കെ രംഗനാഥ്

അബുദാബി

February 15, 2020, 10:49 pm

കടുത്ത വെല്ലുവിളികളെ നേരിട്ടും സിപിഐ എന്നും ശരിയുടെ പക്ഷത്ത്: കാനം

Janayugom Online

ചരിത്രത്തിലെ എറ്റവും കടുത്തതും ബീഭത്സവുമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണെങ്കിലും സിപിഐ എന്നും ശരിയുടെ പക്ഷത്താണ് നിലകൊള്ളുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ വെല്ലുവിളികള്‍ക്കെതിരായ പോരാട്ടത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പാര്‍ട്ടിക്ക് കഴിയുന്നത് ഇതുകൊണ്ടാണെന്നും യുഎഇ യുവകലാസാഹിതിയുടെ ദേശീയ സംഘടനാ സമ്മേളനം കേരള സോഷ്യല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രായത്തിനൊത്ത വളര്‍ച്ച കൈവരിക്കാനായിട്ടില്ലെങ്കിലും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര ദാര്‍ഢ്യതകൊണ്ടാണ് നമ്മുടെ നയങ്ങള്‍ക്കു പൊതുസ്വീകാര്യത ലഭിക്കുന്നത്.

വിദേശരാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയിലും സിപിഐയുടെ ആദര്‍ശങ്ങള്‍ക്ക് ശക്തമായ വേരോട്ടമാണുണ്ടായിരിക്കുന്നത്. യുവകലാസാഹിതിപോലുള്ള ഇടതുപക്ഷ പ്രവാസി സംഘടനകളിലെ അംഗസഖ്യ മൂന്നുവര്‍ഷത്തിനുള്ളില്‍ പലമടങ്ങായി വര്‍ധിച്ചതും ഇതിന് തെളിവായി കാനം ചൂണ്ടിക്കാട്ടി. പാര്‍ട്ടി സംഘടന കൂടുതല്‍ കരുത്താര്‍ജിക്കാന്‍ പ്രത്യയശാസ്ത്ര പ്രചാരണരംഗത്ത് നാം ബഹുദൂരം മുന്നോട്ടുപോകേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയുടെ സൈദ്ധാന്തികമായ പടവാളായ ‘ജനയുഗം’ ഇക്കാലഘട്ടത്തില്‍ നേടിയ വളര്‍ച്ച അഭൂതപൂര്‍വമാണ്. ലോകത്തെ ആദ്യത്തെ സ്വതന്ത്ര സോഫ്റ്റ്‌വേറിലുള്ള പത്രം എന്ന അനുപമ ബഹുമതിയുള്ള ‘ജനയുഗം’ ലാഭകരമായി പ്രവര്‍ത്തിക്കുന്ന അപൂര്‍വം പത്രങ്ങളില്‍ ഒന്നായി മാറിയെന്നതും ആവേശകരമാണ്. പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ചില ദിവസങ്ങളില്‍ 15 ലക്ഷം പേരാണ് വായിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ പത്രത്തിന്റെ പലമടങ്ങാണിതെന്നും ‘ജനയുഗം’ ചീഫ് എഡിറ്റര്‍ കൂടിയായ കാനം രാജേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. പ്രവാസിലോകത്ത് ‘ജനയുഗം’ ഓണ്‍ലൈന്‍ എഡിഷന് കൂടുതല്‍ വായനക്കാരുണ്ടാകാന്‍ യുവകലാസാഹിതി പോലുള്ള പ്രവാസി സംഘടനകളെ അദ്ദേഹം ആഹ്വാനം ചെയ്തു. സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡയ്ക്കൊപ്പം നവ ലിബറല്‍ നയങ്ങളിലൂടെ കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്കുവേണ്ടി രാജ്യത്തെ ഒരു കമ്പോളമായി മോഡി സര്‍ക്കാര്‍ തുറന്നിട്ടുകൊടുത്തിരിക്കുകയാണെന്ന് സിപിഐയുടെ നയവിശദീകരണ പ്രസംഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരി കുറ്റപ്പെടുത്തി.

നവരത്ന കമ്പനികളടക്കം ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമല്ല തുറമുഖങ്ങളും വിമാനത്താവളങ്ങളും റയില്‍വെയും കല്‍ക്കരി ഖനികളും എന്‍ഐസിയുമടക്കമുള്ള ഇന്ത്യന്‍ ജനതയുടെ സ്വത്താണ് ദേശീയ‑വിദേശ കുത്തകള്‍ക്കു വിറ്റുതലയ്ക്കുന്നത്. വിദേശ മൂലധനശക്തികള്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളമായി ഇന്ത്യയുടെ കവാടങ്ങള്‍‍ മോഡി മലര്‍ക്കെ തുറന്നിട്ടുകൊടുത്തിരിക്കുന്നു. ഇതുമൂലം ചെറുകിട‑ഇടത്തരം വ്യവസായങ്ങള്‍ പൂട്ടുന്നു. ദശലക്ഷക്കണക്കിന് തൊഴിലാളികളാണ് തൊഴിലില്ലായ്മയിലേയ്ക്ക് എറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം തിരിച്ചടി നല്‍കാന്‍ രാജ്യം പടയോട്ടം തുടങ്ങിയിരിക്കുന്നുവെന്നതിനു തെളിവാണ് 30 കോടി തൊഴിലാളികള്‍ പങ്കെടുത്ത ദേശീയ പണിമുടക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ എഐടിയുസി നേതൃത്വം നല്‍കിയ ഈ ഐതിഹാസികമായ പണിമുടക്ക് രാജ്യത്തെ പോരാടുന്ന ജനതയ്ക്ക് പുതിയ ദിശാബോധമാണ് നല്‍കിയിരിക്കുന്നത്. ഈ പോരാട്ടത്തില്‍ പ്രവാസി സംഘടനകള്‍ക്കും ചരിത്രപരമായ ദൗത്യമാണ് നിര്‍വഹിക്കാനുള്ളതെന്ന് സത്യന്‍ മൊകേരി അഭിപ്രായപ്പെട്ടു. എഐഎസ്എഫ് ദേശീയ നേതാവ് ശുഭേഷ് സുധാകരനും സമ്മേളനത്തില്‍ സംബന്ധിച്ചു. യുവകലാസാഹിതി യുഎഇ ദേശീയ പ്രസിഡന്റ് ബാബു വടകര, ദേശീയ സെക്രട്ടറി വില്‍സണ്‍ തോമസ്, നമിത സുബീര്‍ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. യുവകലാസാഹിതി സംഘടന കോ-ഓര്‍ഡിനേറ്റര്‍ ആര്‍ പ്രശാന്ത് ആലപ്പുഴ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനാ സെക്രട്ടറി റോയ് വി വര്‍ഗീസ് സ്വാഗതം പറഞ്ഞു. മനു കൈനകര, സ്മിത, അഭിലാഷ് എന്നിവര്‍ മിനിറ്റ്സ് കമ്മിറ്റി അംഗങ്ങളായും പ്രസന്നകുമാര്‍, രഞ്ജിത്, രാജന്‍ ജോസഫ് എന്നിവര്‍ പ്രമേയ കമ്മിറ്റി അംഗങ്ങളായും പ്രവര്‍ത്തിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ക്ക് കാനം രാജേന്ദ്രനും സത്യന്‍ മൊകേരിയും മറുപടി പറഞ്ഞു.