രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

Web Desk
Posted on September 07, 2019, 10:04 pm
jalakam

രെയും ആശങ്കപ്പെടുത്തുന്ന നിലയിലുള്ള സാമ്പത്തിക പ്രതിസന്ധിയിലാണ് ഇന്ത്യ ഇന്ന് അകപ്പെട്ടു നില്‍ക്കുന്നത്. ഒരു ഫാസിസ്റ്റു വാഴ്ചയില്‍ സാമ്പത്തിക അരാജകത്വം നിലനില്‍ക്കുമെന്നത് കേവലം ഒരു യാഥാര്‍ഥ്യം മാത്രം. ലോകരാഷ്ട്രങ്ങളില്‍ ഏറ്റവും ശക്തമായ ഒരു സമ്പദ്ഘടനയായി വളര്‍ന്നു വന്ന നമ്മുടെ രാജ്യം മോഡിഭരണത്തിന്‍ കീഴില്‍ സമസ്തമേഖലകളിലും പുറകോട്ടുപോവുകയോ മന്ദീഭവിച്ചു നില്‍ക്കുകയോ ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്.
ഒരു രാജ്യത്തിന്റെ യഥാര്‍ഥ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ആഭ്യന്തര മൊത്ത ഉല്‍പ്പാദനമല്ല മാനദണ്ഡമാക്കേണ്ടത് എന്നും ഗ്രോസ് ഇന്‍ഡക്‌സ് ഓഫ് ഹാപ്പിനസ് ഇതില്‍ ഒരു പ്രധാന മാനദണ്ഡമാണെന്നും മുന്‍പ് പല ലേഖനങ്ങളിലും ഈ ലേഖകന്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജിഡിപി വളര്‍ച്ച വെറും ഉപരിപ്ലവമാണ്. സമ്പത്തിന്റെ അസമത്വങ്ങളെ തിരിച്ചറിയാന്‍ അതു സഹായിക്കുന്നില്ല. എന്നിട്ടും മെച്ചപ്പെട്ട ജിഡിപി വളര്‍ച്ച അവകാശപ്പെട്ടാണ് കേന്ദ്ര ഗവണ്‍മെന്റ് പട്ടിണികൊണ്ട് ഒട്ടിയ വയറുകള്‍ കണക്കുകള്‍കൊണ്ട് മറച്ചുപിടിക്കുന്നത്. ലോകബാങ്കും ഐഎംഎഫും കണക്കുകൂട്ടി പറഞ്ഞത് ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷം 7.5 ശതമാനം സാമ്പത്തികവളര്‍ച്ച നേടുമെന്നാണ്. എന്നാല്‍ ആകെ വളര്‍ച്ചാ നിരക്ക് കേവലം 6.8 ശതമാനമായിരുന്നു. ആദ്യപാദത്തിലെ ഈ വീഴ്ചയില്‍ നിന്നും രാജ്യത്തിന്റെ വളര്‍ച്ചനിരക്കിനെ 2019–20 ലെ ലക്ഷ്യമായ 7 ശതമാനത്തിലേക്ക് എത്തിക്കുകയെന്നത് അത്ര എളുപ്പമല്ല. മുന്‍വര്‍ഷങ്ങളിലെ പ്രഖ്യാപനങ്ങളെല്ലാം പാഴായിപ്പോയെങ്കിലും 2018 ല്‍ ജിഡിപി റാങ്കിംഗില്‍ 7-ാം സ്ഥാനത്തു കിടന്ന ഇന്ത്യ 2019 ലേക്ക് എത്തിയപ്പോള്‍ ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനേയും മറികടന്ന് 5-ാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. (അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ 3-ാം സ്ഥാനത്തു നില്‍ക്കുമെന്നായിരുന്നു ചില മോഡി അനുകൂല സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം)
വേണ്ടത്ര ഗൃഹപാഠമില്ലാതെയും റിസര്‍വ് ബാങ്കിന്റെ പോലും അഭിപ്രായം മാനിക്കാതെയും മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനവും ധൃതിപിടിച്ചു നടപ്പിലാക്കിയ ചരക്കുസേവന നികുതിയും ഇന്ത്യയുടെ ഗ്രാമീണ സമ്പദ്ഘടനയെ ചെറുതായിട്ടൊന്നുമല്ല ബാധിച്ചത്. സര്‍ക്കാരിന്റെ നികുതി വരുമാനത്തെയും ഇത് പ്രതികൂലമായി ബാധിച്ചു. 