സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി: വേണം നമുക്കൊരു ധവളപത്രം

Web Desk
Posted on November 28, 2019, 10:53 pm

ഇന്ത്യന്‍ സമ്പ‍ദ്‍വ്യവസ്ഥ പ്രതീക്ഷയുടെ നേരിയൊരു സൂചനപോലും ഇല്ലാത്ത വിധം ഗുരുതരമായ പ്രതിസന്ധിയിലാണ്. സാമ്പത്തിക വളര്‍ച്ചയില്‍ തുടര്‍ച്ചയായ മെല്ലെപ്പോക്ക്. കയറ്റുമതി മേഖല തകര്‍ച്ചയില്‍ തുടരുന്നു. ചില്ലറ വിലവര്‍ദ്ധന അഞ്ച് ശതമാനത്തോടക്കുന്നു. തൊഴിലില്ലായ്മ പിന്നിട്ട നാലരപതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. 2018 ലെ എന്‍എസ്എസ്ഓയുടെയും എന്‍എസ്‍‍സിയുടെയും കണക്ക് ആറു ശതമാനമായിരുന്നത് സെന്റര്‍ ഫോ­ര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ)യുടെ എസ്റ്റിമേറ്റ് അനുസരിച്ച് ഒമ്പതു ശതമാനമായി വര്‍ധിച്ചിരിക്കുന്നു. നിക്ഷേപമേഖല മാന്ദ്യത്തെ തുടര്‍ന്ന് തളര്‍ച്ചയിലാണ്. അതുകൊണ്ടു തന്നെയായിരിക്കണം നിരവധി വട്ടം വായ്പാ പലിശ നിരക്ക് കുറച്ചതിനുശേഷവും ബാങ്ക് വായ്പാ വര്‍ദ്ധനവില്ലാത്തത്.

ഫാക്ടറി ഉല്പാദനത്തില്‍ ഇടിവുണ്ടായതിന്റെ പ്രതിഫലനം വൈ­ദ്യുതി ഉപയോഗത്തിന്റെ ഇടിവിലൂടെ കാണാന്‍ കഴിയുന്നു. വ്യാവസായിക ഉല്പാദനം 2019–20 ധനകാര്യവര്‍ഷത്തിലെ ഒന്നും രണ്ടും പാദങ്ങള്‍ക്കിടയില്‍ 11.3 ല്‍ നിന്ന് 2.7 ശതമാനമായിട്ടാണ് താണത്. നികുതി വരുമാനം വര്‍ദ്ധിക്കുന്നില്ല. ജിഎസ്‍ടി പരിഷ്ക്കാരം പരോക്ഷ നികുതി വ­രു­മാനത്തില്‍ വന്‍ ഇടിവാണുണ്ടാക്കിയിരിക്കുന്ന­ത്. പ്രത്യക്ഷ നികുതി വരുമാനം, വരുമാന നി­കുതി ഒഴികെ മറ്റൊരു ഇനത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിക്കാണുന്നില്ല. ഇതെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കടുത്ത ധനകാര്യ പ്രതിസന്ധിയി­ലാണ്. ധനക്കമ്മി ലക്ഷ്യത്തിലൊതുക്കി നിര്‍ത്താന്‍ കഴിയില്ലെന്നത് ഇതിനകം തന്നെ വ്യക്തമായിരിക്കുന്നു. ആര്‍ബിഐയുടെ കരുതല്‍ധന ശേഖരത്തില്‍ നിന്ന് 1.75 ലക്ഷം കോടി വഴിവിട്ട നിലയില്‍ വകമാറ്റിയതും ധനസ്ഥിതിയില്‍ മാറ്റമുണ്ടാക്കിയിട്ടില്ല. സ്വകാര്യ നിക്ഷേപകരുടെ വികാരം ഒരുതരത്തിലും സ്ഥിതിഗതികള്‍മെച്ചപ്പെടുന്നതിന് അനുകൂലമാ­യ വിധത്തിലുള്ള ഒന്നല്ല. തുടര്‍ച്ചയായ കോര്‍പ്പറേറ്റ് നികുതി ഇളവുകളും ഹൗസിങ് റിയല്‍എസ്റ്റേറ്റ് ആട്ടോമൊബൈല്‍, കയറ്റുമതി മേഖലകളുമായി ബന്ധപ്പെട്ട് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കൂടെക്കൂടെ പ്രഖ്യാപിച്ച പാക്കേജ്ജുകളും ലക്ഷ്യം കാണുന്നില്ല. സാധാരണക്കാരും, ഇടത്തരക്കാരനും പരമദാരിദ്ര്യത്തില്‍ കഴിയുന്ന ജനങ്ങളും കൊടിയ ജീവിതദുരന്തങ്ങളില്‍ അകപ്പെട്ടിരിക്കുകയുമാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ ചുമതലാബോ­ധമുള്ളൊരു ഭരണകൂടം ആദ്യം ചെയ്യേണ്ടത്, ഗുരുതരമായ മാന്ദ്യപ്രതിസന്ധി നിലവിലുണ്ടെന്ന് തുറന്നുസമ്മതിക്കുക എന്നതാണ്. അടുത്ത ഘട്ടത്തില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കാ­ന്‍ എന്തെല്ലാം നടപടികളാണ് വിഭാവനം ചെയ്യുന്നത് എന്ന് പ്രഖ്യാപിക്കുകയാണ്. ഇക്കൂട്ടത്തില്‍, ആന്തരഘടനാവികസനമേഖലയില്‍ അധിക നിക്ഷേപം നടത്തുന്നതിനുള്ള സമഗ്രമായൊരു പാക്കേജ് പ്രഖ്യാപിക്കുക, വരുമാന നികുതി നിരക്കുകളില്‍ മാറ്റം വരുത്തുക, നയപരമായ തീരുമാനങ്ങള്‍ വ്യക്തവും സുതാര്യവുമാക്കുക തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത് കോടിക്കണക്കിന് രൂപ ഖജനാവിന് ലാഭവിഹിതം ഓരോ വര്‍ഷവും കൃത്യമായി ലഭ്യമാക്കിവരുന്ന ബിപിസിഎല്‍ കൊച്ചി റിഫൈനറീസ് കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍, ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് തോന്നിയ വിലവാങ്ങി വിറ്റഴിക്കുന്ന പരിപാടിയുമായിട്ടാണ്. ‘നവരത്നങ്ങള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചതുകൊണ്ടോ, എ­യ­ര്‍ ഇന്ത്യപോലുള്ള ഭീമമായ നഷ്ടത്തില്‍ പ്രവര്‍ത്തനം നടത്തിവരുന്ന സ്ഥാപനങ്ങള്‍ വിറ്റച്ചതുകൊണ്ടോ, പ്രശ്നത്തിന് പൊടുതനെ പ്രയോജനമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

