19 April 2024, Friday

കര്‍ഷകര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് രാജ്യം

Janayugom Webdesk
ലഖ്നൗ
October 12, 2021 10:49 pm

ലഖിംപുര്‍ ഖേരി കൊലപാതകത്തില്‍ മരിച്ച കര്‍ഷകര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് രാജ്യം. ഉത്തര്‍പ്രദേശിലെ ടിക്കോണിയയില്‍ നടന്ന യോഗത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ നിന്നും പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ ‘ഷഹീദ് കിസാന്‍ ദിവസി‘നായി ടിക്കോണിയയിലേക്ക് പ്രവഹിക്കുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ വാഹനവ്യൂഹം ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ നാല് കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടിരുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ വക്താവ് രാകേഷ് ടികായത്, സമാജ്‍വാദി പാര്‍ട്ടി നേതാവ് രാംപാല്‍ സിങ് യാദവ് എന്നീ നേതാക്കളും കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് ആദാരാഞ്ജലി അര്‍പ്പിച്ചു.

അജയ് മിശ്രയെ പുറത്താക്കാത്ത മോഡി സര്‍ക്കാരിന്റെ നടപടി ലജ്ജാവഹമാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. 15 ന് ദസറ ദിനത്തില്‍ രാജ്യമെമ്പാടും ബിജെപി നേതാക്കളുടെ കോലം കത്തിക്കാനും സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. 18 ന് ട്രെയിന്‍ തടയല്‍ സമരവും 26 ന് ലഖ്നൗവില്‍ കിസാന്‍ മഹാപഞ്ചായത്തും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

കര്‍ഷകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട ഇയാളെ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. സംഭവത്തില്‍ ബിജെപി നേതാവ് അങ്കിത് ദാസിന്റെ ഡ്രൈവറായ ശേഖര്‍ ഭാരതിയെക്കൂടി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്കിത് ദാസ്, ലത്തീഫ് എന്നിവര്‍ കോടതിയില്‍ കീഴടങ്ങാന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

Eng­lish Sum­ma­ry: The coun­try pays trib­ute to the farmers

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.