26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 26, 2025
March 26, 2025
March 24, 2025
March 23, 2025
March 21, 2025
March 21, 2025
March 20, 2025
March 19, 2025
March 19, 2025

കേരളത്തിലെ ദിവസക്കൂലി ദേശീയ ശരാശരിയെക്കാള്‍ ഇരട്ടി

ആര്‍ സുമേഷ്
തിരുവനന്തപുരം
February 8, 2025 9:52 pm

സംസ്ഥാനത്തെ കാർഷികേതര മേഖലയിലെ പ്രതിദിന വേതനം ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിയമസഭയില്‍ വച്ച സാമ്പത്തിക സര്‍വേ. 735 രൂപയാണ് കേരളത്തിലെ പ്രതിദിന കൂലി. ദേശീയ ശരാശരി 371.4 രൂപയും. മുൻവർഷം 696 രൂപയായിരുന്നു കേരളത്തിലെ കൂലി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്. 538 രൂപ പ്രതിദിന വരുമാനമുള്ള ജമ്മു കശ്മീര്‍ രണ്ടാമതാണ്. 2016 — 17ൽ 615 രൂപയായിരുന്നു കേരളത്തിലെ ദിവസവരുമാനം. വർഷങ്ങൾക്കിപ്പുറം കൂലിക്കാര്യത്തിൽ രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനത്തിന് പോലും ഈ നില കൈവരിക്കാനായിട്ടില്ലെന്നത് കേരളത്തിലെ ഉയർന്ന ജീവിത നിലവാരമാണ് വ്യക്തമാക്കുന്നത്.

കാർഷിക മേഖലയിലെ പ്രതിദിന വരുമാനം കേരളത്തിൽ 807 രൂപയാണ്. കഴിഞ്ഞവർഷം 764.3 രൂപയായിരുന്നു. തൊട്ടു താഴെയുള്ള ജമ്മു കശ്മീരിൽ 566 രൂപയാണ്. അതേസമയം, കേരളത്തിലെ സംഘടിത മേഖലയിലെ തൊഴിൽ വര്‍ധനയില്‍ നേരിയ വളര്‍ച്ച മാത്രമാണുള്ളതെന്ന് സ‍ര്‍വേ പറയുന്നു. 2014ലെ 11.3 ലക്ഷത്തിൽ നിന്ന് 10 വർഷത്തിന് ശേഷം 12.6 ലക്ഷമാണ് ആയത്. 2024ൽ സംഘടിത മേഖലയിൽ ജോലിചെയ്യുന്ന 12.6 ലക്ഷം പേരിൽ 5.6 ലക്ഷം പേരും പൊതുമേഖലയിലാണ്. ഏഴ് ലക്ഷംപേർ സ്വകാര്യ മേഖലയിലും.

കാർഷിക വായ്പ കൂടുന്നു

സംസ്ഥാനത്തെ കാർഷിക വായ്പയിൽ വലിയ വർധനയുണ്ടെന്നും സാമ്പത്തിക സ‍ര്‍വേ പറയുന്നു. 2022 — 23ൽ 1.19 ലക്ഷം കോടിയായിരുന്നു കാർഷിക വായ്പയെങ്കിൽ 2023 — 24ൽ ഇത് 1.38 ലക്ഷം കോടിയായാണ് വർധിച്ചത്. ഇതിൽ 1.04 ലക്ഷം കോടിയും പൊതുമേഖല ബാങ്കുകളാണ് നൽകിയത്. സ്വകാര്യമേഖലയുടെയും വാണിജ്യ ബാങ്കുകളുടെയും വിഹിതം 11,000 കോടിയും സഹകരണ ബാങ്കുകളുടേത് 18,000 കോടിയുമാണ്. 2021 മാർച്ച് മുതലുള്ള കണക്കുകൾ പ്രകാരം കാർഷിക വായ്പകൾ വർധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പാൽ ഉൽപാദനം കുറഞ്ഞു.

അതേസമയം മാംസത്തിന്റെ ഉല്പാദനം വർധിക്കുകയും ചെയ്തു. 2022–23 സാമ്പത്തിക വർഷം 230 ലക്ഷം മെട്രിക് ടൺ പാലാണ് കേരളം ഉൽപാദിപ്പിച്ചത്. എന്നാൽ, 2023–24 ൽ ഇത് 220 മെട്രിക് ടണ്ണായി കുറഞ്ഞു. 2022–23 വർഷം 180 ലക്ഷം മെട്രിക് ടണ്ണായിരുന്നു കേരളത്തിൽ മാംസ ഉല്പാദനമെങ്കിൽ ഈ വർഷം 190 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു. ഇതിൽ 43 ശതമാനവും പോത്തിറച്ചിയാണ്. 41 ശതമാനം കോഴിയിറച്ചിയും ഒരു ശതമാനം ആട്ടിറച്ചിയും നാല് ശതമാനം പന്നിയിറച്ചിയും 11 ശതമാനം മറ്റ് കന്നുകാലിയിനങ്ങളുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.