2016 നവംബര്‍ 8 ന് നടപ്പാക്കിയ നോട്ടു നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് ഒരു ധവളപത്രം പുറപ്പെടുവിക്കാന്‍ തയ്യാറായാല്‍-അതില്‍ വസ്തുതകള്‍ മറച്ചുവയ്ക്കാതിരുന്നാല്‍-നിശ്ചയമായും രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രിയെന്ന നിലയിലുള്ള നരേന്ദ്ര മോഡിയുടെ ഏറ്റവും വലിയ വിഡ്ഢിത്തം നിറഞ്ഞ തീരുമാനമായി നോട്ടു നിരോധനത്തിനു മാര്‍ക്കിടും. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുമെന്നും, കള്ളനോട്ടിന്റെ പ്രചാരണം ഇല്ലാതാക്കുമെന്നും ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം തടയുമെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയ പ്രധാനമന്ത്രി പുതിയ പുതിയ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതല്ലാതെ പിന്നിട്ട നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ചു മിണ്ടുന്നതേയില്ല.
നരേന്ദ്ര മോഡി തന്റെ രണ്ടാമൂഴം വിജയഭേരിയോടെ തുടങ്ങിയപ്പോള്‍ ”നിതി ആയോഗി”ല്‍ക്കൂടി ജനങ്ങള്‍ക്കു നല്‍കിയ ഒരു വാഗ്ദാനമാണ് ഇന്ത്യന്‍ സമ്പദ്ഘടനയെ 5 ലക്ഷം കോടിയുടെ സമ്പദ്ഘടനയായി മാറ്റും എന്നുള്ളത്. പ്രഖ്യാപനം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍, പ്രതീക്ഷിച്ച വളര്‍ച്ച നേടിയില്ലായെന്നു മാത്രമല്ല അത് 5 ശതമാനത്തിലേക്ക് മൂക്കു കുത്തിയെന്നത് യഥാര്‍ത്ഥ പ്രതിസന്ധിയുടെ ആഴം ചൂണ്ടിക്കാണിക്കുക കൂടിയാണ്. ഇത് ആറുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 5.8 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക്.
രാജ്യത്തെ വിവിധ മേഖലകളില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി മുരടിപ്പ് നിലനില്‍ക്കുകയാണ്. മോട്ടോര്‍ വാഹന വിപണിയില്‍ കഴിഞ്ഞ ജൂലൈ മാസം 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് നടന്നത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി സുസുകി ഹരിയാനയിലെ അവരുടെ രണ്ടു പ്ലാന്റുകള്‍ രണ്ടു ദിവസത്തേക്ക് അടച്ചിടുന്നതാണെന്ന് പ്രഖ്യാപിച്ചു. പാസ്സഞ്ചര്‍ കാറുകള്‍ ഉണ്ടാക്കുന്ന ഗുഡ്ഗാവിലെയും മനേസറിലെയും പ്ലാന്റുകളാണ് സെപ്റ്റംബര്‍ മാസത്തില്‍ രണ്ടുദിവസം അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടര്‍ പവാന്‍ ഗോയങ്ക കൂടുതല്‍ ലേ ഓഫുകള്‍ വേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കിയെന്നു മാത്രമല്ല മോട്ടോര്‍ വാഹന വ്യവസായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം 10 ശതമാനത്തിന്റെ നിക്ഷേപ കുറവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നു എന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. ടാറ്റാ മോട്ടോഴ്‌സ്, അശോക് ലേ ലാന്‍ഡ്, ടൊയോട്ടോ തുടങ്ങിയ കമ്പനികളെല്ലാം നിശ്ചിത ദിവസങ്ങളില്‍ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു