ന്യൂഡൽഹി: നിലവിൽ രാജ്യം നേരിടുന്നത് അസാധാരണമായ സാമ്പത്തിക മാന്ദ്യമാണെന്ന് നരേന്ദ്രമോഡിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. ജിഡിപി(മൊത്തം ആഭ്യന്തര ഉത്പാദനം) കണക്കുകൾ ഇപ്പോൾ രാജ്യവ്യാപകമായി അംഗീകരിക്കുന്നുണ്ടെന്നും അതിനാൽ ജിഡിപി കണക്കുകളിൽ ശ്രദ്ധപുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011 മുതൽ 2016 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ 2.5 ശതമാനം പോയിന്റുകൾ അധികമായി കണക്കാക്കിയിരുന്നതായി അരവിന്ദ് സുബ്രഹ്മണ്യൻ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ജിഡിപി കണക്കുകളെ കുറിച്ച് വിശദമാക്കിയത്. ഇറക്കുമതി, കയറ്റുമതി നിരക്കുകൾ, അസംസ്കൃത വസ്തു വ്യവസായത്തിന്റെ വളർച്ച, ഉപഭോക്തൃ വസ്തുക്കളുടെ നിർമ്മാണത്തിലെ വളർച്ച എന്നിവ സാമ്പത്തിക അഭിവൃദ്ധിയുടെ സൂചകങ്ങളാണ്. എന്നാൽ ഇതെല്ലാം നിലവിൽ താഴ്ന്നിരിക്കുന്നു.
2000 മുതൽ 2002 വരെയുള്ള സാമ്പത്തിക മാന്ദ്യ കാലയളവിൽ ജിഡിപി വളർച്ച 4.5 ശതമാനമായിരുന്നു. കയറ്റുമതി, ഉപഭോക്തൃ, നികുതി വരുമാന കണക്കുകൾ തുടങ്ങിയ സൂചകങ്ങളെല്ലാം പോസീറ്റിവായിരുന്നു. എന്നാൽ നിലവിൽ ഈ സൂചകങ്ങളെല്ലാം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു സാധാരണ സാമ്പത്തിക മാന്ദ്യമല്ലെന്നും ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ഏഴ് പാദവാർഷിക കണക്കുകളിലും ഇന്ത്യയുടെ ജിഡിപി നിരക്ക് താഴേക്ക് പോകുന്നതായാണ് സർക്കാർ കണക്കുകളിൽ വ്യക്തമാക്കുന്നത്. 2018–19 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 8 ശതമാനമുണ്ടായിരുന്ന ജിഡിപി 2019–20 സാമ്പത്തിക വർഷത്തിലെ രണ്ടാംപാദത്തിൽ 4.5 ലേക്ക് കൂപ്പുകുത്തിയിരുന്നു. ഐഐഎം അഹമ്മദാബാദ്, ഓക്സ്ഫോർഡ് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ അരവിന്ദ് സുബ്രഹ്മണ്യൻ ഇന്ത്യയിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ്. 2014 മുതൽ 2018 ജൂൺ വരെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.