14 April 2024, Sunday

ആൾക്കൂട്ടത്തിന്റെ അട്ടഹാസങ്ങൾ

അജിത് കൊളാടി
വാക്ക്
January 16, 2022 6:00 am

നമ്മുടെ കാലഘട്ടത്തെപ്പറ്റി നമുക്ക് കൃത്യമായ ധാരണയും ഉത്തരങ്ങളും ഇല്ലെങ്കിലും ചില ചോദ്യങ്ങൾ ചോദിക്കാൻ നാം ബാധ്യസ്ഥരാണ്. ചിലപ്പോൾ ദൈവത്തോടും. ദസ്തയേവ്സ്കിയുടെ “ബ്രദേഴ്സ് കാരമസോവിൽ” ഇവാൻ ചോദിക്കുന്നു, ”നിന്റെ ദൈവത്തിൽ ഞാൻ വിശ്വസിക്കാൻ തയാറാണ്. ഞാൻ കണ്ട ഒരു സംഭവം പറയാം. എട്ടു വയസായ ഒരു കുട്ടി വെറുതെ കല്ലെറിഞ്ഞു രസിക്കുമ്പോൾ ഒരു നായയുടെ മേൽ കല്ലുകൊണ്ടു. അപ്പോൾ പ്രഭു ഈ കുട്ടിയെ പിടിച്ച് നഗ്നനാക്കി ഓടിച്ച് നായാട്ടു നായ്ക്കളെ പുറകെ വിട്ടു. ഈ കുട്ടിയുടെ അമ്മയുടെ മുന്നിൽ വച്ച് നായാട്ടുനായ്ക്കൾ അവനെ കടിച്ചു കീറി. ഇത് അനുവദിച്ചത് നിന്റെ ദൈവമാണെങ്കിൽ നിനക്കെന്തു മറുപടി പറയാൻ കഴിയും?” ഇവിടെ ഓരോ ജീവനും ഇത്തരത്തിൽ കവർന്നെടുക്കപ്പെടുമ്പോൾ, ഈ ചോദ്യം ഇന്നും പ്രസക്തം. ഋഷിവര്യനായ കഥാകാരൻ നോവലിലൂടെ ചോദിച്ച ചോദ്യം. പക്ഷെ അതിന്റെ ഉത്തരം വ്യത്യസ്തങ്ങളാകും വിവിധ മനസുകളിൽ. മേൽ പറഞ്ഞ പ്രഭുക്കളുടെ ചിന്താഗതി അനുവർത്തിക്കുന്ന ഒരുപാടു മനുഷ്യർ ഇന്നും ഈ സമൂഹത്തിലുണ്ട്. നമ്മുടെ കാലഘട്ടത്തിലെ ദൈന്യങ്ങളെപ്പറ്റി, നമുക്ക് നേരിടേണ്ടി വരുന്ന വിപത്തുകളെ പറ്റി നമുക്ക് ചെറിയ ബോധമെങ്കിലും ഉണ്ടാകണം. ആത്യന്തികമായി സ്നേഹം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഊഷരഭൂമിയായി ജീവിതം മാറുന്നു. മനുഷ്യനും അനന്തതയും തമ്മിൽ, മനുഷ്യനും ദൈവവും തമ്മിൽ, മനുഷ്യനും ദുരന്തങ്ങളും തമ്മിൽ നേർക്കുനേരെ നില്ക്കുന്ന നിമിഷങ്ങൾ ഓരോരുത്തരിലുമുണ്ട്. പ്രശസ്തിയും, അഭിമാനവും, ദുരിതവും, നിന്ദയും, അപമാനവും, ഒറ്റപ്പെടലും, ആത്മീയമായ സംഘർഷങ്ങളും, പിരിമുറുക്കവും എല്ലാം നമ്മളിലുണ്ട്. നമ്മൾ ഇന്ന് ജീവിക്കുന്നത് സമൂഹമായിട്ടല്ല. നമ്മൾ ഒരു ആൾക്കൂട്ടമാണ്. ആൾക്കൂട്ടവും സമൂഹവും വെവ്വേറെയാണ്. സമൂഹം എന്നു പറഞ്ഞാൽ അതിന് ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്. വ്യക്തികൾക്കും ഉത്തരവാദിത്തം ഉണ്ട്. വ്യക്തിപരമായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ കൂട്ടായ താല്പര്യങ്ങളും സംരക്ഷിക്കണം. ആൾക്കൂട്ടത്തിൽ വ്യക്തിക്ക് ആരോടും കടപ്പാടില്ല. ആൾക്കൂട്ടത്തിലെ വ്യക്തികളെയാണ് നമ്മൾ പലപ്പോഴും പല രംഗങ്ങളിലും സദസുകളിലും കാണുന്നത്. അത്തരം വ്യക്തികൾ പ്രയോഗിക്കുന്ന ഭാഷ വികൃതമാകും. അഹംഭാവത്തിലധിഷ്ഠിതമാകും. അതുകൊണ്ടാണ് അത്തരക്കാർ, വധിക്കപ്പെട്ടവർ മരണം ചോദിച്ചു വാങ്ങിയതാണ് എന്നു പറയുന്നത്. ആൾക്കൂട്ടത്തിന് പ്രകടമായ ചില കാര്യങ്ങൾ കാണണമെന്ന് എപ്പോഴും ആഗ്രഹമുണ്ട്. ആൾക്കൂട്ടത്തിന് എന്തിന്റെയും ഫലം ഉടനെ കാണണം. ഉടൻ കിട്ടുന്ന രസം വേണം. സ്തുതിഗീതങ്ങൾ ആൾക്കൂട്ടം ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്. സ്ഥാപനങ്ങളെയും വ്യക്തികളെയും ഇല്ലായ്മ ചെയ്യുന്നത് ആൾക്കൂട്ടമാണ്. ഇന്നത്തെ ലോകത്തിൽ “ഞാൻ” എന്ന ഭാവവുമായി നടക്കുന്ന ആൾക്കൂട്ടങ്ങളാണ് അധികം. ആൾക്കൂട്ടത്തിനു വിവേചനമില്ല. ചില നൈമിഷിക വികാരങ്ങളെയുള്ളു. ആൾക്കൂട്ടത്തിന്റെ കൂടെ ചേർന്ന്, കാര്യം ഒന്നും അറിയില്ലെങ്കിലും കോലാഹലം ഉണ്ടാക്കാൻ ശരാശരി വ്യക്തിക്കും ഇഷ്ടമാണ്. അതിനു കാരണം കൂടുതൽ ഉച്ചത്തിൽ ആക്രോശിച്ചാൽ താല്ക്കാലികമായി അയാൾ ശ്രദ്ധേയനായി തീരുന്നു. ഇവിടെ നമ്മൾ അതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ദുർമൂർത്തികളുടെ അട്ടഹാസങ്ങൾക്കും മാലാഖമാരുടെ പൊട്ടിച്ചിരികൾക്കും ഇടയ്ക്കുള്ള കോലാഹലത്തിനു നടുവിൽ എവിടെയോ നിന്ന് ഒരു ഹൃദയസ്പന്ദനം ശ്രദ്ധിച്ചാൽ കേൾക്കാം. അത് അർത്ഥമുള്ള സ്നേഹത്തിന്റേതാണ്. അന്വേഷണത്തിന്റെ ശബ്ദമാണത്. അന്വേഷണവും ചോദ്യം ചോദിക്കലുമാണ് ജീവിതം. ആൾക്കൂട്ടം ഇതൊന്നും ചെയ്യില്ല. അവർക്കറിയില്ല ജീവിതം തന്നെ വലിയ ചോദ്യമാണ് എന്ന്. സത്യത്തിന്റെ ശബ്ദം ഒറ്റപ്പെട്ടതാണ്. ചിലപ്പോൾ അത് ക്ഷീണിതവുമായിരിക്കും. എങ്കിലും അത് കേൾപ്പിച്ചേ തീരൂ എന്ന പ്രതിബദ്ധതയാണ് മനുഷ്യനിൽ വേണ്ടത്. അത്തരം മനുഷ്യരാണ് സമൂഹത്തെ സൃഷ്ടിക്കുന്നത്. സത്യം പറയുന്നവർ ഏകാകിയായി നില്ക്കും. അയാളുടെ ശബ്ദം, കേൾക്കാൻ എവിടെയോ ചിലർ കാതോർത്തു നില്ക്കുന്നു എന്നയാൾ ഉറച്ചു വിശ്വസിക്കുന്നു. സത്യത്തിലൂടെ മാത്രമേ സ്നേഹം പൂത്തുലയുകയുള്ളു. എന്നാലും ആൾക്കൂട്ടം ശ്രമിക്കുക, ആൾക്കൂട്ടത്തിന്റെ സത്യം അടിച്ചേല്പിക്കാനാണ്. ഇതാണ് കപടത. ഈ രാജ്യത്തിലെ ദൈനംദിന സംഭവങ്ങൾ കാണുമ്പോൾ, ഈ കൊച്ചു സംസ്ഥാനത്തിലെ സംഭവങ്ങൾ കാണുമ്പോൾ, ലോകം കുറെക്കൂടി നന്നായി സൃഷ്ടിക്കാമായിരുന്നു എന്ന് സത്യത്തിൽ ദൈവത്തിന്നു തോന്നികൂടായ്‌കയില്ല എന്നു ധരിച്ചാൽ തെറ്റൊന്നുമില്ല. ഇത്രമാത്രം കാപട്യം ആൾക്കൂട്ടത്തിനാകുമോ? ലോകജനതയിൽ എത്രയെത്ര ദുഷ്ട ബുദ്ധികൾ. ശുദ്ധാത്മാക്കളുടെ ഹൃദ്രക്തം വീഴുന്നതെന്തുകൊണ്ട്? എത്ര ചെറുപ്പക്കാരുടെ ജീവൻ കവർന്നെടുക്കപ്പെടുന്നു? പൊട്ടലുകൾ വീണ ലോകത്തിലെമ്പാടുമുള്ള ഹൃദയങ്ങളുടെ തേങ്ങലുകൾക്ക് സമാധാനം നല്കാൻ ആരുമില്ലെ?


ഇതുകൂടി വായിക്കാം; പുതിയൊരിന്ത്യക്കായി പോരാട്ടം തുടരാം


മനുഷ്യനെ മനുഷ്യനായി കാണുമ്പോഴെ ജീവൻ അപഹരിക്കപ്പെടാതിരിക്കു. ആ അറിവാണ് നേടേണ്ടത്. പക്ഷെ അതു നേടാൻ ആരും ശ്രമിക്കില്ല. താൻ പറയുന്നത് മാത്രമാണ് ശരി എന്നാണ് ഭൂരിഭാഗത്തിന്റെയും ധാരണ. ഇവിടെ ഏറ്റവും വലിയ “ഞാൻ” പലരിലുമുണ്ട്. ഈ ഞാൻ എന്ന ഭാവം വരുന്നത് ശക്തിയിലൂടെ, പണത്തിലൂടെ, ഗർവിലൂടെ. ആൾക്കൂട്ടത്തിന് അതാണ് വേണ്ടത്. അത്തരം ആൾക്കൂട്ടവും അതിന്റെ നായകരും മാനവികതക്ക് എതിരാണ്. ആൾക്കൂട്ടം ഒരിക്കലും സത്യം അറിയാൻ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയ, സാമൂഹിക, പരമ്പരാഗതമായ നിലപാടുകൾ സ്വീകരിച്ചു കൊണ്ട് സ്നേഹമില്ലായ്മക്ക് ആരിലും കുറ്റം ചുമത്താം. നാനാവിധ യാദ മുഖങ്ങൾ ഉന്നയിച്ചുകൊണ്ട് സമൂഹത്തിൽ കലാപം അഴിച്ചു വിടാം. നമ്മുടെ പതിവുസമ്പ്രദായവും അതു തന്നെയാണല്ലൊ. തർക്കങ്ങളിലും തർക്കുത്തരങ്ങളിലും, പരദൂഷണങ്ങളിലും ഏർപ്പെട്ട് പരസ്പരം പക