റോഡുകളുടെ ശോച്യാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവെച്ച് പോകണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കഴിവുള്ള ഒട്ടേറെ ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ട്. അവര്‍ക്ക് അവസരം കൊടുക്കണമെന്ന് കോടതി പറഞ്ഞു.
റോഡുകള്‍ മികച്ചത് ആയിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കഴിഞ്ഞവര്‍ഷം കോടതി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിയ റോഡുകള്‍ ഈ വര്‍ഷം വീണ്ടും നന്നാക്കേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്ന് കൊച്ചി നഗരസഭ കോടതിയെ അറിയിച്ചു. ഇത്തരം ന്യായീകരണങ്ങള്‍ മാറ്റിനിര്‍ത്തി, പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.
റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകളിലെ അനധികൃത കേബിളുകള്‍ അടിയന്തരമായി നീക്കം ചെയ്യാനും കോടതി നിര്‍ദേശം നല്‍കി.
റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കോടതിയെ നേരിട്ട് വിവരം അറിയിക്കാം. ഡിസംബര്‍ 14 ന് മുമ്പ് വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബർ 15 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. റോഡുകളിലെ കുഴികള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിര്‍ദേശം.
English Summary: The court with harsh criticism of the deplorable condition of the roads
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.