വാളയാർ കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി അനുമതി നല്കി . വെള്ളിയാഴ്ച തന്നെ ഇത് സംബന്ധിച്ച ഉത്തരവുണ്ടാകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടിയിട്ടുണ്ട്. പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാൻഡിലയച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
വാളയാർ കേസില്‍ തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനമെടുത്തത്. എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിനുളള അപേക്ഷ കോടതിയിൽ നൽകിയത്. വാളയാർ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി. റയില്‍വെ എസ്പി ആർ നിശാന്തിനിക്കാണ് മേൽനോട്ടം. ക്രൈംബ്രാഞ്ച് എസ്പി എ എസ് രാജു, ഡിസിപി ഹേമലത എന്നിവർ പ്രത്യേക സംഘത്തിലുണ്ട്.
2017 ജനുവരി 13നാണ് 13 വയസുകാരിയായ മൂത്ത പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 52 ദിവസത്തിന് ശേഷം മാർച്ച് നാലിന് നാലാംക്ലാസുകാരിയായ അനിയത്തിയും ഇതേരീതിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ആദ്യ മരണത്തിന്റെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഈ പെൺകുട്ടി. രണ്ടിലും ദുരൂഹത നിറഞ്ഞുനിന്നെങ്കിലും കുട്ടികൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കണ്ടെത്തൽ. രണ്ടുകുട്ടികളും ലൈംഗികപീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. അന്വേഷണത്തിൽ വീഴ്ച വരുത്തിയ വാളയാർ എസ്ഐ പി സി ചാക്കോയെ ചുമതലയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീടാണ് കേസ് ചുമതല നാർകോട്ടിക് സെൽ ഡിവൈഎസ്പി എം ജെ സോജന് കൈമാറിയത്. കേസിൽ കല്ലങ്കാട് വി മധു, ഇടുക്കി രാജാക്കാട് നാലുതൈക്കൽ വീട്ടിൽ ഷിബു, ചേർത്തല സ്വദേശി പ്രദീപ്കുമാർ എന്നിവരായിരുന്നു പ്രതികൾ. പിന്നീട് ഒരു 16കാരനെ കൂടി അറസ്റ്റ് ചെയ്തു.
English summary; further investigation in the Walayar case
You may also like this video;