അമേരിക്കൻ ജനതയുടെ പോരാട്ടത്തിന് സിപിഐയുടെ ഐക്യദാർഢ്യം

Web Desk

ന്യൂഡൽഹി:

Posted on June 02, 2020, 10:04 pm

യുഎസിൽ വർണ വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം സമരം നടത്തുന്ന അമേരിക്കൻ ജനതയ്ക്ക് സിപിഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അസമത്വം, അവജ്ഞ എന്നിവ അവസാനിപ്പിക്കുക, ജനാധിപത്യം, സാമൂഹ്യ നീതി എന്നിവ ഉറപ്പാക്കുന്ന വിധത്തിൽ സാമൂഹ്യ ഘടനയിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആഫ്രിക്കൻ അമേരിക്കക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ മറ്റ് വിഭാഗക്കാരും പങ്കെടുക്കുന്നു. വർണ്ണത്തിന്റെ പേരിൽ കഴിഞ്ഞ ദശാബ്ദങ്ങളിൽ അമേരിക്കയിലെ കറുത്ത വർഗക്കാർ പൊലീസിന്റെ ക്രൂരത, ഒറ്റപ്പെടൽ, പാർശ്വവൽക്കരണം എന്നിവയ്ക്ക് വിധേയരാകുന്നു.

വിവിധ തലങ്ങളിൽ നിന്നും ഇവർ പാർശ്വവൽക്കരിക്കപ്പെടുന്നു. മിനിയാപൊളിസിൽ പൊലീസ് അതിക്രമത്തിൽ ജോർജ് ഫ്ളോയിഡ് മരിച്ച സംഭവം അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. അമേരിക്കയിൽ കറുത്തവർഗ്ഗക്കാർ നേരിടുന്ന അവഗണനയാണ് ഫ്ളോയിഡിന്റെ കൊലപാതകം സൂചിപ്പിക്കുന്നത്. സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർണ്ണ വിവേചനത്തിനെതിരെ തുടരുന്ന ശക്തമായ പ്രതിഷേധം ആഫ്രിക്കൻ അമേരിക്കൻ വംശജരുടെ ധീരതയാണ് വ്യക്തമാക്കുന്നത്. ട്രംപിന്റെ ഭീഷണികൾ അവഗണിച്ച് ജനങ്ങൾ തുടരുന്ന പ്രതിഷേധ സമരങ്ങൾക്ക് സിപിഐ പൂർണ പിന്തുണ നൽകുന്നതായും സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പ്രസ്താവനയിൽ അറിയിച്ചു.

ENGLISH SUMMARY: The CPI’s sol­i­dar­i­ty for the strug­gle of the Amer­i­can peo­ple

YOU MAY ALSO LIKE THIS VIDEO