ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കണം

Web Desk
Posted on November 17, 2019, 10:07 pm

കേരള സർവകലാശാലയിലെ മോഡറേഷൻ വിവാദം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ച് ജനങ്ങളിൽ കടുത്ത ആശങ്ക ഉളവാക്കുന്നു. കമ്പ്യൂട്ടർ ശൃംഖലയിൽ തിരിമറി നടത്തി അനർഹരായ വിദ്യാർഥികളെ വിജയിപ്പിച്ചതായാണ് കണ്ടെത്തൽ. സർവകലാശാല അധികൃതർ സ്വീകരിച്ച തുടർ നടപടികൾ ആ കണ്ടെത്തലുകൾ ശരിവയ്ക്കുന്നവയാണ്. തുടർന്ന് പരീക്ഷ വിഭാഗം ഡപ്യൂട്ടി രജിസ്ട്രാറെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ടതായാണ് സൂചന. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. അതിന്റെ അടിസ്ഥാനത്തിൽ സർവകലാശാലതന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് ക്രെെംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെ‍‍ട്ട് കത്ത് നൽകിയിട്ടുണ്ട്. പാസ് ബോർഡ് ശുപാർശ ചെയ്ത മോഡറേഷൻ മാർക്കിനെക്കാൾ കൂടുതൽ നൽകി വിദ്യാർഥികളെ കൂട്ടത്തോടെ ജയിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷാവിഭാഗം ഡപ്യൂട്ടി രജിസ്ട്രാർ യൂസർ നെയ്മും പാസ്വേഡും സഹപ്രവർത്തകരുമായി പങ്കുവയ്ക്കുകയും ഉദ്യോഗസ്ഥർ സംഘടിതമായി തിരിമറി നടത്തുകയുമായിരുന്നു എന്നാണ് കരുതുന്നത്. വിവിധ ഡിഗ്രി പരീക്ഷകൾക്ക് ഇത്തരത്തിൽ മാർക്ക് തിരുത്തി നൽകിയതായാണ് നിഗമനം. ഈ സംഭവം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ആകെ വിശ്വാസ്യതക്കാണ് ഉലച്ചിൽ തട്ടിച്ചിരിക്കുന്നത്. സർവകലാശാല തലത്തിലോ പൊലീസ് തലത്തിലോ മാത്രം നടക്കുന്ന അന്വേഷണങ്ങൾകൊണ്ടോ നടപടികൾകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നമായി ഇതിനെ കണ്ടുകൂട. സർവകലാശാലയുടെയും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും വിശ്വാസ്യതയും അന്തസും വീണ്ടെടുക്കാൻ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം ഉണ്ടാവണം.

