കൃഷിയുടെ സംസ്‌കാരം വിളംബരം ചെയ്ത് വൈഗ 2018

Web Desk
Posted on December 28, 2018, 9:36 pm

തൃശൂര്‍: മൂല്യവര്‍ദ്ധിതവസ്തുക്കളുടെ വിപണന സാധ്യതകള്‍ കര്‍ഷകരിലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന മൂന്നാമത് കാര്‍ഷിക ഉന്നതി മേള വൈഗ 2018 വൈവിധ്യങ്ങളുടെ വര്‍ണക്കാഴ്ചയാകുന്നു. നാളികേരം, ചക്ക, വാഴപ്പഴം, തേന്‍, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, വിവിധയിനം പൂക്കള്‍ തുടങ്ങി ഒരു വലിയ കലവറയാണ് വൈഗ കാര്‍ഷിക മേള ഒരുക്കിയിരിക്കുന്നത്. നാളികേരമാണ് മേളയിലെ പ്രധാന ഘടകം.
ഉല്‍പന്നനിര്‍മാണം, കാര്‍ഷിക യന്ത്രസമഗ്രികള്‍, വിപണന മാര്‍ഗങ്ങള്‍, പാക്കേജിങ്, ലൈസന്‍സിങ്, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് പകരാന്‍ ഉപകരിക്കുന്നതാണ് വൈഗ.

വൈവിധ്യമാര്‍ന്ന സ്റ്റാളുകളാണ് വൈഗയിലെ പ്രധാന ആകര്‍ഷണം. ആയിരക്കണക്കിനാളുകള്‍ നിത്യേനയെത്തുന്ന പ്രദര്‍ശന സ്റ്റാളുകളും സജീവമാണ്. കേരളത്തിലെ വിവിധ ജില്ലകള്‍, പഞ്ചായത്തുകള്‍, കുടുംബശ്രീ, സുഗന്ധവ്യഞ്ജന വികസന കോര്‍പ്പറേഷന്‍, വിവിധ വകുപ്പുകള്‍, ആത്മ, വിവിധ കാര്ഷികോത്പന്ന കമ്പനികള്‍ എന്നിവയുടെ സ്റ്റാളുകള്‍ കൂടാതെ പഞ്ചാബ്, സിക്കിം, ഗുജറാത്ത്, ജമ്മു കാശ്മീര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പനങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഉണ്ട്. ഓരോയിനം പച്ചക്കറിക്കളുടെയും പഴങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിവിധയിനങ്ങള്‍ മേളയിലെ പ്രധാന ഘടകമായി. എലിവാലന്‍ കാച്ചില്‍ മുതല്‍ ആഫ്രിക്കന്‍ കാച്ചില്‍ വരെ, അടുക്കന്‍ അരി മുതല്‍ വലിച്ചൂരി അരി വരെ, വട്ടവട വെളുത്തുള്ളി, വയലറ്റ് ഫാഷന്‍ ഫ്രൂട്ട്, 137 കിലോ ഭാരം വരുന്ന ഭീമന്‍ കപ്പ, ആന്റമാന്‍ ചൂരല്‍ ചെടി, പെരിയകുളം ചേന മുതല്‍ കാട്ടുചേന വരെ, കരിമ്പ് പള്‍പ്പ് കൊണ്ട് തീര്‍ത്ത പാത്രങ്ങള്‍, വിവിധങ്ങളായ മണ്ണിനങ്ങള്‍, മാങ്ങ പഴുപ്പിക്കുന്നതിനുള്ള യന്ത്രം തുടങ്ങി വ്യത്യസ്തമായ കാര്‍ഷിക ഉപകരണങ്ങള്‍, ജൈവ കീടനാശിനികള്‍, കരകൗശലവസ്തുക്കള്‍ എന്നിവയാണ് പ്രധാന സ്റ്റാളുകള്‍.

ഭക്ഷ്യസുരക്ഷയ്ക്ക് പൈതൃക വിത്തുകള്‍ കര്‍ഷക സമൂഹത്തില്‍ വ്യാപകമാക്കുകയാണ് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള (വി എഫ് പി സി കെ). ചില ജില്ലകളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഇനങ്ങളായ ആനക്കൊമ്പന്‍ വെണ്ട, പട്ടുചീര, വെണ്ടേരി വഴുതന, നാടന്‍ പൊട്ടുവെള്ളരി, തലക്കളത്തൂര്‍ കക്കിരി, കോടാലി മുളക് എന്നിവയാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തിക്കുന്നത്. കോഴിക്കോട്ടെ സുഗന്ധവിള ഗവേഷണ കേന്ദ്രം ഒരുക്കിയ പ്രദര്‍ശന വേദി കര്‍ഷകര്‍ക്ക് പുത്തനറിവും പ്രതീക്ഷകളും നല്‍കുന്നതാണ് ഐഐഎസ്ആര്‍ വികസിപ്പിച്ചെടുത്ത വിവിധ ഇനങ്ങളിലുള്ള ഇഞ്ചി മഞ്ഞള്‍ കുരുമുളക് എന്നിവയാണ് പ്രദര്ശനത്തിലുള്ളത്. മഞ്ഞളിന്റെ 30 ഇനങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.
കേരളത്തിലെ സുഗന്ധവ്യജ്ഞന വിളകളുടെ മൂല്യവര്‍ദ്ധന സാധ്യതകള്‍ നിസ്സീമമാണെന്ന്  സെമിനാര്‍ വിലയിരുത്തി.

സുഗന്ധവ്യജ്ഞനങ്ങളുടെ ഔഷധ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തി, മരുന്നുകള്‍ വികസിപ്പിച്ചെടുക്കുന്ന ഗവേഷണരീതികള്‍ കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. അനീസ് കെ പരിചയപ്പെടുത്തി. സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച ജൈവ അജൈവ വളങ്ങളുടെ ക്യാപ്‌സൂളുകള്‍ സെമിനാറില്‍ പ്രദര്‍ശിപ്പിച്ചു.
വൈഗയുടെ രണ്ടാംദിനം നാളികേര മേഖലയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട സെമിനാറായിരുന്നു. നാളികേരോത്പന്നങ്ങളുടെ സംരംഭങ്ങളില്‍ സഹകരണ ബാങ്കുകളെ കണ്ണികളാക്കണമെന്നും കേരവൃക്ഷത്തിന്റെ ഭാവി നാളികേരത്തിന്റെ ഉപഉല്‍പന്നങ്ങളുടെയും മൂല്യവര്‍ദ്ധനവിനെയും ആശ്രയിച്ചിരിക്കുമെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ടിഷ്യു കള്‍ച്ചര്‍ പോലുള്ള ശാസ്ത്ര സാങ്കേതിക പരിചരണത്തിലൂടെ തെങ്ങുകൃഷി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കും. കൃത്യമായി തൈകള്‍ നട്ട് കുടുംബശ്രീകള്‍ വഴി ഭൂമി പാട്ടത്തിനെടുത്ത് ഇടവിള കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ രാജന്‍ എം എല്‍ എ, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ചന്ദ്രബാബു, കാസര്‍കോഡ് സി പി സി ആര്‍ ഐ ഡയറക്ടര്‍ ഡോ. പി ചൗഡപ്പ തുടങ്ങിയവര്‍ പങ്കെടുത്തു.

മേളയുടെ മൂന്നാം ദിവസമായ നാളെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കര്‍ഷകദിനാഘോഷം മാറ്റിവെച്ചതിനാല്‍ മാറ്റിയ കര്‍ഷക അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്യും.