രാജ്യം അതിജീവിക്കാനാവാത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്

Web Desk
Posted on August 19, 2019, 11:23 pm

നമ്മുടെ ഭരണാധികാരികള്‍ ജമ്മു കശ്മീരിന്റെ പേരില്‍ ദേശീയവികാരം ഉണര്‍ത്തിവിടുകയും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ പേരില്‍ നാം കശ്മീരിനെ ചൊല്ലി ആശങ്കപ്പെടുകയുമാണ്. അതിനിടയിലാണ് നമ്മുടെ സമ്പദ്ഘടനയെ കുറിച്ചുള്ള ഭീതിദമായ വാര്‍ത്തകള്‍ വന്നുനിറയുന്നത്. ഒരുപക്ഷേ തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയെ കുറിച്ച് അധികമാരും ശ്രദ്ധിക്കരുതെന്ന ദുഷ്ടബുദ്ധിയോടെ ഭരണാധികാരികള്‍ നമ്മുടെ ശ്രദ്ധയെ കപട ദേശീയതയുടെ പേരില്‍ തിരിച്ചുവിടുകയുമാണ്.
2006ലാണ് വന്‍രാജ്യങ്ങളെ പോലും ഞെട്ടിച്ച ആഗോളമാന്ദ്യമുണ്ടായത്. അതില്‍ നിന്ന് ഇന്ത്യ പിടിച്ചുനിന്നത് രാജ്യം പിന്തുടര്‍ന്നുപോന്നിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെയും ബാങ്കുകളെയും നിലനിര്‍ത്തിയുള്ള നയങ്ങളുടെ ഫലമായിട്ടായിരുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മുടെ പൊതുമേഖലയും പൊതുമേഖലാബാങ്കുകളും മരണക്കിടക്കയിലാണ്.
ഇന്‍ഷുറന്‍സ്, പ്രതിരോധം, വ്യോമയാനം എന്നിങ്ങനെ തന്ത്രപ്രധാനമായ മേഖലകളെല്ലാം സ്വകാര്യമേഖലയ്ക്ക് നല്‍കുന്ന സ്ഥിതിയുണ്ടായതും മാന്ദ്യമുണ്ടായാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്തതിന്റെ കാരണങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെയും അഞ്ചുവര്‍ഷമായി ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി സര്‍ക്കാരിന്റെയും നയഫലമായാണ് അവ എളുപ്പത്തില്‍ മരണാസന്നമായത്. അതോടൊപ്പംതന്നെ എല്ലാ മേഖലകളും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നുവെന്ന വസ്തുത ഭരണാനുകൂലികളായ സാമ്പത്തിക വിദഗ്ധര്‍പോലും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. എന്നുമാത്രമല്ല 2006ലെ ആഗോളമാന്ദ്യത്തെ അതിജീവിച്ച് പിടിച്ചുനിന്ന ഇന്ത്യന്‍ സമ്പദ്ഘടന മറ്റൊരു മാന്ദ്യത്തിലേയ്ക്ക് ക്രമേണയെങ്കിലും എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഒടുവിലുള്ള വിലയിരുത്തല്‍.
വലിയവായിലുള്ള വര്‍ത്തമാനങ്ങള്‍ക്കപ്പുറം കേന്ദ്ര ഭരണാധികാരികളില്‍ നിന്ന് നമ്മുടെ സമ്പദ്ഘടനയെ രക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗവും മുന്നോട്ടുവയ്ക്കാനില്ലെന്നതാണ് ദുര്യോഗം. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയെ കുറിച്ചാണ് മോഡിയും കൂട്ടരും വര്‍ത്തമാനം പറയുന്നത്. എന്നാല്‍ അടിസ്ഥാനമേഖലകളും വന്‍കിട സംരംഭങ്ങളുമടക്കം കടുത്ത പ്രതിസന്ധിയെയും തകര്‍ച്ചയെയും നേരിടുകയാണെന്ന വസ്തുതയെ കുറിച്ച് എന്തെങ്കിലും പറയാനോ പ്രതിവിധി നിര്‍ദ്ദേശിക്കാനോ സര്‍ക്കാര്‍ മെനക്കെടുന്നില്ല. കണക്കുകളെല്ലാം നമ്മെ അതീവ ആശങ്കയിലാണെത്തിക്കുന്നത്.
തൊഴില്‍മേഖലാ പ്രതിസന്ധി ഏറ്റവും രൂക്ഷമായി തുടരുകയാണ്. അഞ്ചുവര്‍ഷത്തിനിടെ 90 ലക്ഷത്തിലധികം തൊഴിലാളികളാണ് പുറത്തുപോകേണ്ടിവന്നത്. ഘനവ്യവസായങ്ങളെല്ലാം വന്‍ പ്രതിസന്ധിയിലാണ്. വാഹനനിര്‍മ്മാതാക്കളെല്ലാം ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുകയും വില്‍പനശാലകള്‍ നിര്‍ത്തലാക്കുകയുമാണ്. ഇതുവഴിയുണ്ടായ തൊഴില്‍ നഷ്ടം അരലക്ഷത്തിലധികമാണ്. തൊഴിലില്ലായ്മ ഒരു വ്യാഴവട്ടത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എത്തിനില്‍ക്കുന്നത്.
കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുണ്ടായ തകര്‍ച്ച കാര്‍ഷികമേഖലയെ പിടിച്ചുലയ്ക്കുകയാണ്. ഉല്‍പ്പാദന ചെലവില്‍ 17 ശതമാനം വര്‍ധനയുണ്ടായി. എന്നാല്‍ കാര്‍ഷിക വരുമാനത്തില്‍ 32 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
കേശതൈലം മുതല്‍ മോട്ടോര്‍ സൈക്കിള്‍ വരെയുള്ള ഉല്‍പ്പന്നങ്ങളുടെ വിപണി അനുദിനം കൂപ്പുകുത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉപഭോക്തൃ വിപണിയിലെ തകര്‍ച്ച സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പരിഹാര നടപടികളുണ്ടാകുന്നില്ല.
ഉപഭോഗ വസ്തുക്കളുടെ ആവശ്യകതയുടെ കാര്യത്തില്‍ ഇന്ത്യ അഞ്ച് വര്‍ഷം പിന്നോട്ടുപോയി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശ സ്വകാര്യ നിക്ഷേപങ്ങള്‍ ഗണ്യമായി കുറഞ്ഞു. കയറ്റുമതിയുടെ കാര്യത്തില്‍ വലിയതോതിലുള്ള കുറവാണ് ഓരോ പാദത്തിലും ഉണ്ടാകുന്നത്. സമ്പദ് വ്യവസ്ഥയുടെ രണ്ട് ചക്രങ്ങളായ സ്വകാര്യ നിക്ഷേപം, ഉപഭോഗം എന്നിവയുടെ കുറവ് പരിഹരിക്കുന്നതിന് മോഡി സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
സാധാരണക്കാരന്റെ ജീവിതം ദുരിതങ്ങളില്‍ നിന്ന് ദുരിതക്കയങ്ങളിലേയ്ക്ക് പതിച്ചുകൊണ്ടേയിരിക്കുന്നു. ഇവയെല്ലാം സമീപഭാവിയില്‍ സംഭവിച്ചേയ്ക്കാവുന്ന മാന്ദ്യത്തിന്റെ സൂചനകളാണ്. അഞ്ചുവര്‍ഷമായി മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളാണ് മാന്ദ്യത്തിലേയ്ക്ക് നയിക്കുന്നതെന്ന് സംഘപരിവാര്‍ അനുകൂലികള്‍വരെ തുറന്നു പറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഐസിഐസിഐ ബാങ്കിന്റെ മുന്‍ അധ്യക്ഷനും ബിജെപി നേതാക്കളുടെ ഇഷ്ടതോഴനുമായ കെ വി കാമത്ത്, സുബ്രഹ്മണ്യന്‍ സ്വാമി എന്നിവരെല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടയില്‍ അതിവൈകാരികത ഉയര്‍ത്തി ശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്ര ഭരണാധികാരികളും ബിജെപി നേതാക്കളും ശ്രമിക്കുന്നത്. എന്തൊക്കെയായാലും അതിജീവിക്കാനാവാത്ത തകര്‍ച്ചയിലാണ് നമ്മുടെ സമ്പദ്ഘടന എത്തിനില്‍ക്കുന്നതെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പരിഹാര നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുമെന്ന സ്ഥിതിയാണുള്ളത്.