March 21, 2023 Tuesday

Related news

September 29, 2021
September 29, 2021
September 29, 2021
September 28, 2021
September 28, 2021
September 28, 2021
September 15, 2021
April 2, 2021
April 1, 2021
March 31, 2021

പുതുചരിത്രം തന്നെ: വൻ ബഹുജനറാലിയോടെ ജൻ ഗൺ മൻ യാത്രയ്ക്ക് സമുജ്ജ്വല സമാപനം

Janayugom Webdesk
പട്ന
February 27, 2020 8:36 pm

ഗാന്ധി മൈതാനം കണ്ട ഏറ്റവും വലിയ റാലിയോടെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യകുമാർ നയിച്ച ജൻ ഗൺ മൻ യാത്രയ്ക്ക് ചരിത്രസമാപനം. കനയ്യകുമാറിനും സംസ്ഥാന സെക്രട്ടറി സത്യനാരായൺ സിങ്ങിനുമൊപ്പം തുഷാർ ഗാന്ധി, മേധാ പട്കർ, കണ്ണൻ ഗോപിനാഥൻ, ശബ്നം ഹശ്മി, സംവിധായകൻ അനുഭവ് സിൻഹ, എംഎൽഎമാരായ അബിദുർ റഹ്‌മാൻ, മെഹബൂബ് ആലം, ഷക്കീൽ അഹമ്മദ്, സിപിഐ (എം) സംസ്ഥാന സെക്രട്ടറി അവധേഷ് കുമാർ, പട്ന സർവകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് മനീഷ്കുമാർ, സരിക ചൗധരി (ജെഎൻയു), ഷാനവാസ് ( ജാമിയ മിലിയ) എന്നിങ്ങനെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ട നായകരെല്ലാം ഒത്തുചേർന്നപ്പോൾ പട്നയ്ക്കു മാത്രമല്ല രാജ്യത്തിനാകെ വ്യത്യസ്തവും ഐതിഹാസികവുമായ സംഭവമായി റാലി മാറി.

ഗാന്ധി മൈതാനിയിലേയ്ക്ക് ബുധനാഴ്ച മുതൽ തന്നെ ജനങ്ങളുടെ ഒഴുക്കായിരുന്നു. പത്തുലക്ഷത്തോളം പേരെ ഉൾക്കൊള്ളാവുന്ന മൈതാനം ഇന്ന് രാവിലെതന്നെ നിറഞ്ഞു. ദേശീയപതാക കൊണ്ടലങ്കരിച്ച വേദിയിൽ പത്തു മണിക്ക് സിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായൺ സിങ്ങ് എത്തിയതോടെ പൊതുപരിപാടിയ്ക്ക് തുടക്കമായി. ഇപ്റ്റയുടെ വിവിധ കലാപരിപാടികൾ, വിപ്ലവഗാനങ്ങൾ, ആർഎസ്എസ് നിർവചിക്കുന്നതിനപ്പുറം ഇന്ത്യൻ ഗ്രാമങ്ങൾ പാടി നടക്കുന്ന ദേശഭക്തിഗാനങ്ങൾ, നാടൻ കലാരൂപങ്ങൾ, ഗോത്രനൃത്തങ്ങൾ, ഇന്ത്യയാകെ പ്രതിധ്വനിക്കുന്ന ആസാദി ഗാനവും അവതരിപ്പിച്ചു. തുടർന്ന് പൊതുസമ്മേളനം ആരംഭിച്ചു. പങ്കെടുത്ത പ്രമുഖരെല്ലാം ജനസഞ്ചയത്തെ അഭിസംബോധന ചെയ്തു. അതുകൊണ്ടുതന്നെ റാലി വൈകുന്നേരം വരെ നീണ്ടു. റാലിയിൽ ഡൽഹി കലാപത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് മൗനമാചരിക്കുകയും ദേശീയഗാനാലാപനം നടത്തുകയും ചെയ്തു.

രാജ്യത്തെ ജനങ്ങളെയും റിപ്പബ്ലിക്കിനെയും രക്ഷിക്കാനുള്ള യാത്രയാണ് ജൻ ഗൺ മൻ യാത്ര നടത്തിയതെന്ന് റാലിയെ അഭിസംബോധന ചെയ്ത് കനയ്യകുമാർ പറഞ്ഞു. ‘ജന ഗണ മന യാത്ര’ ആരെയും നേതാവാക്കാനല്ല ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഹാത്മാഗാന്ധിയുമായി ചേർന്നുപോകുമോ അതോ ഗോഡ്സെയുടെ കൂടെയാണോ എന്ന് രാജ്യം ഇപ്പോൾ തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വത്തെയല്ലാതെ മതത്തിന്റെ രാഷ്ട്രീയത്തെ ഇന്ത്യ അനുവദിക്കില്ലെന്ന് കനയ്യ പ്രഖ്യാപിച്ചു.

