June 9, 2023 Friday

ജനാധിപത്യ വിരുദ്ധ- സ്വേച്ഛാധിപത്യ നടപടികളിൽ സിപിഐ പ്രതിഷേധിച്ചു

Janayugom Webdesk
December 19, 2019 10:01 pm

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മാർഗനിർദേശപ്രകാരം പൊലീസ് സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ നടപടികളിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ഭരണഘടനാ വിരുദ്ധവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമായ ദേശീയ പൗരത്വ നിയമത്തിനെതിരെ (സി‌എ‌എ) വ്യാപകമായി ഉയർന്നിരിക്കുന്ന അസംതൃപ്തിയും പ്രതിഷേധവും ഭയന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇടതുപാർട്ടികൾ ദേശവ്യാപകമായി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനത്തിനായി മണ്ഡിഹൗസിൽ ഒത്തുകൂടിയ ഇടതുപക്ഷ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ പല്ലബ് സെൻഗുപ്ത, ഡോ. ബി കെ കാംഗോ, ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ, ഡൽഹി സംസ്ഥാന സെക്രട്ടറി ദിനേശ് വാഷ്നി, സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരുൾപ്പെടെ അറസ്റ്റിലായി. അതുപോലെ തന്നെ ചെങ്കോട്ടയിൽ പ്രതിഷേധത്തിനൊത്തുകൂടിയവരെ കനത്ത പൊലീസ് സന്നാഹമൊരുക്കി പ്രകടനം നടത്താൻ അനുവദിച്ചില്ല. ഉത്തർപ്രദേശ്, കർണാടക സർക്കാരുകളും പ്രതിഷേധങ്ങൾ തടയുന്നതിന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അടിച്ചമർത്തുന്നതിനുള്ള ഭരണകൂട ശ്രമങ്ങൾക്കിടയിലും ബിജെപിയുടെ ജനാധിപത്യ വിരുദ്ധവും വിഭാഗീയവുമായ നടപടികളിൽ പ്രതിഷേധിക്കുന്നതിന് വലിയ തോതിൽ രംഗത്തുവന്ന ജനങ്ങളെയും പ്രവർത്തകരെയും സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.