സിമന്റിട്ട് ഉറപ്പിക്കുന്ന കോര്‍പറേറ്റ്- ഭരണകൂട പകല്‍ക്കൊള്ള

Web Desk
Posted on June 10, 2019, 10:58 pm

സിമന്റിന്റെ വിലയില്‍ കഴിഞ്ഞ മൂന്നു മാസക്കാലത്തിനുള്ളിലുണ്ടായ അഭൂതപൂര്‍വമായ വിലക്കയറ്റം സമ്പദ്ഘടനയിലും തൊഴില്‍ രംഗത്തും വികസന‑നിര്‍മാണ പ്രവര്‍ത്തനരംഗത്തും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. രാജ്യത്തെ സിമന്റ് നിര്‍മാതാക്കള്‍ നിയമ വ്യവസ്ഥകളെയും ധാര്‍മികതയെയും കാറ്റില്‍ പറത്തി കോര്‍പ്പറേറ്റുകള്‍ ഗൂഢസംഘം കണക്കെ പ്രവര്‍ത്തിക്കുകയാണെന്നുവേണം കരുതാന്‍. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയടക്കം ബാഹ്യകാരണങ്ങള്‍ ഒന്നും കൂടാതെയാണ് നിര്‍മാതാക്കള്‍ ഉപഭോക്താക്കള്‍ക്കെതിരെ ഇത്തരത്തില്‍ സംഘടിതവും ഏകപക്ഷീയവുമായി വില ഉയര്‍ത്തിയിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ഏതാണ്ട് 270–300 രൂപയായിരുന്ന അമ്പതു കിലോയുടെ ഒരു ചാക്ക് സിമന്റിന്റെ വില മെയ് അവസാനത്തോടെ 390–400 രൂപ തോതിലാണ് കുതിച്ചുയര്‍ന്നത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചനിരക്കും തൊഴില്‍ ലഭ്യതയും തുടര്‍ച്ചയായി രേഖപ്പെടുത്തിവരുന്ന നിര്‍മാണ മേഖലയെയാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക.

ഇത് ദേശീയപാതകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച എല്ലാ കണക്കുകൂട്ടലുകളെയും തകിടം മറിക്കും. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയ്ക്കുളള ഭവനങ്ങള്‍ എന്ന സ്വപ്‌നം തന്നെ തകര്‍ക്കപ്പെടും. അനുദിനം പെരുകിവരുന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തില്‍ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പാവപ്പെട്ടവരും പ്രത്യേക നൈപുണ്യമൊന്നും അവകാശപ്പെടാനില്ലാത്തവരുമായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ ലഭ്യമായ തൊഴിലില്‍ നിന്നുപോലും പുറന്തള്ളപ്പെടുന്ന അവസ്ഥ സംജാതമാകും. അര്‍ധ നൈപുണ്യവും നൈപുണ്യവുമുള്ള തൊഴില്‍ സ്രോതസുകള്‍പോലും വറ്റിവരളും. ‘ഇത് പാവപ്പെട്ടവരുടെമേലുള്ള ചൂഷണ’ മാണെന്ന് കേന്ദ്ര ദേശീയപാത- ഉപരിതല ഗതാഗത‑സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രി, നിതിന്‍ ഗഡ്കരി വിലപിക്കുന്നു. എന്നാല്‍ തങ്ങളില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ അവസരോചിതമായി ഉപയോഗിക്കാതെ നടത്തുന്ന ഇത്തരം വിലാപങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമാണ്.  ഇന്ത്യന്‍ നിര്‍മാതാക്കളുടെ സംഘടനയും ദേശീയപാതാ നിര്‍മാതാക്കളുടെ ഫെഡറേഷനും അന്യായവും ആസൂത്രിതമായി അടിച്ചേല്‍പിക്കപ്പെട്ട സിമന്റ് വിലക്കയറ്റത്തിനെതിരെ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. തൊഴിലാളികളും അവരുടെ സംഘടനകളും അസ്വസ്ഥരാണ്. എന്നാല്‍ അതിശക്തരായ സിമന്റ് നിര്‍മാതാക്കള്‍ക്കെതിരെ ചെറുവിരലനക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ഇനിയും മുതിര്‍ന്നിട്ടില്ല. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിയും അല്ലാതെയും ബിജെപിയുടെ മടിശീലനിറച്ച ശക്തികള്‍ക്കെതിരെ മോഡി സര്‍ക്കാര്‍ നടപടിക്ക് മുതിരുമെന്ന് വ്യാമോഹിക്കുന്നതുതന്നെ മൗഢ്യമാണ്. കുത്തകവല്‍ക്കരണത്തിനും നിയമവിരുദ്ധ വിലനിര്‍ണയം നടത്തുന്ന കോര്‍പറേറ്റ് ഗൂഢസംഘങ്ങള്‍ക്കുമെതിരെ ഭരണകൂടത്തിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കേണ്ട ‘കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ’ (സിസിഐ) എന്ന ‘സര്‍ക്കാര്‍ കാവല്‍നായ’ അനുഗ്രഹീത നിദ്രയിലാണ്. 2002 ല്‍ നിലവില്‍വന്ന ‘ഇന്ത്യന്‍ കോമ്പറ്റീഷന്‍ ആക്ടും’ അതിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതം രൂപംകൊണ്ട സിസിഐയും മത്സരവിരുദ്ധ കാര്‍ട്ടല്‍വല്‍ക്കരണത്തിന് എതിരെ മത്സരാനുകൂല നിയമവാഴ്ചയാണ് ലക്ഷ്യം വയ്ക്കുന്നത്. ഈ നിയമമോ കമ്മിഷനോ ഈ ദിശയില്‍ അന്വേഷണം നടത്തേണ്ട ഡയറക്ടര്‍ ജനറലിന്റെ ഓഫീസോ ആസൂത്രിതവും കൃത്രിമവുമായ വിലക്കയറ്റം പോലുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ എന്തെങ്കിലും നടപടി നാളിതുവരെ സ്വീകരിച്ചിട്ടുള്ളതായി അറിവില്ല. അവയെല്ലാം കേവലം ജനവഞ്ചനയുടെ ഉപകരണങ്ങളായ കടലാസുപുലികള്‍ മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം.
ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സിമന്റ് നിര്‍മാതാക്കളാണ് ഇന്ത്യ. പ്രതിവര്‍ഷം 502 മെട്രിക്ടണ്‍ സിമന്റാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ അത് 550 ടണ്‍ ആയി ഉയരും.

