Thursday
21 Feb 2019

രക്തത്തിന്റെ തത്വസംഹിത; ഐഎസിന്റെ പ്രാമാണികഗ്രന്ഥം പുറത്തായി

By: Web Desk | Sunday 13 May 2018 6:54 PM IST

ഐഎസിന്റെ ചോരമരവിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമായ പ്രാമാണികഗ്രന്ഥം കണ്ടെത്തി. ഐഎസ് ക്രൂരതകള്‍ക്ക് അടിസ്ഥാനമുറപ്പിക്കുന്ന 579പേജ് വരുന്നഗ്രന്ഥം ഐഎസ് താത്വികന്‍ അബു അബ്ദുള്ള അല്‍ മുഹാജിര്‍ ആണ് രചിച്ചത്.
ശവശരീരം വികൃതമാക്കല്‍,അവയവക്കച്ചവടം, തലവെട്ടല്‍, കുട്ടികളെ കൊല്ലല്‍ , പിന്മാറുന്ന മേഖല നശിപ്പിക്കല്‍ തുടങ്ങി ഐഎസിന്റെ മുമ്പു കേട്ടിട്ടില്ലാത്ത അരുംചെയ്തികള്‍ നീതീകരിക്കലാണ് ഈ ഗ്രന്ഥം ചെയ്യുന്നത്.
രണ്ടുവര്‍ഷം നീണ്ട പഠനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം ലോകോത്തര തീവ്രവാദ വിരുദ്ധ ഗ്രൂപ്പായിവളരുന്ന ക്യുല്ലിയം ആണ് ഇതിന്റെ അതിസൂഷ്മവിശകലനവും ഇസ്ലാമിക തത്വങ്ങളെ വളച്ചൊടിക്കുന്ന ശൈലിയും കണ്ടെത്തിയത്. ജിഹാദികളുടെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇത് ഭീകരസംഘടനക്ക് സൈദ്ധാന്തികമായ ചട്ടക്കൂടാണ് ഒരുക്കുന്നത്.
പാശ്ചാത്യ, അറബ് സൈദ്ധാന്തികര്‍ ഞെട്ടിപ്പിക്കുന്ന തരത്തിലെ അവഗണനയാണ് ഈ അപകടകരമായ ഗ്രന്ഥത്തോട് കാട്ടിയിരിക്കുന്നതെന്ന് ക്യുല്ലിയം പറയുന്നു. മതപണ്ഡിതരും ഇതിനോട് അവഗണനകാട്ടി. അനാകര്‍ഷകമെങ്കിലും രഹസ്യമായി പടരുന്ന വിനാശകരമായ ഈ രചനയെ താത്വികമായി പൊളിച്ചു തകര്‍ക്കാന്‍ ശ്രമമുണ്ടായില്ല.
ഫിഖ് അല്‍ ദിമ(രക്തത്തിന്റെ തത്വസംഹിത) എന്നറിയപ്പെടുന്ന സലഫി ജിഹാദി ഗ്രന്ഥം കൂട്ടക്കൊലക്ക് ഉപയോഗിക്കുന്ന ആയുധങ്ങളെയും വംശവിഛേദത്തെയും ശത്രുക്കളല്ലാത്തവരെ കൊന്നൊടുക്കുന്നതിനെയും അടിമത്തത്തെയും ലൈംഗികാടിമത്തത്തെയും ന്യായീകരിക്കുന്നുണ്ട്.
സിറിയയിലെ പുതുതായി ചേര്‍ക്കപ്പെട്ട അണികളെ പഠിപ്പിക്കുന്ന സംരംഭത്തില്‍ നിന്നും 2015ല്‍ ഓണ്‍ ലൈനിലാണ് ക്യുല്ലിയം ഗവേഷകര്‍ ഗ്രന്ഥം നേടിയത്. അന്ന് സിറിയയിലും ഇറാക്കിലുമായി പരന്നുവളര്‍ന്ന ഐഎസ് സാമ്രാജ്യം ഇന്ന് നാമമാത്രമായി ചുരുങ്ങിയിട്ടുണ്ട്. എന്നാല്‍ ഐഎസ് സിദ്ധാന്തം പലയിടത്തും പതുങ്ങി വളര്‍ച്ചതേടുകയാണ്. യുദ്ധത്തടവുകാരോട് മനുഷ്യത്വപൂര്‍വം പെരുമാറണമെന്നും മറ്റുമുള്ള പരമ്പരാഗത ഇസ്ലാമിക യുദ്ധരീതികളെ പാടേ നിരാകരിക്കുന്നതാണ് ഐഎസ് നിയമങ്ങളെന്ന് ക്യുല്ലിയത്തിലെ മുതിര്‍ന്ന ഗവേഷകനും പ്രതിവാദസംഹിത അടക്കം ഗ്രന്ഥം വിവര്‍ത്തനം ചെയ്തയാളുമായ ഷേക്ക് സലാഹ് അല്‍ അന്‍സാരി പറയുന്നു. മരണം വരെ യുദ്ധം ചെയ്യാന്‍ ഒരു തത്വ സംഹിതയും പറഞ്ഞിട്ടില്ല.

