റെജി കുര്യന്‍

ന്യൂഡല്‍ഹി

January 31, 2021, 10:35 pm

ബജറ്റിലേക്ക് ഉറ്റുനോക്കി രാജ്യം;ചെലവഴിക്കാൻ പണമില്ല

Janayugom Online

സാമ്പത്തികരംഗം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. കോവിഡിൽ നികുതി വരുമാനം ഇല്ലാതായി. ജിഡിപി തുടർച്ചയായി വിപരീത വളർച്ചയെ അഭിമുഖീകരിക്കുന്നു. ദുർബലമായ ആരോഗ്യമേഖലയ്ക്കായി ചെലവാക്കാന്‍ പോലും സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. കോവിഡിനു മുന്നേ തകര്‍ന്ന സമ്പദ്ഘടനയെ സ്ഥിരതയിലെത്തിക്കുക എന്ന വെല്ലുവിളി മുന്നിൽനിൽക്കെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.

കാശുള്ളവന്റെ കീശയിലാകും നിര്‍മ്മലാ സീതാരാമന്‍ നോട്ടമിടുക. നികുതികള്‍ മൂലം പണം ഇറക്കാന്‍ മടിച്ചുനില്‍ക്കുന്നവരെ ധന വിപണിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശക്തമായ നീക്കങ്ങൾ ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നു. ഒപ്പം ഇടത്തരക്കാരെ ഇതിന്റെ ഭാഗമാക്കി മാറ്റാന്‍ ആദായ നികുതി ഘടനയിലും ഇളവുകളാകും ധനമന്ത്രി നിര്‍ദ്ദേശിക്കുക. രാജ്യത്തെ സമ്പദ് രംഗത്തെ നയിക്കുന്ന ബാങ്കുകളുടെ സാമ്പത്തിക സ്ഥിരത വീണ്ടെടുക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശം ഉണ്ടായേക്കുമെന്നാണ് സൂചന.

കോവിഡും അനുബന്ധിയായ ലോക്ഡൗണും രാജ്യത്ത് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ മുഖ്യമായും ബാങ്ക് അധിഷ്ഠിതമായിരുന്നു. അതേസമയം ബാങ്കുകള്‍ക്ക നിലവില്‍ പ്രവര്‍ത്തന മൂലധനം ഇല്ലാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ഇത് മറികടക്കാന്‍ സര്‍ക്കാരിന് കഴിയാതെ പോയാല്‍ രാജ്യം ഇന്നുവരെ കാണാത്ത സാമ്പത്തിക അടിയന്തരാവസ്ഥ എന്നതിലേക്കാകും കാര്യങ്ങള്‍ മുന്നേറുക. സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ട് സ്വകാര്യ മേഖല സാമ്പത്തിക ക്രമത്തില്‍ നിന്നും പിന്‍വലിഞ്ഞു നില്‍ക്കുകയാണ്.

പുതിയ നിക്ഷേപമോ അനുബന്ധിയായ സാമ്പത്തിക പ്രക്രിയയോ നടത്താന്‍ സുരക്ഷ ഉറപ്പില്ലാത്ത സാമ്പത്തിക വിപണിയില്‍ നിന്നും ഇക്കൂട്ടര്‍ പിന്‍വലിഞ്ഞത് ഇതിനോടകം വിപണിയില്‍ കാണാനായി. സാമ്പത്തിക വിപണി ചലനത്തിന്റെ പാതയിലേക്കു നീങ്ങാന്‍ സര്‍ക്കാര്‍ ഇടപെടലാണ് അനിവാര്യം. അതേസമയം പ്രതിസന്ധിയിൽ വിവിധ വകുപ്പുകളുടെ ചെലവുകൾ വെട്ടിക്കുറയ്ക്കുകയായിരുന്നു കേന്ദ്രം. ഉദാഹരണമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയതിന്റെ 29 ശതമാനം മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. വനിതാ ശിശുവികസന മന്ത്രാലയം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിന്റെ 50 ശതമാനം പോലും ചെലവഴിച്ചിട്ടില്ല.

അതേസമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുുന്നതെന്ന വാസ്തവം മറച്ചുവയ്ക്കുന്ന ബജറ്റുകൂടിയാകം ധനമന്ത്രി അവതരിപ്പിക്കുക. ധനക്കമ്മിയെ അഭിമുഖീകരിക്കുന്ന കാര്യങ്ങളൊന്നും ബജറ്റില്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. ബാഡ് ബാങ്ക് രൂപീകരണവും ഇടംനേടിയേക്കും. രാജ്യസഭാ ബജറ്റ് സെഷന്റെ ഒന്നാംഘട്ടം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതനുസരിച്ച് ആദ്യഘട്ട സമ്മേളനം ഫെബ്രുവരി 13 ന് അവസാനിക്കും. രണ്ടാം ഘട്ട ബജറ്റ്‌ സമ്മേളനം മാര്‍ച്ച്‌ എട്ടിന് ആരംഭിച്ച്‌ ഏപ്രില്‍ എട്ടിന് അവസാനിക്കും.

ENGLISH SUMMARY: The coun­try has no mon­ey to spend on the budget

YOU MAY ALSO LIKE THIS VIDEO