ടരും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.പോര്‍ട്ടിന്റെ ഗുണകരമായ വളര്‍ച്ചയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് അവിടെ വരുന്ന ഒരു അവസരം പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിക്കൂടാ. മൂന്ന് മാസത്തില്‍ ഒരിക്കല്‍ തൊഴിലാളികളുടെയും ഷിപ്പുടമകളുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗം നടത്തി നിജസ്ഥിതി പരിശോധിച്ച് മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ മാറ്റം വരുത്തും. ആദ്യ അവലോകനയോഗം 2019 ജനുവരി 19ന് കോഴിക്കോട് കളക്ടറേറ്റില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള ജോലിയായതിനാല്‍ അതിന് പ്രാപ്തരായ തൊഴിലാളികളെ കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനിച്ച് ആവശ്യമായ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കപ്പലുടമകളും തൊഴിലാളികളും യോജിച്ചിരുന്ന് ഇക്കാര്യം തീരുമാനിക്കണമെന്നും പരിശീലനം നല്‍കുന്നതിന് കോഴിക്കോട്ട് പോര്‍ട്ട് ഓഫീസര്‍ നടപടി സ്വീകരിക്കണമന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യമുണ്ടായാലും തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടത്. തര്‍ക്കത്തിനിടയിലും തുറമുഖ പ്രവര്‍ത്തനം തടസ്സപ്പെടുത്താതെ കൂലിവാങ്ങാതെ ജോലി ചെയ്യാന്‍ തയ്യാറായ തൊഴിലാളികളുടെ സമീപനത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ചര്‍ച്ചയില്‍ വി കെ സി മമ്മത് കോയ എം എല്‍ എ, കോഴിക്കോട് ജില്ലാകളക്ടര്‍ യു വി ജോസ്, കേരളമാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ വി ജെ മാത്യു, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ എസ് തുളസീധരന്‍, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ്, ട്രേഡ് യൂണിയന്‍, ഷിപ്പ് ഉടമകള്‍ എന്നിവരുടെ പ്രതിനിധികള്‍, തുറമുഖ ലേബര്‍ വകുപ്പ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.