Tuesday
12 Nov 2019

ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്

By: Web Desk | Friday 8 November 2019 10:06 PM IST


കേരളത്തിലെ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായ ടോം ജോസ് സംസ്ഥാനത്തെ ഏറ്റവും ഉന്നത പദവിയിലിരിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. അതിനാൽ തന്നെ രാജ്യത്ത് നിലനിൽക്കുന്ന നിയമ വ്യവസ്ഥിതിയെ കുറിച്ചുള്ള ഉത്തമ ബോധ്യമുണ്ടാവേണ്ടതാണ്. രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് കടക വിരുദ്ധമായ നിലപാട് സ്വീകരിക്കുവാൻ ആർക്കും അവകാശമില്ല. സാധാരണ പൗരൻ/മാവോയിസ്റ്റ് എന്ന വിഭജനമാണ് ടോം ജോസ് ഉന്നയിക്കുന്ന വാദഗതിയുടെ അടിസ്ഥാനം. ഒരു ജനാധിപത്യ രാജ്യത്ത് ഒരുതരം പൗരന്മാർ മാത്രമേ ഉള്ളൂ എന്ന സാമാന്യ തത്വം പോലും ഒരു ചീഫ് സെക്രട്ടറിയുടെ പദവിയിലിരിക്കുന്നയാൾക്കറിയില്ല എന്നത് അത്ഭുതകരമാണ്. ഇതേ വാദഗതി മുന്നോട്ടു കൊണ്ടുപോയി നഗരങ്ങളിലെ മനുഷ്യാവകാശ പ്രവർത്തകരും മറ്റും ‘നഗര നക്സലുകളാണ്’ എന്ന സംഘപരിവാർ നിലപാടിലേക്കാണ് ടോം ജോസ് എത്തിച്ചേരുന്നത്. ഈ നിലപാട് ഭരണഘടനയിലെ ആർട്ടിക്കിൾ 21 അനുസരിച്ച് ഉറപ്പു നൽകപ്പെട്ടിട്ടുള്ള പൗരസ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരായ നിലപാടാണ്.

ഫസ്റ്റ് പോസ്റ്റ് നൽകിയ വിവരാവകാശ അപേക്ഷ അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ വിവരം 2000-2017 വർഷങ്ങൾക്കിടയിൽ 1782 വ്യാജ ഏറ്റുമുട്ടൽ കേസുകൾ ഉണ്ടായി എന്നാണ്. ഇതിൽ 44.55 ശതമാനം (794 കേസുകൾ) യുപിയിൽ മാത്രമാണ്. 2013 നും 2017 നും ഇടയിൽ 60. 07 കോടിരൂപ വ്യാജഏറ്റുമുട്ടൽ കേസുകളിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുവാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുമുണ്ട്. കേരളം മാവോയിസ്റ്റുകളുടെ സുരക്ഷിതമായ അഭയസ്ഥാനമാണെന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറി പറയുന്നത്. കേരളത്തെക്കുറിച്ച് ഇ­ത്തരം പ്രസ്ഥാവന നടത്തുന്നത് സംസ്ഥാന ചീഫ് സെക്രട്ടറി തന്നെയാണെന്നത് വിരോധാഭാസമെന്ന് മാത്രമല്ല, ആ സ്ഥാനത്തിരുന്ന് സ്വീകരിക്കുന്ന ഏറ്റവും നിരുത്തരവാദപരമായ നിലപാടു തന്നെയാണ്.

ഒരു സംസ്ഥാന ചീഫ് സെക്രട്ടറി കൊല്ലുവാൻ ആഹ്വാനം ചെയ്യുന്നത് രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പിയുസിഎൽ V/s മഹാരാഷ്ട്ര എന്ന കേസിൽ സുപ്രീം കോടതി 2016 ൽ പൊലീസ് ഏറ്റുമുട്ടൽ കൊലകൾ അന്വേഷിക്കുന്നത് സംബന്ധിച്ച് വ്യക്തമായ 16 മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അവ രാജ്യത്തെ നിയമമാണ്. അവ പാലിക്കപ്പെടണം. ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച കേസ് ഇപ്പോൾ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ഈ സന്ദർഭത്തിൽ ഏറ്റുമുട്ടൽ കൊലയെ ന്യായീകരിച്ചുകൊണ്ട് ചീഫ് സെക്രട്ടറി പത്രത്തിൽ ലേഖനമെഴുതിയത് കോ­­ടതിയലക്ഷ്യമാണ്. മാവോയിസ്റ്റുകൾക്ക് ഇന്ത്യയിലെ ഏതൊരു പൗരനും അവകാശപ്പെട്ട മനുഷ്യാവകാശങ്ങൾ ഇല്ല എന്ന് ഒരു സംസ്ഥാന ചീഫ് സെക്രട്ടറി തന്നെ പത്രത്തിലൂടെ പ്രസ്താവിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. എന്നു മാത്രല്ല താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരിൽ നിയമ വിരുദ്ധമായ അഭിപ്രായ രൂപീകരണത്തിനും ഇടയാക്കും.