അതില്‍ 98 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് സ്വകാര്യ കുത്തക കോര്‍പറേറ്റുകളാണ്. ഈ രംഗത്തുള്ള കോര്‍പറേറ്റുകളുടെ വ്യാവസായിക താല്‍പര്യം സിമന്റില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഉപഭോഗവസ്തുക്കളുടെ ഉല്‍പാദനം, സംഘടിത ചില്ലറ വ്യാപാര ശൃംഖലകള്‍ തുടങ്ങി വാണിജ്യവല്‍ക്കരിക്കപ്പെട്ട ക്രിക്കറ്റ് വരെ അവരുടെ വ്യാവസായിക‑വാണിജ്യ താല്‍പര്യങ്ങള്‍ ബഹുമുഖവും സര്‍വ്വവ്യാപിയുമാണ്.
കോണ്‍ഗ്രസിന്റെ ഭരണ കുത്തക നിലനിര്‍ത്താന്‍ കൈയയച്ചു സഹായം നല്‍കിയിരുന്ന ഇക്കൂട്ടര്‍ ഇപ്പോള്‍ നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും ഏറ്റവും വലിയ അഭ്യുദയകാംക്ഷികളായി മാറിയിരിക്കുന്നു. അവരുടെ ലാഭതാല്‍പര്യ സംരക്ഷണമാണ് മോഡി ഭരണകൂടത്തിന്റെ മുഖ്യ ദൗത്യം. അത്തരം ഒരു ഭരണകൂടത്തില്‍ നിന്ന് രാജ്യമോ ജനങ്ങളോ നന്മയും സംരക്ഷണവും പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്. രാജ്യത്തെയും ജനങ്ങളെയും കഴുത്തുഞെരിക്കുന്ന കോര്‍പറേറ്റ് ലാഭതാല്‍പര്യങ്ങള്‍ക്കും അവരുടെ സംരക്ഷകര്‍ക്കുമെതിരെ നീണ്ടുനില്‍ക്കുന്ന പോരാട്ടങ്ങള്‍ക്കും ചെറുത്തുനില്‍പുകള്‍ക്കും തയ്യാറെടുക്കുകമാത്രമാണ് നമ്മുടെ മുമ്പിലുള്ള ഏക പോംവഴി.