കഴിഞ്ഞു. ടിവിഎസ്, മോട്ടോര്‍ കമ്പനി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് ഡൊമസ്റ്റിക് ടൂ വീലറിന്റെ വില്‍പ്പന 20.37 ശതമാനമായും മറ്റു മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പന 16.96 ശതമാനമായും ഈ ഓഗസ്റ്റില്‍ കുറഞ്ഞു എന്നാണ്. മോട്ടോര്‍ വാഹന മേഖലയില്‍ മാത്രം ഉണ്ടായിട്ടുള്ള തൊഴില്‍ നഷ്ടം മാത്രം 3.5 ലക്ഷം ആണ്. സെപ്റ്റംബര്‍ 3 ന് ഗവണ്‍മെന്റിന്റെ വാണിജ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് രാജ്യത്തിന്റെ എട്ടു സുപ്രധാന വ്യവസായ മേഖലകളിലെ വളര്‍ച്ചനിരക്ക് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 7.3 ശതമാനമുണ്ടായിരുന്നത് ഈ വര്‍ഷം ജൂലൈയില്‍ 2.1 ശതമാനമായി താഴ്ന്നു എന്നാണ്. കല്‍ക്കരി, പ്രകൃതി വാതകം, ക്രൂഡ് ഓയില്‍, ഇരുമ്പ്-ഉരുക്ക്, റിഫൈനറി തുടങ്ങിയ മേഖലകളെല്ലാം മോട്ടോര്‍ വാഹന വ്യവസായം പോലെ പുറകോട്ടു പോയി. നിര്‍മ്മാണ മേഖലയിലെ പ്രവൃത്തികള്‍ 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂലൈ മാസങ്ങളിലെ സംയോജിത വളര്‍ച്ചനിരക്ക് 5 ശതമാനമായിരുന്നത് ഈ വര്‍ഷം അതേ കാലയളവില്‍ 2 ശതമാനമായി കുറഞ്ഞു. 2019–20 ലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോള്‍ 7.6 ലക്ഷം കോടി രൂപയുടെ ചരക്കു-സേവന നികുതി വരുമാനം പ്രതീക്ഷിച്ച കേന്ദ്ര സര്‍ക്കാര്‍ അത് പുതുക്കിയ ബജറ്റില്‍ക്കൂടി 6.63 ലക്ഷം കോടിയുടെ നികുതി വരുമാനമായി കുറച്ചു. മോട്ടോര്‍ വാഹന വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാനായി ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ജിഎസ്ടിയില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിക്കേണ്ടി വരും എന്ന സൂചനയും നല്‍കി കഴിഞ്ഞു.
നികുതി വരുമാനത്തില്‍ എന്തെങ്കിലും തരത്തിലുള്ള കുറവു വരുത്തുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രിമാര്‍ ചിന്തിക്കുന്നതിനു മുന്‍പേ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് സമ്പദ്ഘടനയുടെ വളര്‍ച്ച ലക്ഷ്യത്തിലെത്തുകയില്ലായെന്നു ഉറപ്പാക്കി. അദ്ദേഹം വളര്‍ച്ചനിരക്ക് ഏഴുശതമാനത്തില്‍ നിന്നും 6.9 ശതമാനമാക്കി കുറച്ചുകൊണ്ട് സാമ്പത്തിക മാന്ദ്യം ബോധ്യപ്പെടുത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സമ്പദ്ഘടനയെക്കുറിച്ചുള്ള വാക്കുകള്‍ക്ക് പ്രസക്തിയേറുന്നത്. ”നീണ്ടുനില്‍ക്കുന്ന ഒരു സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ഇന്ത്യ പോകുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മുരടിപ്പിനെ, ”മനുഷ്യനിര്‍മ്മിത വിഡ്ഢിത്തരങ്ങളി”ല്‍ നിന്നുത്ഭവിച്ചത് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇത് സര്‍ക്കാരിന്റെ സൃഷ്ടിയാണെന്ന് ഡോ. സിങ് വ്യക്തമാക്കുകയും ചെയ്തു.