മോഡിസര്‍ക്കാര്‍ അനിവാര്യമായി ചെയ്യേണ്ടത്, സ്വയം വിമര്‍ശനപരമായി ആദ്യത്തെ അഞ്ചു വര്‍ഷക്കാലത്തെ ഭരണകാലയളവിലും രണ്ടാം ഘട്ടത്തിലെ ഒരു വര്‍ഷക്കാലയളവിലും നവീകരിച്ച ജിഎസ്‍ടി ഡിമോണറ്റൈസേഷന്‍ പരിഷ്ക്കാരങ്ങള്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉളവാക്കി­യ പ്ര­ത്യാഘാതങ്ങള്‍ വിലയിരുത്തുകയെന്നതാണ്. ശാസ്ത്രീയമായും സുതാര്യമായും നടത്തുന്നൊരു പ്രക്രിയായിരിക്കണം ഇത്. പിഴവുകള്‍ തിരുത്തുകയും പുതിയൊരു സമീപനം സാമ്പത്തിക നയത്തില്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്യുകയാണ് മറ്റൊരു ഘട്ടം. ഇപ്പോള്‍ നടക്കുന്നത്, ഇന്ത്യയെ തന്നെ വിദേശകോര്‍പ്പറേറ്റുകള്‍ക്ക് ക്രമേണ വിറ്റഴിക്കാനുള്ള സ്വകാര്യവല്‍ക്കരണമാണ്. കാരണം ബിപിസിഎല്‍ വിറ്റഴിക്കുന്നത് അമേരിക്കന്‍ പ്ര­കൃതി വാതക കമ്പനിയായ ടെലൂറിയനാണ്. ഇ­ന്ത്യന്‍ പെട്രൊളിയം കമ്പനി പെട്രോനെറ്റും ഈ കമ്പനിയുമായി മോ‍ഡിയുടെ സെപ്തംബറിലെ യുഎസ് സന്ദര്‍ശന വേളയിലാണ് ധാരണയിലെത്തുന്നത്. ‘ഹൗഡി മോഡി പരിപാടിയുടെ സംഘാടനം നടത്തിയതും ടെലൂറിയനായിരുന്നു. പുതുതായി രൂപപ്പെടുത്തേണ്ടതായ സമീപനത്തിന്റെ ഉള്ളടക്കത്തിലേക്ക് കടക്കുമ്പോള്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നതെന്തെന്നോ? സമ്പദ്‍വ്യവസ്ഥയുടെ നിജസ്ഥിതി വെളിവാക്കാന്‍ പര്യാപ്തമായ ഒരു ധവള പത്രം പുറത്തിറക്കുക. ഇതിനാവശ്യമായ സ്ഥിതി വിവരകണക്കുകളും വസ്തുതകളും നിരവധി ഔദ്യോഗിക ഏജന്‍സികളായ നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്‍ (എന്‍എസ്എസ്ഏ) നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്ക് റിസര്‍ച്ച് (എന്‍സിഎഈആര്‍), ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ (ഐഎസ്‍സി) തുടങ്ങിയവയ്ക്കു പുറമെ ആധികാരിക അനൗദ്യോഗിക പഠനം ഗവേഷണ ഏജന്‍സിയായ സെന്റര്‍ ഫോമോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ)യും മാത്രമല്ല, ഡബന്‍ കണക്കിന് സാര്‍വ്വദേശീയ ദേശീയ റേറ്റിങ് ഏജന്‍സികളും ഐ­എംഎഫ് ലോകബാങ്ക്, എഡിബി തുടങ്ങിയ സ്ഥാപനങ്ങളും ഗഹനമായ പഠനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം ആധികാരികമായ റിപ്പോര്‍ട്ടുകളും വേണ്ടത്ര ലഭ്യമാണ്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയ്ക്കോ, നിക്ഷേപ സമൂഹത്തിനോ, ഇതെപ്പറ്റിയുള്ള വ്യക്തമായ ധാരണയില്ലെന്നതും ഒരു വസ്തുതയാണ്. ആസൂത്രണ കമ്മിഷനു‍ പകരം മോഡി പ്രതിഷ്ഠിച്ച നിതിആയോഗിനോ, ആര്‍ബിഐയുടെ തലപ്പത്തിരിക്കുന്ന ഒരു ബ്യൂറോക്രാറ്റായ ശക്തികാന്ത ദാസിനോ പ്രശ്നത്തിന്റെ ആഴങ്ങള്‍ കണ്ടെത്താനും ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കാനും പര്യാപ്തമായ ആശയവ്യക്തതയോ, പ്രായോഗിക പരിജ്ഞാനമോ ഇല്ലെന്നതും നാം തിരിച്ചറിയണം. ഇത്തരമൊരു പശ്ചാത്തലത്തില്‍ കൂടിയാണ് ഒരു ധവളപത്രത്തിന്റെ പ്രസക്തി പ്രകടമാകുന്നത്.

