December 1, 2023 Friday

Related news

November 30, 2023
November 29, 2023
November 29, 2023
November 29, 2023
November 28, 2023
November 22, 2023
November 21, 2023
November 21, 2023
November 21, 2023
November 20, 2023

കോവിഡ് വാക്സിന്‍ കോടിക്കണക്കിന് മരണങ്ങള്‍ തടഞ്ഞു; പഠന റിപ്പോര്‍ട്ട് പുറത്ത്

ലോകത്ത് 1.98 കോടിയും ഇന്ത്യയില്‍ 42 ലക്ഷം മരണവും തടഞ്ഞതായി ലാന്‍സെറ്റ്
Janayugom Webdesk
June 24, 2022 8:40 pm

കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതിന് പിന്നാലെ വാക്സിന്‍ കണ്ടെത്താന്‍ സാധിച്ചതിലൂടെ കോടികണക്കിന് മരണങ്ങള്‍ തടഞ്ഞതായി ലാന്‍സെറ്റ് പഠനം.
വാക്സിന്‍ കണ്ടെത്തിയ ആദ്യവര്‍ഷം, ലോകത്ത് സംഭവിച്ചേക്കാവുന്ന 3.14 കോടി കോവിഡ് മരണങ്ങളില്‍ 1.98 കോടി മരണങ്ങളെ വാക്സിനുകളുടെ ഉപയോഗം മൂലം തടഞ്ഞു. ഇന്ത്യയില്‍ 42.10 ലക്ഷം കോവിഡ് മരണങ്ങള്‍ തടഞ്ഞു. ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് അധിക മരണം കണക്കുകൂട്ടുന്നതിന് സ്വീകരിച്ച മാതൃകകളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നത്. 

2021 അവസാനത്തോടെ എല്ലാ രാജ്യങ്ങളിലെയും നാല്പത് ശതമാനം ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കണമെന്ന ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം നിറവേറ്റിയിരുന്നെങ്കില്‍ 5.99 ലക്ഷം മരണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും പഠനം പറയുന്നു. 2020 ഡിസംബര്‍ എട്ടിനും 2021 ഡിസംബര്‍ എട്ടിനും ഇടയിലുള്ള ഒരുവര്‍ഷമാണ് പഠനത്തിന് വിധേയമാക്കിയത്. ഇന്ത്യയില്‍ മാത്രം 42.10 ലക്ഷം കോവിഡ് മരണങ്ങളാണ് വാക്സിനേഷനിലൂടെ തടഞ്ഞത്. 36.65 മുതല്‍ 43.70 ലക്ഷം മരണങ്ങള്‍ ഇന്ത്യയില്‍ നടക്കുമെന്നായിരുന്നു നിഗമനമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഇംപീരിയല്‍ കോളജിലെ ഒലിവര്‍ വാട്സന്‍ പറഞ്ഞു. 

വാക്സിനേഷനിലൂടെ ദശലക്ഷക്കണക്കിന് കോവിഡ് മരണങ്ങള്‍ തടയാന്‍ ഇന്ത്യക്ക് കഴിഞ്ഞു. അതിമാരക വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്കത് ഇന്ത്യയിലാണ്. വാക്സിനേഷനിലൂടെ ഇന്ത്യ മികച്ച നേട്ടമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ 48.2 മുതല്‍ 56.3ലക്ഷം അധിക മരണങ്ങള്‍ കോവിഡ‍് കാലത്തുണ്ടായതായാണ് ലോകാരോഗ്യസംഘടന കണക്കാക്കിയത്. എന്നാല്‍ ഇത് ഔദ്യോഗിക കണക്കിന്റെ പത്തിരട്ടിയാണ്. 5.24 കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആദ്യ വര്‍ഷം 23 ലക്ഷം അധികമരണങ്ങള്‍ ഇന്ത്യയിലുണ്ടായി. 

2021 ജനുവരിയിലായിരുന്നു ഇന്ത്യയില്‍ വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 196.62 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്സിനേഷൻ ഡ്രൈവുകളിലൊന്നാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇന്ത്യയില്‍ 65 ശതമാനത്തിലധികം പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. 185 രാജ്യങ്ങളിലും മറ്റ് പ്രദേശങ്ങളില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. ഏറ്റവുമധികം മരണങ്ങള്‍ തടഞ്ഞിരിക്കുന്നത് ഉയര്‍ന്നതും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണെന്നും പഠനം വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: The covid vac­cine pre­vent­ed mil­lions of deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.