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ബാധകമായ ചട്ടങ്ങൾ പ്രകാരം മുൻകൂർ അനുമതിയില്ലാതെ ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് ചട്ട വിരുദ്ധമാണ്. ഇത്തരത്തിൽ സ്വന്തം ആത്മകഥയെഴുതിയ ജേക്കബ് തോമസ് എന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പോലും നടപടി ശുപാർശ ചെയ്തയാളാണ് ടോം ജോസ്. വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റും തത്വശാസ്ത്രജ്ഞനുമായ അൽബേർ കാമുവിന്റെ നിഷേധി (ദി റെബൽ) എന്ന പുസ്തകത്തിലെ വരികളാണ് എന്ന നിലയിൽ ടോം ജോസ് എഴുതി­യത് Ultimate alibi for large scale murder is philosophy എന്നാണ്. അതായത് കൂട്ടക്കൊലകൾക്കുള്ള ഏറ്റവും വലിയ ഒഴിവുകഴിവാണ് തത്വചിന്ത എന്ന്. അൽബേർ കാമു ഇങ്ങിനെയൊരു വാചകം എഴുതിയതായി അറിവില്ല. അദ്ദേഹത്തിന്റെ യഥാർഥ വരികൾ ഇതാണ്. ‘We are living in the era of premeditation and the perfect crime. Our criminals are no longer helpless children who could plead love as the­ir excuse. On the contrary, they are adults and the have the perfect alibi: philosophy, which can be used for any purpose – even for transforming murderers into judges’. അതായത്, മുൻകൂട്ടി നിശ്ചയിച്ച വിദഗ്ധമായ കുറ്റകൃത്യങ്ങളുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ കുറ്റവാളികൾ സ്നേഹം കൊണ്ട് പൊറുക്കേണ്ട നിസഹായരായ കുഞ്ഞുങ്ങളല്ല. പകരം അവർ മു­തിർന്നവരും വിദഗ്ധമായി ഒഴിവു കഴിവുകൾ ഉള്ളവരുമാണ്. തത്വശാസ്ത്രം ഏതുകാര്യത്തിനും ഉപയോഗിക്കാം. കൊ­ലപാതകികളെ ന്യായാധിപന്മാരായി രൂ­പാ­ന്തരം വരുത്താൻ വരെ’.

കൊലപാതകികളെ ന്യായാധിപരാക്കുന്നു എന്ന് കാമു പറഞ്ഞത് കാമു അനുഭവിച്ചറിഞ്ഞ നാസി അധിനിവേശത്തെക്കുറിച്ചാണ്. ഫാസിസ്റ്റുകളെ കുറിച്ചാണ് കാമുവിന്റെ ഈ പരാമർശം. ഇ­തേ നോ­­വലിന്റെ തുടക്കത്തിൽ തന്നെ കാമു വ്യക്തമാക്കുന്നത്, L revolt, therefore I e­x­ist എന്നാണ്. Existentialism അഥവാ വ്യക്തി­സത്താവാദം എന്ന ആശയം, പതനം (the fall), അന്യൻ (Outsider), പ്ലേഗ് തുടങ്ങിയ വിഖ്യാത ഗ്രന്ഥങ്ങളിലൂടെ മുന്നോട്ടുവച്ച, വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് വളരെ ഉന്നതമായ വീക്ഷണം വച്ചു പുലർത്തിയ അൽബേർ കാമുവിനെ പോലുള്ള ഒരു ചിന്തകനെ ഇത്തരത്തിൽ ദുർവ്യാഖ്യാനം ചെയ്തത് അദ്ദേഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ അനാദരവാണ്.

(അവസാനിച്ചു)

YOU MAY ALSO LIKE…..