കേരള സർവകലാശാലയുടെ പരീക്ഷാനടത്തിപ്പു സംബന്ധിച്ച കാര്യങ്ങൾ ഒറ്റപ്പെട്ടവയായി കാണാനാവില്ല. സ്വർണക്കടത്തിൽ കുറ്റാരോപിതനായ ഒരാളുടെ വീട്ടിൽ റവന്യൂ ഇന്റലിജൻസ് വിഭാഗം നടത്തിയ തിരച്ചിലിൽ സർവകലാശാലയുടെ മാർക്ക് ലിസ്റ്റും വ്യാജ ഒപ്പുകളും സീലും കണ്ടെത്തിയിരുന്നു. യൂണിവേഴ്സിറ്റി കോളജിൽ ഉണ്ടായ കത്തിക്കുത്തിനെ തുടർന്ന് പ്രതികളിൽ ഒരാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ പരീക്ഷാ പേപ്പറുകൾ കണ്ടെത്തുകയുണ്ടായി. ആ കേസിലെ പ്രതികൾ പിഎസ്‌സി പരീക്ഷയിൽ ഗുരുതരമായി ക്രമക്കേട് നടത്തിയതും കണ്ടെത്തിയിരുന്നു. ഇതെല്ലാം വിരൽചൂണ്ടുന്നത് ഉന്നത വിദ്യാഭ്യാസരംഗത്ത് സംഘടിതവും ആസൂത്രിതവുമായ ക്രമക്കേടുകൾ നടന്നുവരുന്നു എന്ന വസ്തുതയിലേക്കാണ്. ഈ ജീർണത കേരള സർവകലാശാലയെ മാത്രം ബാധിക്കുന്ന ഒന്നല്ല എന്നാണ് സമീപകാല സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. മഹാത്മാഗാന്ധി സർവകലാശാലയിൽ ബിടെക് പരീക്ഷ എഴുതിയ 119 വിദ്യാർഥികൾക്ക് മോഡറേഷൻ നൽകിയതിൽ ക്രമക്കേട് കണ്ടെത്തുകയും തുടർന്ന് അവർക്ക് നൽകിയ മാർക്ക്ലിസ്റ്റും പ്രൊവിഷനൽ സർട്ടിഫിക്കറ്റും റദ്ദാക്കുകയും ഉണ്ടായി. കൊച്ചി സാങ്കേതിക സർവകലാശാല, കോഴിക്കോട് സർവകലാശാല എന്നിവയിലും മോഡറേഷൻ നൽകുന്നതു സംബന്ധിച്ച വിവാദങ്ങൾ ഉയരുകയുണ്ടായി. വസ്തുത എന്തുതന്നെ ആയാലും മഹാത്മാഗാന്ധി, കേരള സർവകലാശാലകളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് എന്തോ ചീഞ്ഞുനാറുന്നു എന്ന പ്രതീതിയാണ് സംജാതമായിരിക്കുന്നത്. കേരളത്തിലെ സർവകലാശാലകളുടെ അന്തസും വിശ്വാസ്യതയും വീണ്ടെടുക്കാനും നിലനിർത്താനും അടിയന്തര നടപടികൾ കൂടിയേതീരൂ. ന്യായമായ രീതിയിൽ വിദ്യാർഥികൾക്ക് അനിവാര്യമായ സാഹചര്യത്തിൽ മോഡറേഷൻ നൽകുന്നതിനെ ആരും എതിർക്കില്ല. എന്നാൽ അത് സ്വജനപക്ഷപാതവും അഴിമതിയും സംഘടിത കുറ്റകൃത്യവുമാക്കി മാറ്റാൻ അനുവദിച്ചുകൂട.

സ്കൂൾ വിദ്യാഭ്യാസരംഗത്ത് ഗുണമേന്മയിൽ കേരളം ഒന്നാംസ്ഥാനത്താണ്. ഗവൺമെന്റും സമൂഹവും അധ്യാപകരും വിദ്യാർഥികളും ഒന്നിച്ച് കെെകോർത്താണ് ആ ബഹുമതിക്ക് അർഹമായത്. ഉന്നത വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയമായ പല നേട്ടങ്ങളും കെെവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ വിവാദങ്ങൾ ആ നേട്ടങ്ങളുടെ ഗരിമയ്ക്ക് മങ്ങലേൽപ്പിക്കുന്നു. നമ്മുടെ മിടുക്കരായ പുതുതലമുറയ്ക്ക് ആകെ അപമാനകരവും തൊഴിൽരംഗത്ത് അവരുടെ വിശ്വാസ്യതയ്ക്ക് ക്ഷതമേൽപ്പിക്കുന്നവയുമാണ്. വിദ്യാഭ്യാസരംഗത്തെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ പ്രതിജ്ഞാബദ്ധമായ എൽഡിഎഫ് സർക്കാർ ഈ കളങ്കം തുടച്ചുമാറ്റാൻ സത്വരനടപടികൾക്ക് തയാറാവണം. സമഗ്രവും സ്വതന്ത്രവുമായ അന്വേഷണവും മുഖം നോക്കാതെയുള്ള ശിക്ഷാനടപടികളും ശക്തമായ തിരുത്തൽ പ്രക്രിയയുമാണ് അടിയന്തര ആവശ്യം.