Web Desk

December 15, 2019, 10:33 pm

രാജ്യവും കൈകോർക്കണം കേരളത്തെ മാതൃകയാക്കി

Janayugom Online

നവോത്ഥാന മൂല്യങ്ങളാൽ ഉയർന്ന ചിന്താശേഷിയുള്ള രാഷ്ട്രീയ കേരളം, രാജ്യത്തിന്റെ മതേതരത്വ സങ്കല്പത്തെ ചിന്നഭിന്നമാക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായ പ്രക്ഷോഭത്തിന് അണിനിരക്കുകയാണിന്ന്. ഭരണപ്രതിപക്ഷ വ്യത്യാസമി­ല്ലാതെ നടക്കുന്ന യോജിച്ച പ്രതിഷേധം രാജ്യത്ത് തുടരുന്ന പ്രതി­ഷേധങ്ങൾക്ക് ശക്തിപകരുന്ന ഒന്നാണ്. അതിനിടെ ജനകീയ യോ­ജിപ്പിന് തുരങ്കം വയ്ക്കുന്നതും ആർഎസ്എസ്, ബിജെപി ആസൂത്രി­ത അക്രമ നീക്കങ്ങൾക്ക് വഴിയൊരുക്കുന്നതുമായ പ്രത്യേക ഹർ­ത്താൽ സമരമുറ ദോഷകരമാകുമെന്നും പറയേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന കേരളീയ­രെ­ല്ലാം സാന്നിധ്യംകൊണ്ടും മനസുകൊണ്ടും ഇന്ന് കൈ­കോർ­ക്കേ­ണ്ടത്, മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപ­ക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ ‘ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം; ഭരണഘടനാ മൂല്യങ്ങൾ സം­ര­ക്ഷി­ക്കണം’ എന്ന മുദ്രാവാക്യം ഉയർത്തി തിരുവനന്തപുരത്തെ രക്തസാ­ക്ഷി മണ്ഡപ­ത്തിനു മുന്നിൽ നടക്കുന്ന സത്യഗ്രഹ സമരത്തിലാവണം.

രാജ്യമെമ്പാടും ശക്തമായ മുന്നേറ്റമാണ് ന്യൂനപക്ഷങ്ങൾക്ക് ഭീഷ­ണി ഉയർത്തുന്ന ഈ നീക്കത്തിനെതിരെ നടക്കുന്നത്. ഡിസംബർ 19‑ന് അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാൻ ഇടതുപക്ഷ പാർട്ടികളും ആ­ഹ്വാനം ചെയ്തിട്ടുണ്ട്. ഇതര പ്രതിപക്ഷ കക്ഷികളും പോരാട്ടത്തിലാണ്. പാ­ർലമെന്റിൽ ബില്ലിനെ പിന്തുണയ്ക്കാൻ നിർ­ബന്ധിതരായ എൻ­ഡിഎ സഖ്യകക്ഷി അസം ഗണപരിഷത്ത്, നിയ­മ ഭേദഗതിക്കെതിരെ സുപ്രീം കോടതി­യെ സമീപിക്കുവാൻ തീരുമാനിച്ചു. കേരളത്തിനൊപ്പം നിരവധി സംസ്ഥാനങ്ങൾ ഭേദഗ­തി റദ്ദാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കേരള ഗ­വർണർ അടക്കം ഭരണഘടനാ പദവികളിൽ ഇരിക്കുന്ന ആർ­എസ്­എസ് നേതാക്കളാകട്ടെ രാജ്യത്തെ കൂടുതൽ സ്ഫോ­ട­നാത്മക സ്ഥിതി­യി­ലേ­ക്ക് തള്ളിവിടാൻ സംഘ­പ­രിവാർ നയത്തിന് അ­ടി­വരയിടുകയും ചെയ്യുന്നു. ഒപ്പം പ്രതിഷേ­ധങ്ങളെ­യും പ്രക്ഷോഭ­ങ്ങളെയും അ­ടിച്ചമർ­ത്താനും ആർ­­എസ്എസ് ഭരണകൂടം ശ്ര­മിച്ചു­കൊണ്ടിരി­ക്കുന്നു. ഭരണകൂട ഭീകരത­യു­ടെ താണ്ഡവമാണ് ഡൽ­ഹി­­യി­ൽ കാണാ­നാ­വുന്ന­ത്. ജാമിയ മിലി­യ സർവ­ക­ലാ­ശാല വിദ്യാർ­ഥി­കൾ­ക്കുനേരെ പൊലീസ് വെ­ടി­­­വച്ചു. പൊലീസ് നടപ­ടിയോടെ പ്രകോപി­തരാ­യ വിദ്യാർഥികൾ മൂന്ന് ബ­സുകൾ ഉൾപ്പെടെ നിര­വധി വാഹനങ്ങൾ കത്തിച്ചു.