തീർക്കാം. എന്തുകൊണ്ട് നീറോ ചക്രവർത്തിയായിക്കൂടാ എന്ന് പലരും ചിന്തിക്കുന്നു. ഹൃദയം നഷ്ടപ്പെടുകയും, സ്വാർത്ഥത അധീശത്വം പുലർത്തുകയും, കണ്ണിന് തിമിരം ബാധിക്കുകയും, അഹംഭാവം ഉച്ചകോടിയിലെത്തുകയും ചെയ്താൽ, നീറോ ചക്രവർത്തിയെ പോലും അത്ഭുതകരമാം വണ്ണം മറികടക്കാൻ മനുഷ്യനു സാധിക്കും. ഇവിടെ ഈ രാജ്യത്ത് അത്തരത്തിലുള്ളവർ ഉണ്ട്. ഒരു കാര്യം ഓർക്കുക. ആൾക്കൂട്ടം യഥാർത്ഥത്തിൽ അശക്തരാണ്. കാരണം അവർ സ്വന്തം ജീവിതത്തിനു മേൽ ആധിപത്യം പുലർത്താൻ കഴിയാത്തവരാണ്. ജീവിതത്തെ പുനരാഖ്യാനം ചെയ്യാനും, പുനരാലോചനയ്ക്കു വിധേയമാക്കാനും, പുനർനിർമ്മിക്കാനും, കാലത്തിന്റെ മാറ്റത്തോടൊപ്പം അതിനെ പരിവർത്തിപ്പിക്കാനും കഴിയാത്തവരാണ്. അതു കൊണ്ടു തന്നെ അവർ അശക്തർ. കാരണം പുതിയ ചിന്തകൾ അവർക്കു സാധ്യമല്ല, കാരണം അവർ അതിനെ ഭയപ്പെടുന്നു. ഈ അവസ്ഥ മനുഷ്യരെ പരമ്പരാഗതമായ സാമൂഹിക ചിന്താഗതിയുടെ അടിമയാക്കുന്നു. അവർ മനുഷ്യരെ സ്വാധീനിക്കാൻ കഴിഞ്ഞ ഇതിഹാസ നായകരെ കുരിശിലേറ്റും. എന്നാലും നമുക്ക് പ്രിയം സത്യം പറയാൻ കെല്പില്ലാത്ത, ചിന്താശേഷിയില്ലാത്ത ആൾക്കൂട്ടത്തിനെ തന്നെ, അട്ടഹസിക്കുന്ന അവരുടെ നേതാക്കളെയും. അവർക്ക് താല്പര്യം മററുള്ളവരെ ബോധ്യപ്പെടുത്തലാണ്. ഭൂരിഭാഗത്തിന്റെയും ജീവിതം ബോധ്യപ്പെടുത്തലാണ്, അവനവനെയല്ല, മററുള്ളവരെ. എന്നാലെ തന്നിലുള്ള “ഞാൻ” വിജയിക്കുകയുള്ളു. അതിനു ശേഷം അവർ അഹങ്കരിക്കുന്നു. നമ്മുടെ ഇന്നത്തെ പ്രകടനാത്മകത, സ്നേഹമില്ലായ്മ, എന്ന അവസ്ഥയെ മനസിലാക്കാൻ വിഘാതമായി നില്ക്കുന്നത് “മനുഷ്യരാശി” എന്നത് ശിഥിലമായ ഒരു അനുഭവമായി മാറിയതുകൊണ്ടാണ്. ശിഥിലമായ, മാനവരാശിക്കു മാത്രമല്ല, അവർക്കും അവരുടെ മക്കൾക്കും, പേരക്കുട്ടികൾക്കും കൂടി അപായമുണ്ടാക്കുന്നതാണ് ഈ അവസ്ഥ എന്ന് ചിന്തിക്കാനുള്ള ശേഷി ഈ ആൾക്കൂട്ടത്തിനില്ല. ഇങ്ങനെയാകരുത് ആരുടെയും അന്ത്യം. ജ്ഞാനത്തെ തിരസ്കരിക്കുന്നവരുടേയും, നിഷ്പക്ഷ സ്നേഹം പ്രകടിപ്പിക്കുവാൻ കഴിവില്ലാത്തവരുടേയും വംശമാണോ നമ്മുടെത്. നമ്മുടെ മുന്നിൽ സന്തോഷത്തിന്റെയും അറിവിന്റെയും ജ്ഞാനത്തിന്റെയും നിരന്തര വികാസം നില്പുണ്ട്. അതാണ് സ്വീകരിക്കപ്പെടേണ്ടത്. അല്ലാതെ കലഹമല്ല വേണ്ടത്, ആക്രോശമല്ല വേണ്ടത്, ജീവൻ നശിപ്പിക്കലല്ല വേണ്ടത്. ഇവിടെ പലരുടെയും കൈകൾ നിധികുംഭത്തിൽ ആണ്. അതിൽ നിന്ന് കൈകൾ പുറത്തെടുക്കാൻ കഴിയുന്നില്ല. സ്വാർത്ഥതയാണ് അതിനു കാരണം. നമ്മൾ ജീവിതം നുകരാനായി വന്നു ഈ ഭൂമിയിൽ, പക്ഷെ നമ്മുടെ കൈകാലുകൾ അതിൽ ഒട്ടിപ്പിടിച്ചു. ആസ്വദിക്കാനെത്തിയ നമ്മൾ ആസ്വദിക്കപ്പെടുന്നു. ഭരിക്കാനെത്തിയ നമ്മൾ ഭരിക്കപ്പെടുന്നു. എല്ലായ്പ്പോഴും നമുക്ക് ചുറ്റും കാണുന്നത് ഇതാണ്. ചിന്തയില്ലാത്തവരുടെ ആഗ്രഹത്താൽ പ്രവർത്തിക്കാൻ നാം ക്ലേശിക്കുന്നു. ചിന്ത പണയപ്പെടുത്തുന്നു. ഇതാണോ ജീവിതം. അതാകരുത് ജീവിതം. നമ്മുടെ ജീവിതം എന്നുള്ളത് നിരന്തരമായ പോരാട്ടം ആണ്. ദുഃഖങ്ങളോടും, വിഷമതകളോടും, ആഗ്രഹങ്ങളോടും താല്ക്കാലിക സുഖങ്ങളോടും, വന്നും പോയിട്ടുള്ള സന്തോഷങ്ങളോടും ഉള്ള പോരാട്ടം. അസന്നിഗ്‌ധമായ നിലപാടുകൾ ഉയർത്തിയുള്ള പോരാട്ടം. ആ പോരാട്ടം നടത്തുന്ന ഒരാളുടെയും ജീവൻ കവർന്നെടുക്കാൻ ആർക്കും അവകാശമില്ല. ഒരാൾ ജനിച്ചാൽ, അയാൾ സ്വാഭാവികമായി മരണംഅടയുന്നതുവരെ ഭുമിയിൽ ജീവിക്കാൻ അവകാശമുണ്ട്. ബാഹ്യശക്തികൾ ആ അവകാശം നിഷേധിക്കരുത്. ഇരുട്ടിന്റെ ശക്തികൾക്കെതിരെ, സ്നേഹവും ആർദ്രതയും ആദരവും കൈമുതലായി പോരാടണം. മനുഷ്യനു വേണ്ടി മനുഷ്യനാകാൻ പോരാടണം. ഓരോ വിദ്യാർത്ഥിയും യുവാവും യുവതിയും ഈ നാടിന്റെ സ്വത്താണ്. അവർ വളരണം. അവരെ വളർത്തണം. അതാണ് വലിയ മനസുകൾ ചെയ്യുക. മനസ് വലുതാക്കലാണ് ജീവിതം എന്നത് ആൾക്കൂട്ടത്തിനും അതിന്റെ നേതൃത്വത്തിനും അറിയില്ല. അവർക്ക് വളരെ ഇടുങ്ങിയ മനസാണ്. ഇവിടെ ആശയങ്ങൾ വേണം, പോരാട്ടം വേണം, സാമൂഹിക പ്രതിബദ്ധത വേണം. മാനവികത വേണം. സ്നേഹം വേ ണം. ഇതെല്ലാം സൃഷ്ടിക്കലാണ് മനുഷ്യകുലത്തിന്റെ കടമ. അതാകണം ജീവിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.