14 October 2024, Monday
KSFE Galaxy Chits Banner 2

Related news

August 8, 2024
May 6, 2024
December 8, 2023
September 22, 2023
August 23, 2023
November 5, 2022
October 31, 2022
September 25, 2022
August 8, 2022
June 13, 2022

ആവേശം വാനോളം; സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ചെമ്പതാക ഉയര്‍ന്നു

അനില്‍കുമാര്‍ ഒഞ്ചിയം
കണ്ണൂർ
April 5, 2022 9:34 pm

കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ വിളഭൂമിയായ കണ്ണൂരിൽ സിപിഐ എം 23-ാം പാർടി കോൺഗ്രസിന് ചെമ്പതാക ഉയർന്നു. ആവേശം അലകടലാക്കി ഒഴുകിയെത്തിയ ജനസഞ്ചയത്തെ സാക്ഷിയാക്കി വാദ്യഘോഷങ്ങളുടേയും മുദ്രാവാക്യം വിളികളുടേയും അകമ്പടിയോടെ ജവഹർ സ്റ്റേഡിയത്തിലെ എകെജി നഗറിൽ സ്വാഗതസംഘം ചെയർമാനും സിപിഐ എം പി ബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പതാക ഉയർത്തി.

ധീരരായ വയലാര്‍ രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തില്‍ നിന്നും സിപിഐ എം പിബി അംഗം എം എ ബേബി, സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിന് കൈമാറിയ പതാക അത് ലറ്റുകള്‍ റിലേയായി സമ്മേളന നഗരിയിലെത്തിക്കുകയായിരുന്നു. വഴിനീളെ നിരവധി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പതാകയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി നേതൃത്വം നൽകിയ കൊടിമരജാഥ അനശ്വരരായ കയ്യൂർ രക്തസാക്ഷികളുടെ നാട്ടിൽനിന്നാണ് പ്രയാണം ആരംഭിച്ചത്.

ഇന്നലെ സായംസന്ധ്യയോടെ ഇരുജാഥകളും കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സംഗമിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പതാകയും കെ കെ ശൈലജ ടീച്ചര്‍ കൊടിമരവും ഏറ്റുവാങ്ങി. നിരവധി വാഹനങ്ങളിലായ നൂറുകണക്കിന് പ്രവര്‍ത്തകരും ഇരു ജാഥകളേയും അനുഗമിച്ചു. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സിപിഐ എം പി ബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. ബാന്റ് വൈദ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ചടങ്ങുകള്‍ നടന്നത്.റെഡ് വളണ്ടിയര്‍മാര്‍ പതാകയെ അഭിവാദ്യം ചെയ്തു. 23-ാം പാര്‍ട്ടികോണ്‍ഗ്രസ്സിമന്റെ സൂചകമായി 23 കതിനകള്‍ മുഴങ്ങി.

ലോകത്തിന്റെ ഭാവി സോഷ്യലിസംതന്നെയാണെന്ന് അനുദിനം തെളിയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുതലാളിത്ത ഭരണക്രമങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നത്. കമ്മ്യൂണിസത്തിന് ചരമക്കുറിപ്പെഴുതിയവരെല്ലാം ഇന്ന് കമ്മ്യൂണിസത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് സംസാരിക്കുന്നത്. ലോകത്താകമാനം സോഷ്യലിസ്റ്റ് ചിന്താഗതി കൂടുതല്‍ കരുത്തോടെ മുന്നോട്ട് വരികയാണ്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ ലോകത്താകമാനമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പലതും പേരും കൊടിയും ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ നിലപാടില്‍ ഉറച്ചുനിന്നു. ആ വേറിട്ട ശബ്ദം ലോകത്തിനാകെ മാതൃകയായിരുന്നു.

ലോകത്തെ മാധ്യമങ്ങളില്‍ 95 ശതമാനവും കോര്‍പ്പറേറ്റ് മുതലാളിമാരുടെ കൈപ്പിടിയിലുള്ളവയാണ്. അവയെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാര്‍ എന്നും പരിശ്രമിക്കുകതന്നെയാണ്. ഇതിനെയെല്ലാം ചെറുത്തുകൊണ്ടാണ് രാജ്യത്തിലുള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങിന് സ്വാഗതം ആശംസിച്ചു.

ഇ കെ നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം നടക്കുക. നാളെ രാവിലെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 815 പേരാണ് പാര്‍ട്ടി കോൺഗ്രസിൽ പങ്കെടുക്കുക. വിവിധ സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികളും നേതാക്കളും കണ്ണൂരില്‍ എത്തിക്കഴിഞ്ഞു.

Eng­lish Sum­ma­ry: The CPI (M) raised the red flag for the 23rd Par­ty Congress

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.