മോഡി സര്‍ക്കാര്‍ ബുദ്ധിപൂര്‍വ്വം ചെയ്യേണ്ടൊരുകാര്യം ഒട്ടും സമയം പാഴാക്കാതെ, സമ്പദ്‍വ്യവസ്ഥയുടെ നിജസ്ഥിതി വെളിവാക്കുന്ന ഒരു ‘സ്റ്റാറ്റസ് പേപ്പര്‍’ പ്രസിദ്ധീകരിക്കുകയെന്നതാണ്. ഈ രേഖ തയ്യാറാക്കാനുള്ള ചുമതല ഏല്‍പ്പിക്കേണ്ടത് തീര്‍ത്തും നയതന്ത്ര വീക്ഷണമുള്ളൊരു ധനകാര്യവിദഗ്ധനായിരിക്കണം. ഇദ്ദേഹത്തെ സഹായിക്കാന്‍ സര്‍ക്കാരിന്റേയോ, പ്ര­ധാനമന്ത്രിയുടേയോ നിതി ആയോഗ് വിദഗ്ധരേയോ മാത്രം ആശ്രയിച്ചാല്‍പോരാ സാര്‍വ്വദേശീയ പ്രശസ്തിനേടിയ അമര്‍ത്യാസെന്നിനേയോ, അരുണാറാതിയെയോ പോലുള്ള നിഷ്പക്ഷ മതികളായ സാമ്പത്തിക വിദഗ്ധരേയോ, സാമൂഹ്യ ശാസ്ത്രജ്ഞരേയോ കൂടി നിയോഗിക്കേണ്ടതാണ്. ഡിമോണറ്റൈസേഷന്‍ പോലുള്ള തീര്‍ത്തും ആത്മഹത്യാപരമായ നയങ്ങള്‍, വേ­ണ്ടത്ര മുന്‍കരുതലുകളൊന്നുമില്ലാതെ നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഉപദേശിച്ച പൂനെ ആസ്ഥാനമായ ‘അര്‍ഥകാന്തി‘യെ പോലുള്ള സംഘടനകളുടെ ഇടപെടലുകള്‍ കൂടുതല്‍ അനര്‍ഥത്തിലേക്കായിരിക്കും സമ്പദ് വ്യവസ്ഥയെ നയിക്കുക. (അവസാനിക്കുന്നില്ല)