പ്രത്യക്ഷമായും പരോക്ഷമായും കൂടി ഏകദേശം 37 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്നുണ്ട് ഇന്ത്യയിലെ മോട്ടോര്‍ വാഹന ഇന്‍ഡസ്ട്രി. ഈ വ്യവസായത്തില്‍ മാത്രം തൊഴില്‍മാന്ദ്യത്തിന്റെ ഫലമായി ഇപ്പോള്‍ 3 ലക്ഷം തൊഴില്‍ നഷ്ടപ്പെട്ടു. ലേ ഓഫുകള്‍ വര്‍ദ്ധിക്കുന്നതോടുകൂടി ഇനിയും തൊഴില്‍ രഹിതരുടെ എണ്ണം കൂടും.
പരിഷ്‌കാരങ്ങള്‍ക്കു വേണ്ടിയുള്ള പരിഷ്‌കാരം എന്നതിനപ്പുറം മോഡി സര്‍ക്കാരിന്റെ ഒരു സാമ്പത്തിക ഉത്തേജക നടപടിയും പ്രശ്‌നപരിഹാരത്തിനുള്ളതല്ല. പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് കേവലം 4 എണ്ണമാക്കിയതുകൊണ്ട് ഇന്ത്യാ ഗവണ്‍മെന്റിനുള്ള നേട്ടം എന്താണ് എന്ന് ഒരു ധനമന്ത്രിയും വിശദീകരിക്കുന്നില്ല. എസ്ബിഐയില്‍ ഏതാനും സബ്‌സിഡിയറി ബാങ്കുകളെ ലയിപ്പിച്ച നടപടി കൊണ്ട് എന്തെല്ലാം നേട്ടമുണ്ടായി എന്ന് ഇപ്പോഴെങ്കിലും ഗവണ്‍മെന്റ് ജനങ്ങളോട് പറയണം.
ഇന്ത്യയെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിയിടുന്ന മോഡി സര്‍ക്കാരിന്റെ നടപടികളെ ആദ്യം എതിര്‍ത്തത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന രഘുറാം രാജന്‍ ആയിരുന്നു. മോഡി സര്‍ക്കാര്‍ ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ആഭ്യന്തര മൊത്ത ഉല്‍പ്പാദനം കണക്കാക്കുന്ന മാനദണ്ഡത്തില്‍ ഏകപക്ഷീയമായ മാറ്റം വരുത്തിയത് ശരിയല്ലായെന്നും നിതി ആയോഗിന്റെ സിഇഒ ആയിരുന്ന അരവിന്ദ് പനഗിരിയ എന്ന സാമ്പത്തിക വിദഗ്ധന്‍ ചൂണ്ടിക്കാണിച്ചു. മോദിയുടെ ഗിമ്മിക്കിന്റെ തന്ത്രങ്ങള്‍ തുറന്നു കാണിച്ചുകൊണ്ടും തെറ്റായ മാനദണ്ഡങ്ങളെ അവലംബിച്ച് ജിഡിപി വളര്‍ച്ച പെരുപ്പിച്ച് കാണിക്കുന്നതിനെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യവും ശക്തമായി എതിര്‍ത്തു. ഈ സാമ്പത്തിക വിദഗ്ധരെല്ലാം പടിയിറങ്ങേണ്ടി വന്നു. ഓരോ വിഡ്ഢിത്തരങ്ങള്‍ ചെയ്യുമ്പോള്‍ അതിന്റെ അപകടം ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാന്‍ പുതിയ തന്ത്രം മെനയുകയും അവസാനം തീവ്ര ദേശീയതയിലും മതാധിഷ്ഠിത ദുരഭിമാനത്തിലും അഭയം തേടുകയും ചെയ്യുന്ന മോഡി ഭരണകൂടം രാജ്യത്തെയും ജനങ്ങളെയും കൂടുതല്‍ കൂടുതല്‍ പാപ്പരീകരിച്ചു കൊണ്ടിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിനു നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഈ പാപ്പരീകരണം കൂടുതല്‍ വെളിവാക്കപ്പെട്ടു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും പരപ്പും ജനങ്ങളെ അങ്ങേയറ്റം ആശങ്കാകുലരാക്കുന്നുണ്ട്.