നിരവധി കാറുകളും ഇ­രുചക്ര വാഹനങ്ങളും അ­ഗ്നിക്കിരയാക്കി. സമാ­ന സ്ഥിതിയുള്ള വടക്കു­കിഴ­ക്കൻ സംസ്ഥാനങ്ങളിലാ­കട്ടെ പ്രതിഷേധം നിയ­ന്ത്രണാതീതമായി തുടരു­ക­യാണ്. കേന്ദ്ര നീക്കങ്ങ­ളി­ൽ ഭയന്ന് ആത്മഹ­ത്യ­കളും പ്രതിഷേധത്തെ അ­ടി­ച്ചമർത്തു­ന്ന­തിന്റെ ഭാ­ഗ­മായ പൊലീസ് കൊല­പാതകങ്ങളും അരങ്ങേ­റു­ന്നു. അസമിലെ സ്ഥിതി അ­ങ്ങേയറ്റം വഷളായി­ക്കൊ­ണ്ടിരിക്കുകയാണ്. ചരിത്രത്തില്‍ ഇന്നു­വരെ കണ്ടിട്ടി­ല്ലാത്ത ശക്തമായ പ്രതിഷേധമാണ് കഴി­ഞ്ഞ കുറച്ചു­ദിവസ­ങ്ങളായി അസമിൽ അരങ്ങേറുന്നത്. പൊലീസ് ഭീകരത തുടരുന്ന അസമിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധവു­മായി രംഗത്തുള്ള ജനങ്ങൾ മൂന്ന് റ­­യി­ല്‍വേ സ്റ്റേഷനുകള്‍, പോസ്റ്റ് ഓഫീസ്, ബസ് ടെര്‍മിനല്‍ എന്നിവയ്ക്കു തീയിട്ടു. പശ്ചിമബംഗാളിലും സംഘർഷങ്ങ­ൾ­ക്ക് അയവുവന്നിട്ടില്ല. വടക്കൻ ത്രിപുര ഉൾപ്പെടെ പലപ്രദേ­ശ­ങ്ങ­ളിലും ആക്രമണങ്ങളെ ഭയന്ന് 1500 ഓളം ആദിവാസി ഇതര കുടും­ബങ്ങൾ വീടുപേക്ഷിച്ച് പോയിരി­ക്കുന്നു. ജോയിന്റ് മൂവ്­മെ­ന്റ് എഗൻസ്റ്റ് സിറ്റിസൻഷിപ് ബിൽ (ജെ­എം­എസി) ആഹ്വാനം ചെ­യ്തി­രുന്ന അനിശ്ചിതകാല സമരം പിൻവ­ലി­ച്ചെങ്കിലും ത്രിപുരയിൽ ഇനിയും ആശങ്കകളൊഴിഞ്ഞിട്ടില്ല.

ജനരോഷം രാജ്യത്താകെ പടരുമ്പോൾ പാർലമെന്റ് പാസാക്കിയ നിയമ ഭേദഗതിയിൽ ഇന്ന് സുപ്രീം കോടതിയുടെ നിലപാട് എന്താ­യി­രി­ക്കു­മെന്നതിനെ ആശ്രയിക്കാനാണ് ശിവസേന അടക്കം സം­­ഘ­പരിവാർ സ്വഭാവത്തിലുള്ള പലരും കാത്തുനിൽക്കുന്നത്. ഇ­ക്കാ­ര്യ­ത്തില്‍ രാഷ്ട്രപതി എന്ത് പറയുന്നു എന്നു കാതോർക്കുന്ന ഇന്ത്യ­ക്കാരും അനേകമാണ്. അതേസമയം, ജനകീയ പ്രതിഷേധങ്ങളെ ഭയന്ന് സംസ്ഥാന പര്യടനങ്ങൾ ഒഴിവാക്കുന്ന ആ­ഭ്യ­ന്തര മന്ത്രി അമിത്ഷാ, പൗരത്വഭേദഗതി നിയമത്തില്‍ ആ­വ­ശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് പറഞ്ഞിരിക്കുന്നു. വടക്കുകിഴക്കന്‍ സം­സ്ഥാനങ്ങളില്‍ കനക്കുന്ന പ്രതിഷേധ സമരങ്ങളുടെ അടിസ്ഥാന­ത്തിലാണ് നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോ­ചിക്കു­ന്നതെന്ന് റാഞ്ചിയിൽ അതീവ സുരക്ഷാവലയത്തിൽ നടന്ന പൊ­തുയോഗത്തിൽ അമിത്ഷാ പ്രഖ്യാപിച്ചത്. ഇത് എത്രത്തോളം വിശ്വസനീയമാണെന്ന സംശയമാണ് വിവിധകോണുകളിൽ നിന്നു­ള്ളത്. നിലവിലെ പ്രതിഷേധങ്ങളെ തണുപ്പിക്കുന്നതിനൊപ്പം ആ­സൂത്രിതമായി പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്നതിനുമാണ് അമിത്­ഷാ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുദാഹരണമാണ് പ്രതി­ഷേ­ധങ്ങളെ കലാപാന്തരീക്ഷമുണ്ടാക്കി പൊലീസിനെ ഉപയോഗിച്ച് നേരിടുന്നത്. ഇതിനെതിരെ കേരളത്തിലേതുപോലെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനകീയ പോരാട്ടമാണ് രാജ്യത്താകെ ഉയര്‍ന്നുവരേണ്ടത്.