ഇസ്ലാം മതതത്വങ്ങളില്‍ ഇക്കൂട്ടര്‍ക്കുള്ള അജ്ഞതവെളിവാക്കുകയും ഇവരുടെ വാദഗതികളെ അടിയോടെ തകര്‍ക്കുകയും ചെയ്യുന്നതാണ് ക്യുല്ലിയം വാദഗതികള്‍. പ്രതിവാദത്തില്‍ ഇസ്ലാമിന്റെ ദയയും നീതിയും വെളിപ്പെടുത്തുന്നു.
ഗ്രന്ഥത്തിലെ 20 അധ്യായങ്ങളില്‍ തലകൊയ്യല്‍,വികലമാക്കല്‍ ,അവിശ്വാസികളെ തട്ടിക്കൊണ്ടുപോകല്‍,ചാരന്മാരെ എങ്ങനെ കൊല്ലാം എന്നിവയുണ്ട്. മറ്റൊരദ്ധ്യായത്തില്‍ അവിശ്വാസികളെ പ്രത്യേക പരിഗണനയൊന്നുമില്ലാതെ ഇല്ലായ്മചെയ്യുന്നതിനെപ്പറ്റിയും വിവരിക്കുന്നു. അവിശ്വാസികളായവരെ തുടച്ചുനീക്കേണ്ടത് എത്രമാത്രം ഭീകരമായാണ് എന്ന് ഗ്രന്ഥം വിവരിക്കുന്നുണ്ട്. കൂട്ടക്കൊലകള്‍ക്കുള്ള ആയുധങ്ങളെപ്പറ്റിമാത്രമാണ് ഒരു അധ്യായം.                       ”നമ്മള്‍ പരിശ്രമിക്കേണ്ടത് ഒരു പ്രധാനലക്ഷ്യത്തിനാണ് അത് ശക്തിനേടലാണ് കൂട്ടക്കൊലക്കുള്ള ആയുധങ്ങളുടെ സമാഹരണമാവണം ലക്ഷ്യം. ഇസ്ലാമിന്റെ വിശ്വാസത്തിനെതിരായ നീക്കങ്ങളെ ചെറുക്കണമെന്നും വിശ്വാസ ഖാതികളെന്ന ദുര്‍ഗന്ധപൂരിതമായ ചെളി പാടേ ഇല്ലായ്മചെയ്യണ”മെന്നും സൈദ്ധാന്തികന്‍ മുഹാജിര്‍ ആഹ്വാനം ചെയ്യുന്നു. ഇത്തരം വഴിതെറ്റിക്കലുകളെ ഖുറാനിലെ മഹദ്വചനങ്ങള്‍ ഉപയോഗിച്ചുതന്നെ നേരിടുകയാണ് ക്യുല്ലിയം ചെയ്യുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാം നിയമങ്ങളുടെ പിന്‍ബലം കിട്ടുന്നതിനെ തടയുകയും ചര്‍ച്ചകള്‍ നടത്തുകയുമാണ് തങ്ങള്‍ ചെയ്യുന്നത്.അന്‍സാരി പറഞ്ഞു. ഒരു ഇസ്ലാം പ്രാമാണികഗ്രന്ഥമെന്ന ശൈലിയാണിതിന്റെ രചന. ഇസ്ലാമിക നീതി സംഹിതയെപ്പറ്റി പിടിപാടില്ലാത്തവര്‍ ഇത് ഇസ്ലാം തത്വസംഹിതയായി തെറ്റിദ്ധരിക്കപ്പെട്ടേക്കും. അല്‍ക്വയ്ദയും നൈജീരിയന്‍ ഭീകരഗ്രൂപ്പുകളായ ബൊക്കോഹറാമും തങ്ങളുടെ ക്രൂരതകളെ ന്യായീകരിക്കാന്‍ ഇപ്പോള്‍തന്നെ ഇതുപയോഗിച്ചുവരുന്നുണ്ട്. ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടവര്‍ക്ക് ഇത് അവരുടെ ബൈബിളായി മാറിക്കഴിഞ്ഞുവെന്നും അന്‍സാരി പറഞ്ഞു.

Related News