ദേശീയപതാകയിലെ ത്രിവർണ്ണ നിറം സംരക്ഷിക്കാൻ പുതിയ സ്വാതന്ത്ര്യസമരം നയിക്കേണ്ട സാഹചര്യമാണെന്ന് മേധാപട്കർ പറഞ്ഞു. ഡൽഹിയിലെ സിംഹാസനങ്ങൾ ഇളക്കിയെറിയാനുള്ള പോരാട്ടം ബിഹാറിൽ നിന്ന് ആരംഭിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ജനങ്ങളെ ഭിന്നിപ്പിച്ചായാലും അധികാരം നിലനിർത്തണമെന്ന ദുരാഗ്രഹം മാത്രമാണ് ഡൽഹിയിൽ അധികാരത്തിലിരിക്കുന്നവർക്കുള്ളതെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു. രാജ്യത്തിനായി ഒരു നീണ്ട യുദ്ധത്തിന്റെ ആവശ്യകതയുണ്ടായിരിക്കുന്നുവെന്ന് രാഷ്ട്രപിതാവിന്റെ ചെറുമകനായ തുഷാർ ഗാന്ധി പറഞ്ഞു. നാം രണ്ടാം സ്വാതന്ത്ര്യയുദ്ധത്തിലാണ് പോരാടുന്നതെന്ന് ഓർമ്മവേണമെന്നും അദ്ദേഹം പറഞ്ഞു.

പട്നയിലെ ഗാന്ധി മൈതാനിയിൽ ഇതിന് മുമ്പ് നടന്നതെല്ലാം എത്രത്തോളം ചെറുതായിരുന്നുവെന്ന് അറിയണമെങ്കിൽ ഫെബ്രുവരി 27 ന് നടന്ന ജൻ ഗൺ മൻ യാത്രയുടെ സമാപനറാലി കണ്ടിരിക്കണമെന്ന് റാലിയുടെ സംഘാടനത്തിന് നേതൃത്വം നല്കിയ സിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായൺ സിങ് പറഞ്ഞു. ഇതു പരാജയപ്പെടുത്താൻ സംഘപരിവാർ പിന്തുണയോടെ നിതീഷ് സർക്കാർ ആകാവുന്നതെല്ലാം ചെയ്തു. എന്നിട്ടും ഇത്രയധികം ജനങ്ങൾ ഒത്തുകൂടിയെന്നത് തങ്ങൾക്കുള്ള പാഠമാണെന്ന് മനസിലാക്കുവാൻ അധികാരികൾക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30‑ന് ചമ്പാരൻ ജില്ലയുടെ തലസ്ഥാനമായ ബേട്ടിയയിലെ ബിധ്ദ്വാ ഗാന്ധി ആശ്രമത്തിൽ നിന്നാണ് കനയ്യകുമാറിന്റെ നേതൃത്വത്തിലുള്ള ജൻ ഗൺ മൻ യാത്ര ആരംഭിച്ചത്. 35 ജില്ലകളിലൂടെ 4,000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് യാത്ര പട്നയിൽ സമാപിച്ചത്. ചെറുതും വലുതുമായ 50ലധികം പൊതുസമ്മേളനങ്ങളാണ് യാത്രയുടെ സ്വീകരണത്തിനായി സംഘടിപ്പിക്കപ്പെട്ടത്. 30,000 മുതൽ ഒന്നര ലക്ഷം വരെ ബഹുജനങ്ങൾ ഈ സ്വീകരണങ്ങളിൽ പങ്കെടുത്തുവെന്നാണ് കണക്ക്. നൂറുകണക്കിന് ബഹുജനസംഘടനകൾ പിന്തുണച്ചിരുന്നുവെങ്കിലും സിപിഐയുടെ നേതൃത്വത്തിലായിരുന്നു എല്ലായിടങ്ങളിലും ബഹുജനറാലികൾ സംഘടിപ്പിച്ചത്. ഇപ്റ്റയുടെ സാംസ്കാരിക വിഭാഗമാണ് യാത്രയിലുടനീളം കലാപരിപാടികൾ ഒരുക്കിയത്.

Eng­lish Sum­ma­ry; The cul­mi­na­tion of the Jung Gun Man Yatra

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.