Web Desk

തൃശൂർ

February 11, 2020, 10:09 pm

സാംസ്കാരിക തലസ്ഥാനം കാത്തിരിക്കുന്നു, വിപ്ലവ സൂര്യന് സ്മാരകമൊരുക്കാൻ

Janayugom Online

കേരളീയ നവോത്ഥാനത്തിൽ വിപ്ലവാത്മകമായ ചലനങ്ങൾക്ക് നേതൃത്വം വഹിച്ച വി ടി ഭട്ടതിരിപ്പാടിന് സാംസ്കാരിക നഗരിയിൽ സ്മാരകം എന്നത് കടലാസിലൊതുങ്ങുന്നു. സ്മാരക നിർമ്മാണത്തിനായി സ്ഥലമുണ്ടായിട്ടും നിർമ്മാണം എങ്ങുമെത്താതെ കിടക്കുകയാണ്. കണിമംഗലത്തുണ്ടായിരുന്ന സ്മാരക മന്ദിരവും തകർന്നടിഞ്ഞു കിടക്കുകയാണ്.

സർക്കാരോ നഗരസഭയോ ഏറ്റെടുത്ത് സ്മാരകം പൂർത്തിയാക്കണമെന്നാണ് സാംസ്കാരിക പ്രവർത്തകരുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും ആഗ്രഹം. കണിമംഗലം സ്വദേശി കെ കെ നാരായണൻ തന്റെ വീടും പറമ്പും സമ്പാദ്യവും വി ടി സ്മാരക ട്രസ്റ്റിന് പ്രമാണം ചെയ്ത് നൽകിയത് 2008 ലായിരുന്നു. പതിനേഴ് അംഗങ്ങളുണ്ടായിരുന്ന ട്രസ്റ്റിന്റെ ചെയർമാൻ എ വി ജോസും സെക്രട്ടറി സിബിഎസ് മണിയുമായിരുന്നു. ട്രസ്റ്റ് അംഗങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസം കണ്ട് മനംമടുത്ത നാരായണൻ നേരത്തെ രജിസ്റ്റർ ചെയ്ത വിൽപ്പത്രം റദ്ദാക്കി. ട്രസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നടപ്പാക്കുന്നതിന് വേണ്ടി സ്ഥലവും കെട്ടിടവും ബാങ്ക് നിക്ഷേപവും സെക്രട്ടറി സി ബിഎസ് മണിക്ക് മാത്രമായി നൽകിക്കൊണ്ട് 2011 ൽ പുതിയ വിൽപ്പത്രം രജിസ്റ്റർ ചെയ്തു.

2013ൽ നാരായണൻ അസ്വാഭാവികമായി മരണമടയുന്നതോടെയാണ് പുതിയ വിൽപ്പത്രത്തിന്റെ കാര്യം ട്രസ്റ്റ് അംഗങ്ങളറിയുന്നത്. 2016 ൽ ട്രസ്റ്റ് ചെയർമാനായിരുന്ന എ വി ജോസും പിന്നീട് മറ്റ് രണ്ടംഗങ്ങളും മരണപ്പെട്ടു. എന്നാൽ ട്രസ്റ്റ് അംഗങ്ങളുടെ യോഗം വിളിക്കാനോ പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനോ സിബിഎസ് മണി മുൻകൈ എടുക്കുന്നില്ല എന്ന ആക്ഷേപമാണുയരുന്നത്. ട്രസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനുവേണ്ടി മാത്രമാണ് മണിക്ക് സ്ഥലവും കെട്ടിടവും സമ്പാദ്യവും രജിസ്റ്റർ ചെയ്ത് നൽകിയിരിക്കുന്നതെന്നും അത് ചെയ്യാതിരിക്കുന്ന മണിക്കെതിരെ നിയമനടപടി ആലോചിക്കുന്നതായും ട്രസ്റ്റ് അംഗമായ അഡ്വ. കെ ഡി ഉഷ പറഞ്ഞു. സ്വന്തമായി കെട്ടിടമുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ സാഹിത്യ അക്കാദമിക്കോ, തൃശൂർ കോർപ്പറേഷനോ സംഭാവന ചെയ്യണമെന്നാണ് ഉയരുന്ന വേറൊരു നിർദ്ദേശം.

സാംസ്കാരിക തലസ്ഥാനത്ത് വി ടിയുടെ പേരിൽ സ്മാരകം ഉയർന്നുകാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് വി ടിയുടെ മകൻ വി ടി വാസുദേവനും പറഞ്ഞു. അതേസമയം സംസ്ഥാന സാംസ്കാരിക വകുപ്പിന്റെയും വി ടി ട്രസ്റ്റിന്റെയും നേതൃത്വത്തിൽ വി ടി യുടെ മാതൃഗൃഹമായ കിടങ്ങൂരിലെ കവലക്കാട് ശിവക്ഷേത്രത്തോടുചേർന്ന കൈപ്പിള്ളിമനക്ക് സമീപം പണികഴിപ്പിച്ച സ്മാരകം 2017 നവംബറിൽ നാടിന് സമർപ്പിച്ചു. കിടങ്ങൂരിലെ കവലക്കാട് ശിവക്ഷേത്രത്തോടുചേർന്ന കൈപ്പിള്ളിമനയിൽ 1896ലായിരുന്നു വി ടി ഭട്ടതിരിപ്പാടിന്റെ ജനനം. രണ്ടാം തലമുറയിലെ എൻ എൻ ഭട്ടതിരിപ്പാട് തറവാട്ടുപറമ്പിന് വടക്കുവശത്ത് സൗജന്യമായി നൽകിയ സ്ഥലത്താണ് സാംസ്കാരികവകുപ്പ് നൽകിയ അഞ്ചുലക്ഷവും ട്രസ്റ്റ് കണ്ടെത്തിയ 10 ലക്ഷം രൂപയും ചെലവഴിച്ച് സ്മാരകം ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയത്.